കോഴിക്കോട്: കോൺഗ്രസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ചില്ലിക്കാശ് പോലും നൽകില്ലെന്ന് കെ മുരളീധരൻ എംപി. വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറയുന്നത് ഭൂരിഭാഗവും കള്ളമാണെന്നും പിണറായി വിജയൻ ധിക്കാരിയായ മുഖ്യമന്ത്രിയാണെന്നും കെ മുരളീധരൻ ആരോപിച്ചു. കോൺഗ്രസ് പ്രവർത്തകരെ കൊന്നവർക്ക് വേണ്ടി കേസ് വാദിക്കാൻ വരുന്ന അഭിഭാഷകർക്ക് ദുരിതാശ്വാസ നിധിയിലെ പണം സർക്കാർ കൊടുക്കുന്നുവെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
ഇനി ഒരു വർഷം കൂടി മാത്രമേ പിണറായിയെ സഹിക്കേണ്ടതുള്ളൂവെന്നും ഡിക്ഷ്ണറിയിൽ ഇല്ലാത്ത വാക്കുകൾ വരെ മുഖ്യമന്ത്രി കസേരയിൽ ഇരുന്ന് പിണറായി പറഞ്ഞെന്നും മുരളീധരൻ കുറ്റപ്പെടുത്തി. കുടിയേറ്റ തൊഴിലാളികളുടെ മടക്ക യാത്രയ്ക്കുള്ള ടിക്കറ്റ് എടുത്ത് നൽകാമെന്ന കോൺഗ്രസിന്റെ വാഗ്ദാനത്തെ സംസ്ഥാനം നിഷേധിച്ച സംഭവത്തിന് പിന്നാലെയായിരുന്നു മുരളീധരന്റെ പ്രതികരണം.
ഈ വിഷയത്തിൽ പിണറായി വിജയനെതിരെ വിമർശനവുമായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിക്കസേരയുടെ മഹത്വം മനസിലാക്കി പിണറായി വിജയൻ പെരുമാറണമെന്നായിരുന്നു മുല്ലപ്പള്ളി പറഞ്ഞത്. സംസ്ഥാനത്തെ നിലവിലുള്ള സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സർക്കാരിന്റെ ധൂർത്താണെന്നും കുടിയേറ്റ തൊഴിലാളികൾക്കുള്ള പണം നൽകാനെത്തിയ കോൺഗ്രസ് പ്രവർത്തകരോട് തിരുവനന്തപുരം കളക്ടറും മോശമായാണ് പെരുമാറിയെന്നും മുല്ലപ്പള്ളി ആരോപിച്ചിരുന്നു.
എന്നാൽ ഇരിക്കുന്ന കസേരയെക്കുറിച്ച് തനിക്ക് നല്ല ഓർമ്മയുണ്ടെന്നും അല്ലായിരുന്നെങ്കിൽ പല കാര്യങ്ങളും താൻ പറഞ്ഞേനെയെന്നും പിണറായി വിജയൻ മുല്ലപ്പള്ളിക്ക് മറുപടി നൽകിയിരുന്നു.
Discussion about this post