അടൂർ: ജോലി സ്വപ്‌നവുമായി ചെന്നൈയിലേക്ക് വണ്ടി കയറിയ അടൂരിലെ ഈ യുവാവിനെ കാത്തിരുന്നത് ലോക്ക് ഡൗണും ദുരിതങ്ങളും മാത്രം. ഒടുവിൽ എല്ലാ കഷ്ടതകളും സഹിച്ച് സൈക്കിളിൽ കിലോമീറ്ററുകൾ ചവിട്ടി വീട്ടിലെത്തിയിരിക്കുകയാണ് അടൂർ പെരിങ്ങനാട് മുളമുക്ക് ഷാരോൺവില്ലയിൽ അനീഷ് ഷാജൻ.
ചെന്നൈയിലെ ഒരു അക്കൗണ്ട്‌സ് സ്ഥാപനത്തിൽ നിന്ന് നിയമന ഉത്തരവ് വന്നെങ്കിലും ലോക്ക്ഡൗൺ മൂലം നിയമനം വൈകിയതോടെ ജോലിയിൽ പ്രവേശിക്കാനായില്ല. മാത്രമല്ല, ലോക്ക്്ഡൗൺ തീരും വരെ അവിടെ തങ്ങാൻ പറ്റാതെ വന്നതോടെയാണ് 150 കിലോമീറ്റർ സൈക്കിൾ ചവിട്ടിയും ആന്റോ ആന്റണി എംപിയുടെയും പോലീസുകാരുടെയും കരുണയിൽ പാസും വാഹനങ്ങളും തരപ്പെടുത്തി 632 കിലോമീറ്റർ താണ്ടി അനീഷ് വീടണഞ്ഞത്.
അഭിമുഖത്തിനായി മാർച്ച് 2നാണ് അനീഷ് ചെന്നൈയിലേക്ക് പോയത്. 3നും 4നുമായിരുന്നു കൂടിക്കാഴ്ച. ഇതിൽ വിജയിക്കുകയും 23ന് ജോലിക്കായി ഹാജരാകാൻ നിർദേശം ലഭിക്കുകയും ചെയ്തിരുന്നു. ചെന്നൈയിലുള്ള സഹോദരൻ എബീഷിന്റെ കൂടെ താമസിച്ച് ജോലിക്കു പോകാനായിരുന്നു തീരുമാനം. ഇതിനിടയിലാണ് 24 മുതൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ഇതിനിടെയിൽ വിളിക്കുമ്പോൾ ജോലിക്ക് എത്തിയാൽ മതിയെന്ന് സ്ഥാപനത്തിൽ നിന്ന് അറിയിപ്പും എത്തി. സഹോദരൻ എബീഷിന്റെ ജോലിയും ഇല്ലാതായതോടെ പ്രതിസന്ധിയിലുമായി. ഗതാഗതം പൂർണ്ണമായും നിരോധിച്ചതിനാൽ നാട്ടിലേക്കും മടങ്ങാനായില്ല.
നിരോധനം നീണ്ടു പോകുന്നതിനിടെ അവിടെ തങ്ങുന്നതിനും പ്രയാസം നേരിട്ടു. ഒരു വിധം പിടിച്ച് നിന്ന് മെയ് വരെ എത്തിയപ്പോഴാണ് യാത്രാ ഇളവുകൾ വന്നത്. ഇതിനിടയിൽ അവിടെ നിന്ന് ഒരാൾ സൈക്കിളിൽ സ്വന്തം നാട്ടിലേക്ക് പോയ കഥ കേട്ടതോടെ പ്രചോദനം ഉൾക്കൊണ്ട് അനീഷും ആ വഴി തന്നെ തെരഞ്ഞെടുത്തു.
അങ്ങനെ ഒഎൽഎക്‌സ് വഴി സംഘടിപ്പിച്ച സൈക്കിളുമായി ഗൂഗിൾ മാപ്പു നോക്കി കഴിഞ്ഞ 4ന് രാവിലെ നാട്ടിലേക്ക് യാത്ര തിരിക്കുകയായിരുന്നു. ഏകദേശം 120 കിലോമീറ്റർ താണ്ടി വൈകിട്ട് 3.30ന് പോലീസ് പരിശോധനയുള്ള സ്ഥലത്തെത്തി. അവിടെയുണ്ടായിരുന്ന പോലീസുകാരുടെ സഹായത്താൽ ഒരു ലോറിയിൽക്കയറി സൈക്കിൾ അതിൽ കയറ്റി മധുരയിലെത്തി.
വീണ്ടും 2 കിലോമീറ്റർ സൈക്കിളിൽ പോകവെ ഒരു ലോറിക്ക് കൈകാണിച്ച് അതിൽ കയറി തേനിയിൽ എത്തി. വനിതാ പോലീസ് സഹായിച്ച് മിനി ലോറിയിൽ കമ്പത്ത് ഇറങ്ങി. വീണ്ടും 20 കിലോമീറ്ററിലേറെ ദൂരം സൈക്കിളിൽ കുമുളിയിൽ വന്നു. സംസ്ഥാനാതിർത്തിയായതിനാൽ കേരളത്തിലേക്ക് കടക്കണമെങ്കിൽ പാസ് വേണം. എന്നാൽ നേരത്തെ ഓൺലൈനിൽ പാസിനായി ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഈ ദുരിത കഥ നാട്ടിലുള്ള പള്ളിക്കൽ പഞ്ചായത്ത് അംഗം ജോളി സെനൻ വഴി ആന്റോ ആന്റണി എംപി അറിഞ്ഞു. എംപിയാണ് കുമളിയിൽ നിന്ന് പാസും നാട്ടിലെത്താൻ ജീപ്പും ലഭ്യമാക്കി കൊടുത്തത്. ഒടുവിൽ ദുരിതങ്ങൾ ചവിട്ടിക്കടന്ന് ചൊവ്വാഴ്ച രാത്രി അനീഷ് വീട്ടിലെത്തുകയായിരുന്നു.
Discussion about this post