തൃശ്ശൂര്‍: ഉള്ളുനുറുങ്ങുന്ന വേദനയ്‌ക്കൊടുവിലാണ് ഓരോ കുഞ്ഞ് ജീവനും ഭൂമിയിലേക്കെത്തുന്നത്. നൊന്തുപ്രസവിച്ച കുഞ്ഞുമുഖം ആ വേദനകളെ മായ്ക്കുന്നു. എന്നാല്‍ നമ്മള്‍ ഏറെ പുരോഗമിച്ചെന്നുപറഞ്ഞാലും ചിലകാര്യങ്ങളില്‍ മനുഷ്യനിപ്പോഴും പുരാതനകാലത്തിലാണ്. അതിലൊന്നാണ് പ്രസവവും സിസേറിയനും. വേദന അനുഭവിച്ച് പ്രസവിച്ചാല്‍ മാത്രമേ കുഞ്ഞിനോട് സ്‌നേഹവും അടുപ്പവും കൂടുകയുള്ളൂ എന്ന ധാരണ ഈ ആധുനികകാലത്തും ശക്തമായി നില്‍ക്കുന്നു. അതേസമയം, രണ്ടും വേദനനിറഞ്ഞതാണെന്ന് പലപ്പോഴും മറന്നാണ് തെറ്റിദ്ധാരണകളെ വച്ചുപുലര്‍ത്തുന്നത്.
കൊടിയവേദന അനുഭവിച്ചാലും ശസ്ത്രക്രിയ വേണ്ട എന്ന നിലപാട് പലരും എടുക്കാറുണ്ട്. ഇത്തരം ഒരു നിലപാടിന്റെ പരിണിതഫലം അനുഭവിക്കേണ്ടി വരുന്ന അമ്മമാരുമുണ്ട്‌വിടെ. അത്തരം ഒരു അമ്മയുടെ കരളുരുകുന്ന കഥ പങ്കുവയ്ക്കുകയാണ് സനിത മനോഹര്‍ എന്ന മാധ്യമപ്രവര്‍ത്തക.
മണിക്കൂറുകള്‍ പ്രസവവേദനയില്‍ പുളഞ്ഞിട്ടും പ്രസവശസ്ത്രക്രിയക്ക് ഭര്‍ത്താവ് സമ്മതിക്കാതിരുന്നതിനെ തുടര്‍ന്ന് അഞ്ച് വര്‍ഷം കാത്തിരുന്നുണ്ടായ കണ്‍മണിയോട് പോലും അകല്‍ച്ച തോന്നിപ്പോയ ഒരമ്മുടെ ദയനീയതയെകുറിച്ചാണ് സനിത പറയുന്നത്.
വേദനിച്ചു വേദനിച്ചു അവസാനം കുഞ്ഞിന് ജന്മം നല്‍കിയപ്പോള്‍ അവള്‍ ആഗ്രഹിച്ചത് അഞ്ചു വര്‍ഷം കാത്തിരുന്ന കണ്‍മണിയെ കാണാനല്ല. അവളുടെ കണ്ണുകള്‍ എന്നന്നേയ്ക്കുമായി അടഞ്ഞു പോവണേ എന്നായിരുന്നു.
ചിലര്‍ വളരെ നിഷ്‌കളങ്കരായി ചോദിയ്ക്കും എന്ത് സ്വാതന്ത്ര്യമാണ് പെണ്ണുങ്ങള്‍ക്ക് വേണ്ടതെന്ന്. ഇതാ ഇതുപോലെ ഇനിയും സ്വാതന്ത്ര്യത്തിനു കടന്നു ചെല്ലാന്‍ പറ്റിയിട്ടില്ലാത്ത ഒരുപാട് ഇടങ്ങളുണ്ട് അവളുടെ ജീവിതത്തില്‍ ആ അസ്വാതന്ത്ര്യങ്ങളെക്കുറിച്ച് ധീരമായി ഈ കുറിപ്പ് പറയുന്നു.
”
ഞാന്‍ ചെല്ലുമ്പോള്‍ അവളും കുഞ്ഞും ഉറങ്ങുകയായിരുന്നു. പ്രസവിച്ച ഉടനെ അമ്മയെയും കുഞ്ഞിനേയും കാണാന്‍ പോവുന്ന ആചാരം ഞാന്‍ നിര്‍ത്തിയത് അമ്മയായ ശേഷമാണ്. അപ്പോഴാണല്ലോ മനസ്സിലായത് കാഴ്ച്ചക്കാര്‍ അമ്മയ്ക്കും കുഞ്ഞിനും ആഹ്‌ളാദമല്ല ബുദ്ധിമുട്ടാണെന്ന്. ഇത് പക്ഷെ അവള്‍ വിളിച്ചതാണ്.അരികില്‍ ചെന്ന് തൊട്ടപ്പോള്‍ അവള്‍ കണ്ണ് തുറന്നു. ഇതാ അഞ്ചു വര്‍ഷം കാത്തിരുന്നുണ്ടായ എന്റെ കണ്മണി എന്നവള്‍ പറയുമെന്ന പ്രതീക്ഷ തെറ്റിച്ച് എന്റെ കൈ പിടിച്ച് അടുത്തിരുത്തി അവള്‍ ചോദിച്ചത് എനിക്കൊരു ജോലി കിട്ടുമോ എന്നാണ്. ഇപ്പോഴോ എന്ന് ഞാന്‍.അല്ല മൂന്ന് മാസം കഴിയുമ്പോള്‍.എഞ്ചിനീയറിംഗ് കഴിഞ്ഞു ഇത്രയും കാലം വെറുതെ ഇരുന്ന ഇവള്‍ക്കെന്താ ഇപ്പോള്‍ ഇങ്ങനെ എന്ന എന്റെ ഭാവം കണ്ടിട്ടാവാം അവള്‍ തുടര്‍ന്നു.അയാള്‍ക്കൊപ്പം ഞാനിനി പോവുന്നില്ല.അയാളെന്നു അവള്‍ പറഞ്ഞത് ഏട്ടന്‍ എന്ന് വിളിച്ചു കൊണ്ടിരുന്ന ഭര്‍ത്താവിനെയാണ്.അവളുടെ മാനസിക നിലയ്ക്ക് എന്തേലും പറ്റിയോ എന്ന സംശയത്തില്‍ ഞാനവളുടെ കൈകള്‍ മുറുകെ ചേര്‍ത്ത് പിടിച്ചു.കണ്ണുകള്‍ നിറഞ്ഞൊഴുകി.ഇടറിയ ശബ്ദത്തില്‍ വാക്കുകളും. ഗര്‍ഭിണി ആയതുമുതല്‍ അവള്‍ക്കു നടുവേദന ഉണ്ടായിരുന്നു.പ്രസവം അടുക്കാറായപ്പോള്‍ അത് വല്ലാതെ കൂടി.പ്രസവ വേദന വന്നപ്പോള്‍ നടുവേദനയും കൂടി.അഞ്ചു മണിക്കൂര്‍ വേദന കൊണ്ട് പിടഞ്ഞു. അവളുടെ പിടച്ചില്‍ കണ്ടു നില്‍ക്കാനാവാതെ ഡോക്ടര്‍ ഇടയ്ക്കിടെ വന്നു സിസേറിയന്‍ നോക്കാമെന്നു പറഞ്ഞെങ്കിലും ഭര്‍ത്താവിന് നിര്‍ബന്ധം നോര്‍മല്‍ ഡെലിവറി വേണമെന്ന്.(സുഖ പ്രസവമെന്ന പ്രയോഗം ഒഴിവാക്കുന്നു.അത്ര സുഖമല്ല പ്രസവം എന്ന് അനുഭവസ്ഥര്‍ പറഞ്ഞിട്ടുണ്ട്.) സിസേറിയന്‍ ദൈവഹിതത്തിനു എതിരാണത്രെ. അവള്‍ കരഞ്ഞു പറഞ്ഞിട്ടും അയാള്‍ കേട്ടില്ല. വേദനിച്ചു വേദനിച്ചു അവസാനം കുഞ്ഞിന് ജന്മം നല്‍കിയപ്പോള്‍ അവള്‍ ആഗ്രഹിച്ചത് അഞ്ചു വര്‍ഷം കാത്തിരുന്ന കണ്‍മണിയെ കാണാനല്ല.അവളുടെ കണ്ണുകള്‍ എന്നന്നേയ്ക്കുമായി അടഞ്ഞു പോവണേ എന്നായിരുന്നു. അയാളെ കാണേണ്ടി വരുന്നത് അവള്‍ക്ക് ആലോചിക്കാനേ വയ്യായിരുന്നു .റൂമിലെത്തിയതും അവള്‍ അയാളോട് പറഞ്ഞു ഇനി നിങ്ങള്‍ക്കൊപ്പം ഒരു ജീവിതമില്ലെന്ന്.അപ്പോഴും നിലച്ചിട്ടില്ലാത്ത വേദനയുടെ പിടച്ചിലില്‍ പുലമ്പുന്നതായിരിക്കും അവളെന്ന് അയാളും വീട്ടുകാരും കരുതി.തീരുമാനത്തില്‍ മാറ്റമില്ലെന്ന് അറിഞ്ഞതോടെ അയാള്‍ കുട്ടിയ്ക്ക് മേല്‍ അവകാശം പറഞ്ഞു തുടങ്ങി. കുഞ്ഞെന്ന വികാരത്തിന് മുന്നില്‍ അവള്‍ തോല്‍ക്കുമെന്ന് അയാള്‍ കരുതി കാണണം. സന്തോഷം നിങ്ങള്‍ കൊണ്ട് പോയി വളര്‍ത്തിക്കോളൂ എന്ന് അവള്‍ പറഞ്ഞപ്പോള്‍ അയാള്‍ കീഴടങ്ങി. മുലയൂട്ടല്‍ കഴിയുന്നത് വരെ അവള്‍ക്കൊപ്പം നില്‍ക്കട്ടെ കുഞ്ഞെന്ന നിലപാടിലാണ് അയാള്‍ ഇപ്പോള്‍.എന്ത് ഭംഗിയുള്ള ജീവിതമായിരുന്നു കാണുമ്പോള്‍. അതുകൊണ്ടു തന്നെ അവളുടെ തീരുമാനം അറിയുന്നവരൊക്കെ അവളെ കുറ്റപ്പെടുത്തി ഈ ചെറിയ കാരണത്തിന്റെ പേരില്‍ അയാളെ വേണ്ടെന്നു വയ്ക്കുന്നത് അഹങ്കാരമാണെന്ന്. കാണുന്നവര്‍ക്കു ആ ജീവിതത്തിനു ഭംഗി തോന്നിയത് അയാളുടെ ഇഷ്ടങ്ങളിലേയ്ക്ക് അവള്‍ മാറിയത് കൊണ്ടാണ്. അവളുടെ ഇഷ്ടങ്ങളും സ്വപ്നങ്ങളും ഒക്കെ അവള്‍ മറന്നത് കൊണ്ടാണ്. നട്ടുച്ചയാണെന്നറിയാമായിരുന്നിട്ടും അയാള്‍ രാത്രിയാണെന്നു പറഞ്ഞാല്‍ അതെ എന്നവള്‍ സമ്മതിച്ചത് കൊണ്ടാണ്. കരഞ്ഞു കൊണ്ടേയിരിക്കുന്ന അവളെ നെഞ്ചോടു ചേര്‍ത്ത് പിടിച്ചപ്പോള്‍ എനിയ്ക്കു മനസ്സിലാവുന്നുണ്ടായിരുന്നു അവളുടെ ഉള്ളിലെ വേദനയുടെ പിടച്ചിലും , സംഘര്‍ഷവും , നിസ്സഹായതയും. അമ്മ പറയുന്നുണ്ടായിരുന്നു അവളുടെ പിടച്ചില്‍ കണ്ടു നില്‍ക്കാനേ എനിയ്ക്കായുള്ളൂ എന്ന്.തീരുമാനം അവനല്ലേ എടുക്കേണ്ടത്.അതെ നമ്മുടെ സമൂഹം അങ്ങനെയാണല്ലോ.അവളെ സംബന്ധിക്കുന്ന എന്ത് തീരുമാനവും എടുക്കേണ്ടത് അവനാണല്ലോ.വിവാഹം വരെ അച്ഛനോ ഏട്ടനോ ശേഷം ഭര്‍ത്താവും. അവളുടെ ശരീരമായിരുന്നു.അവള്‍ക്കു ബോധവുമുണ്ടായിരുന്നു.അവളുടെ സമ്മതം മതിയായിരുന്നില്ലേ ഡോക്ടര്‍ക്ക്.എന്തിനായിരുന്നു ഡോക്ടര്‍ അവളെ വേദനയ്ക്ക് വിട്ടു കൊടുത്തു അയാളുടെ സമ്മതവും കാത്തിരുന്നത്.എന്നിട്ടും ചിലര്‍ വളരെ നിഷ്‌കളങ്കരായി ചോദിയ്ക്കും എന്ത് സ്വാതന്ത്ര്യമാണ് പെണ്ണുങ്ങള്‍ക്ക് വേണ്ടതെന്ന്.ഇതാ ഇതുപോലെ ഇനിയും സ്വാതന്ത്ര്യത്തിനു കടന്നു ചെല്ലാന്‍ പറ്റിയിട്ടില്ലാത്ത ഒരുപാട് ഇടങ്ങളുണ്ട് അവളുടെ ജീവിതത്തില്‍. ചേര്‍ത്തുപിടിക്കാന്‍ ഒപ്പം നില്‍ക്കാന്‍ ആരുമില്ലാതിരിക്കുന്ന നിസ്സഹായതയില്‍ മനസ്സ് ഇടറിപ്പോയ പെണ്‍കുട്ടികളെ ഏറെ കണ്ടതുകൊണ്ട് തന്നെ ഒപ്പമുണ്ടാവും എന്ന ഉറപ്പ് കൊടുത്തിട്ടാണ് അവിടെ നിന്ന് ഇറങ്ങിയത്.”