തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ പുനഃരാരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പരീക്ഷ മെയ് 21 മുതല്‍ 29 വരെയുള്ള ദിവസങ്ങളില്‍ നടത്താനാണ് മന്ത്രിസഭാ തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഇതുവരെ നടന്ന പരീക്ഷകളുടെ മൂല്യനിര്‍ണയം മെയ് 13 ന് തുടങ്ങും. സ്കൂളുകള്‍ തുറക്കാന്‍ വൈകുന്ന സാഹചര്യമുണ്ടായാലും കുട്ടികള്‍ക്കായി ജൂണ്‍ 1 മുതല്‍ പ്രത്യേക പഠന പരിപാടി വിക്ടേഴ്സ് ചാനലില്‍ തുടങ്ങും. ഈ ചാനല്‍ എല്ലാവര്ക്കും കിട്ടുന്നുണ്ടെന്ന് കേബിള്‍ ഓപ്പറേറ്റര്‍മാരും ഡിടിഎച്ചുകാരും ഉറപ്പാക്കണം. വെബിലും മൊബൈലിലും ക്ലാസ്സുകള്‍ കിട്ടും. ഈ സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് പ്രത്യേക സംവിധാനവും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രൈമറി, അപ്പര്‍ പ്രൈമറി തലങ്ങളിലെ 81,609 അധ്യാപകര്‍ക്ക് പരിശീലനം ഓണ്‍ലൈനായി നടക്കുകയാണ്. ഇത് പൂര്‍ത്തിയാക്കും. ഇതിന് പുറമേ, പ്രത്യേക അവധിക്കാല പരിശീലനം വിക്ടേഴ്സ് ചാനല്‍ ഉപയോഗിച്ച് കൈറ്റ് നടത്തും. സമഗ്ര പോര്‍ട്ടലില്‍ അധ്യാപകരുടെ ലോഗിന്‍ വഴി ഡിജിറ്റല്‍ സാമഗ്രികള്‍ ലഭ്യമാകും. പ്രൈമറി, അപ്പര്‍ പ്രൈമറി അധ്യാപകര്‍ക്ക് മെയ് 14-ന് പരിശീലനം തുടങ്ങും എന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post