തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളിലെ കോവിഡ്19 റെഡ് സോണുകളില്‍ നിന്നും കേരളത്തിലെത്തുന്നവര്‍ നിര്‍ബന്ധമായും സര്‍ക്കാര്‍ ക്വാറന്റൈനില്‍ ഒരാഴ്ച കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരെയും നേരിട്ട് വീടുകളിലേക്ക് പറഞ്ഞയക്കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
നേരത്തെ, അതിര്‍ത്തിയിലെ പരിശോധനയില്‍ രോഗലക്ഷണങ്ങള്‍ കാണിക്കാത്തവര്‍ക്ക് വീടുകളില്‍ ഒരുക്കിയിരിക്കുന്ന ക്വാറന്റൈനിലേക്ക് പോകാമെന്നായിരുന്നു തീരുമാനം.
എന്നാല്‍ മറ്റ് സംസ്ഥാനങ്ങളിലെ റെഡ് സോണ്‍ ജില്ലകളില്‍ നിന്ന് വരുന്നവര്‍ ഒരാഴ്ച നിര്‍ബന്ധമായും സര്‍ക്കാര്‍ ഒരുക്കുന്ന ക്വാറന്റൈനില്‍ കഴിയേണ്ടിവരും എന്നതാണ് പുതിയ തീരുമാനം.
റെഡ് ഒഴിച്ച് മറ്റ് സോണുകളില്‍ നിന്നും വരുന്നവര്‍ക്ക് അതിര്‍ത്തിയിലെ പരിശോധനയില്‍ രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ വീട്ടില്‍ ഒരുക്കിയിരിക്കുന്ന ക്വാറന്റൈനിലേക്ക് പോകാവുന്നതാണ്.
ഇതില്‍ ശ്രദ്ധിക്കേണ്ട കാര്യം, ചില വന്‍നഗരങ്ങളില്‍ രോഗികളുടെ എണ്ണവും രോഗവ്യാപനവും വര്‍ധിച്ച നിലയിലാണ്. അത്തരത്തില്‍ തീവ്രരോഗബാധയുള്ള പത്ത് ജില്ലകള്‍ കണക്കാക്കിയിട്ടുണ്ട്. അത്തരം ജില്ലകളില്‍ നിന്നോ നഗരങ്ങളില്‍നിന്നോ വരുന്നവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധയും ജാഗ്രതയും വേണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും മലയാളികള്‍ വന്നുതുടങ്ങിയിട്ടുണ്ട്. ഇതുവരെ 1,80540 പേരാണ് നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 25,410 പേര്‍ക്ക് പാസ്സ് നല്‍കിയിട്ടുണ്ട്. അവരില്‍ 3363 പേര്‍ തിരിച്ചെത്തിയിട്ടുണ്ട്.
അന്യസംസ്ഥാനങ്ങളില്‍നിന്നു വരുന്നവര്‍ അതിര്‍ത്തിയില്‍ രോഗലക്ഷണം കാണിക്കുന്നില്ലെങ്കില്‍ നേരെ വീട്ടിലേക്ക് പോകാമെന്നായിരുന്നു നേരത്തേ പറഞ്ഞിരുന്നത്.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കേരളീയരെ തിരിച്ചെത്തിക്കാന്‍ ട്രെയിന്‍ ഏര്‍പ്പെടുത്തുന്നതിനുള്ള ശ്രമം തുടരുകയാണ്.