ഒറ്റപ്പാലം: ബിവറേജസ് കോര്‍പ്പറേഷന്റെ അബദ്ധവും തപാല്‍ വകുപ്പിന്റെ കടുംപിടുത്തവും ഇല്ലാതാക്കിയത് ഭിന്നശേഷിക്കാരിയായ യുവതിയുടെ സര്‍ക്കാര്‍ ജോലിയെന്ന സ്വപ്നം. കൂടിക്കാഴ്ചയ്ക്കു വിളിച്ച കത്തിലെ മേല്‍വിലാസത്തില്‍ സംഭവിച്ച അക്ഷരപിശക് ഒറ്റപ്പാലം മയിലുംപുറം കിഴക്കുംപുറം കോല്‍ക്കാട്ടില്‍ അജിതയുടെ (37) പ്രതീക്ഷകളെ തച്ചുടയ്ക്കുകയായിരുന്നു. ഇരുകാലുകള്‍ക്കും ശേഷിക്കുറവുള്ള അജിതയ്ക്ക് ഷൊര്‍ണൂര്‍ എംപ്ലോയ്മെന്റ് ഓഫീസ് മുഖേന ലഭിച്ചതാണു ബിവറേജസ് കോര്‍പ്പറേഷനിലെ തൊഴിലവസരം.
പാലക്കാട്ടെ വെയര്‍ഹൗസില്‍ ബോട്ടിലുകളില്‍ ലേബല്‍ ഒട്ടിക്കുന്ന കരാര്‍ ജോലിക്കായി കൂടിക്കാഴ്ചയ്ക്കു ഹാജരാകാന്‍ നിര്‍ദേശിക്കുന്ന കത്ത് കഴിഞ്ഞ 22നു വീട്ടിലെത്തി. അജിത എന്നതിനു പകരം ‘അനിത’ എന്നാണു മേല്‍വിലാസത്തില്‍ പേരെഴുതിയിരുന്നത്. അനിതയ്ക്കുള്ള കത്ത് അജിതയ്ക്കു നല്കാന് പറ്റില്ലെന്നായി പോസ്റ്റ്മാന്. അച്ഛന്റെ പേരുള്‍പ്പെടെ മറ്റെല്ലാ വിവരങ്ങളും കൃത്യമാണെന്നിരിക്കെ കത്തു തന്നുകൂടേ എന്ന ചോദ്യവും വിലപ്പോയില്ല. പിറ്റേന്നു തോട്ടക്കര തപാല്‍ ഓഫീസില്‍ പോയപ്പോഴും നിരാശയായിരുന്നു ഫലം. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്‍ കെബി ശശികുമാറിനോടൊപ്പം അജിത 24നു വീണ്ടും തപാല്‍ ഓഫീസിലെത്തി. ബിവറേജസ് കോര്‍പ്പറേഷനുമായി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കൈപ്പിഴയാണെന്നു സ്ഥിരീകരിച്ചു.
പട്ടിക നല്കിയ എംപ്ലോയ്മെന്റ് ഓഫിസും അജിതയാണു പട്ടികയിലുള്ളതെന്നു വ്യക്തമാക്കി. സംശയം തീരാത്ത തപാല്‍ ഉദ്യോഗസ്ഥര്‍ 26നു വീണ്ടും വരാന്‍ നിര്‍ദേശിച്ചു. അന്നു ചെന്നപ്പോള്‍ ഓഫീസ് മേധാവി അവധിയിലായിരുന്നു. പാലക്കാട്ട് കൂടിക്കാഴ്ചയ്ക്കു ഹാജരാകേണ്ട 27നു രാവിലെ അജിത വീണ്ടും തപാല്‍ ഓഫീസിലെത്തി. സംശയം തീര്‍ത്തു കത്തു കൈമാറിയതു 3 മണിയോടെയാണ്.
രാവിലെ 10ന് ഹാജരാകേണ്ടിയിരുന്ന കൂടിക്കാഴ്ചയ്ക്ക് പാലക്കാട്ടെത്തിയതു വൈകിട്ട് 4ന്. നേരത്തെ ഹാജരായവരില്‍ നിന്ന് 20 പേരെ തിരഞ്ഞെടുത്തു കഴിഞ്ഞെന്നു പറഞ്ഞ് ഉദ്യോഗസ്ഥര്‍ കൈമലര്‍ത്തി.
Discussion about this post