പയ്യന്നൂര്‍: വീണ്ടും സംഘടിതമായി തെരുവില്‍ ഇറങ്ങി പ്രതിഷേധവുമായി അതിഥി തൊഴിലാളികള്‍. കണ്ണൂരിലും കൂത്താട്ടുകുളത്തുമാണ് ഇവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. നാട്ടിലേക്ക് പോകണമെന്ന ആവശ്യവുമായാണ് തൊഴിലാളികള്‍ തെരുവിലിറങ്ങിയത്. പയ്യന്നൂരിലെ പ്രതിഷേധം ചില വ്യക്തികള്‍ ആസൂത്രണം ചെയ്തതാണെന്നും പോലീസ് പറയുന്നുണ്ട്.
തെരുവിലിറങ്ങി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയാല്‍ മാത്രമേ നാടുകളിലേക്ക് കൊണ്ടുപോവുകയുള്ളൂ എന്ന് ഇവരെ ആരോ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു. കായിനേരി ഉള്‍പ്പടെയുളള മൂന്ന് കേന്ദ്രങ്ങളിലേക്ക് ഈ വിവരമെത്തുകയും അതിന്റെ അടിസ്ഥാനത്തില്‍ തൊഴിലാളികള്‍ പ്രതിഷേധം നടത്തുകയുമായിരുന്നു.
നാട്ടുകാര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി ഇവരെ പിന്തിരിപ്പിക്കുകയും ക്യാംപുകളിലേക്ക് മടക്കി അയയ്ക്കുകയും ചെയ്യുകയായിരുന്നു. ഇവര്‍ക്ക് ആരാണ് ഫോണ്‍ ചെയ്തത് എന്ന കാര്യത്തില്‍ പോലീസ് അന്വേഷണം നടത്തി വരികയാണ്. ഇതില്‍ രണ്ടുപേരുടെ ഫോണ്‍ നമ്പറുകള്‍ പോലീസിന്റെ കൈവശമുണ്ട്. ഇവരെ കസ്റ്റഡിയില്‍ എടുക്കുന്നതിനുള്ള ശ്രമവും നടക്കുന്നുണ്ട്.
ഏതാണ്ട് 500 ഓളം തൊഴിലാളികളാണ് കൂത്താട്ടുകുളത്ത് പ്രതിഷേധിച്ചത്. സ്വദേശത്തയ്ക്ക് മടങ്ങിപ്പോകാന്‍ സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ എംസി റോഡിയില്‍ കൂത്താട്ടുകുളം പട്ടണം ഉപരോധിച്ചു. രാവിലെ എട്ടുമണിയോടെയാണ് ഇവര്‍ ഉപരോധം ആരംഭിച്ചത്. മൂവാറ്റുവപുഴ പെരുമ്പാവൂര്‍ എന്നിവിടങ്ങളിലെ തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ സര്‍ക്കാര്‍ ട്രെയിന്‍ ഏര്‍പ്പെടുത്തി എന്നാല്‍ കൂത്താട്ടുകുളത്തുള്ളവര്‍ക്ക് സൗകര്യമൊരുക്കിയില്ലെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. പിന്തിരിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലം കാണാതിരുന്നതിനാല്‍ പോലീസിന് ലാത്തി വീശേണ്ടതായി വന്നു.