വൈക്കം: നാടാകെ മഹാമാരിയുടെ കൈകളിൽ കിടന്ന് പിടയുമ്പോൾ തന്നാലാകും വിധം സഹായം നൽകി മാതൃകയായിരിക്കുകയാണ് ഈ രണ്ടാം ക്ലാസുകാരൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താൻ സ്വരുക്കൂട്ടിവെച്ച പണം കൈമാറിയാണ് വൈക്കത്തെ രണ്ടാംക്ലാസുകാരൻ സംസ്ഥാനത്തിന് തന്നെ മാതൃകയായിരിക്കുന്നത്. തോട്ടകം വാതപ്പള്ളി സുധീർ-വൃന്ദ ദമ്പതികളുടെ ഇളയ മകൻ സാരംഗാണ് തന്റെ സമ്പാദ്യം പോലീസിനെ ഏൽപ്പിച്ചത്.
പുതിയ വീട്ടിൽ തന്റെ മുറിയിൽ ചിത്രങ്ങൾപതിപ്പിച്ച ടൈലിടാനായി സ്വരുക്കൂട്ടിയ പണമാണ് സാരംഗ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറുന്നവരുടെ ദൃശ്യങ്ങളാണ് തനിക്ക് പ്രചോദനമായതെന്ന് സാരംഗ് പറയുന്നു. രണ്ട് ദിവസം മുൻപ് തന്റെ സമ്പാദ്യം കൈമാറുന്ന കാര്യം സാരംഗ് മാതാപിതാക്കളെ അറിയിച്ചു. പിന്നീട് തിങ്കളാഴ്ച രാവിലെ വൈക്കം പോലീസ് സ്റ്റേഷനിലെത്തി സാരംഗ് തന്റെ സമ്പാദ്യകുടുക്ക കൈമാറുകയായിരുന്നു. കുടുക്ക ഏറ്റുവാങ്ങി പൊട്ടിച്ച് എണ്ണി നോക്കിയപ്പോൾ ഉണ്ടായിരുന്നത് 2507 രൂപയാണ്. സ്കോളർഷിപ്പ് തുകയും മുത്തച്ഛനായ പത്മനാഭന്റെ വാർദ്ധ്യക പെൻഷനിലെ ഒരു വിഹിതവുമടക്കം കുടുക്കയിലിട്ടതായിരുന്നു സാരംഗിന്റെ സമ്പാദ്യം.
ഓട്ടോ ഡ്രൈവറായ സുധീറിന്റെ രണ്ട് മക്കളിൽ ഇളയവനാണ് സാരംഗ്. തോട്ടകം സികെഎം പബ്ലിക് സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. സന്നദ്ധ പ്രവർത്തകരെയോ പഞ്ചായത്തിലോ പണം ഏൽപ്പിക്കാനായിരുന്നു തീരുമാനം. എന്നാൽ പണം പോലീസിന് തന്നെ കൈമാറണമെന്ന് സാരംഗ് ഉറപ്പിച്ചു പറയുകയായിരുന്നു. കൊവിഡ് നിയന്ത്രണങ്ങളിൽ സജീവമായ പോലീസുകാരെ സാരംഗ് അത്രയധികം ഇഷ്ടപ്പെടുന്നതു തന്നെ കാരണം.
Discussion about this post