തിരുവനന്തപുരം: നാട്ടിലേക്ക് മടങ്ങുന്ന അതിഥി തൊഴിലാളികളുടെ ടിക്കറ്റ് നിരക്ക് കെപിസിസി നൽകാമെന്ന വാഗ്ദാനം നിരസിച്ചതിനു പിന്നാലെ ഉയർന്ന വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അവരുടെ കൈയിൽ പൈസയില്ലെന്ന് പറഞ്ഞിട്ടില്ല. അവരുടെ കൈയിലുള്ള പൈസ അവരുടെ കൈയിൽ തന്നെ നിൽക്കട്ടെയെന്നും സംസ്ഥാന സർക്കാർ സ്വീകരിക്കാൻ തയ്യാറല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രശ്നം കേന്ദ്ര സർക്കാറുമായി ബന്ധപ്പെട്ടതാണ്. സംസ്ഥാന സർക്കാർ അതിൽ ഇടപെടില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.
ഇക്കാര്യം തന്റെ വ്യക്തിപരമായി പ്രശ്നമല്ലാത്തതിനാൽ ദുരഭിമാനത്തിന്റെ പ്രശ്നമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിമർശനമുന്നയിച്ച കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുള്ള മറുപടിയും മുഖ്യമന്ത്രി നൽകി. താനിരിക്കുന്ന കസേരയെക്കുറിച്ച് നല്ല ബോധ്യമുണ്ട്. താനിരിക്കുന്ന കസേരയുടെ മഹിമ അറിയാം. അതുകൊണ്ട് അധികമൊന്നും പറയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ, മുഖ്യമന്ത്രിക്കസേരയുടെ മഹത്വം മനസിലാക്കി മാന്യമായി പെരുമാറാൻ പിണറായി ശ്രമിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതിഥി തൊഴിലാളികൾക്ക് മടക്കത്തിനുളള ടിക്കറ്റ് തുക നൽകാനുള്ള കോൺഗ്രസ് തീരുമാനത്തെ തികഞ്ഞ പരിഹാസത്തോടെയാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. മുഖ്യമന്ത്രിയുടെ സ്വഭാവം ഒട്ടും മാറിയിട്ടില്ല എന്നതിന് തെളിവാണിത്. സംസ്ഥാനത്തെ ഇപ്പോഴുള്ള സാമ്പത്തിക പ്രതിസന്ധിയുടെ കാരണം സർക്കാരിൻറെ ധൂർത്താണെന്നും മുല്ലപ്പള്ളി ആരോപിച്ചിരുന്നു.
അതിഥി തൊഴിലാളികൾക്കുള്ള പണം നൽകാനെത്തിയ കോൺഗ്രസുകാരോട് തിരുവനന്തപുരം കളക്ടറും തികച്ചും മോശമായാണ് പെരുമാറിയത്. ആലപ്പുഴ, എറണാകുളം, കണ്ണൂർ ജില്ലകളിലും കളക്ടർമാർ തുക വാങ്ങിയില്ല. എന്തുകൊണ്ട് തുക വാങ്ങുന്നില്ല എന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടിരുന്നു.
കോൺഗ്രസ് നൽകിയ അതിഥി തൊഴിലാളികളുടെ യാത്രാക്കൂലി നേരത്തെ ആലപ്പുഴ, എറണാകുളം കളക്ടർമാർ നിരസിച്ചിരുന്നു. പണം വാങ്ങാൻ സർക്കാർ അനുമതിയില്ലെന്നാണ് വിശദീകരണം. കോൺഗ്രസ് നേതാക്കളെ കാണാൻ പോലും തിരുവനന്തപുരം കളക്ടർ കൂട്ടാക്കിയിരുന്നില്ല.
Discussion about this post