തിരുവനന്തപുരം: സംസ്ഥാന സർക്കാർ മറ്റ് സംസ്ഥാനങ്ങളിലെ മലയാളികൾക്ക് കേരളത്തിലേക്ക് മടങ്ങാൻ പ്രത്യേക ട്രെയിൻ ആവശ്യപ്പെട്ടില്ലെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് ഗുരുതരമായ പിഴവ് സംഭവിച്ചെന്നും അദ്ദേഹം പറഞ്ഞു.
‘ഇത് ഗുരുതര പിഴവാണ്. ചീഫ് സെക്രട്ടറിയുടെ ഉത്തരവ് എളുപ്പം പാലിക്കാൻ കഴിയുന്നതല്ല. പ്രായോഗിക പ്രശ്‌നങ്ങൾ നോക്കാതെയാണ് പല ഉത്തരവുകളും’, ചെന്നിത്തല പറഞ്ഞു. സംസ്ഥാന സർക്കാർ ധൂർത്തടിക്കുന്നില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയേയും ചെന്നിത്തല ചോദ്യം ചെയ്തു. മാസം ഒരു കോടി മുടക്കി ഹെലികോപ്റ്റർ എടുത്തത് എന്തിനെന്നു ചെന്നിത്തല ചോദിച്ചു.
ഉപദേശകർക്കും ഭരണപരിഷ്‌കാര കമ്മിഷനും വൻതുകയാണ് നൽകുന്നത്. മുഖ്യമന്ത്രിയുടെ ടെലിവിഷൻ പരിപാടിയായ നാം മുന്നോട്ട് മോദിയുടെ മൻ കി ബാത്തിന്റെ പതിപ്പാണെന്നും ചെന്നിത്തല ആരോപിച്ചു.