തിരുവനന്തപുരം: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ നിരവധി കുടിയേറ്റ തൊഴിലാളികളാണ് രാജ്യത്തിന്റെ പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നത്. ഇവരെ അവരവരുടെ നാടുകളിലേക്ക് എത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകാണ്. നാട്ടിലേക്ക് തിരിച്ചുപോവുന്ന കുടിയേറ്റ തൊഴിലാളികളില്‍ നിര്‍ധനരായവരുടെ ട്രെയിന്‍ യാത്രാക്കൂലി കോണ്‍ഗ്രസ് വഹിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി പ്രഖ്യാപിച്ചിരിക്കുകയാണ്.
യാത്രാചെലവ് അതത് കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റികള്‍ വഹിക്കണമെന്ന് അവര്‍ കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി. ഇതിനുപിന്നാലെ കുടിയേറ്റ തൊഴിലാളികളുടെ മടക്കയാത്രയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സോണിയയുടെ ഇടപെടലിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുയാണ് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്നാടന്.
ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. സോണിയ ഗാന്ധി എന്ന നേതാവിനെ ഒരിക്കല്‍ക്കൂടി രാജ്യം തിരിച്ചറിയുകയാണ്. ട്രംപിനെ സ്വീകരിക്കാന്‍ 100 കോടി മുടക്കിയ കേന്ദ്രസര്‍ക്കാരിന്, പ്രധാനമന്ത്രിയുടെ കൊറോണ ഫണ്ടിലേക്ക് 151 കോടി നല്കിയ റെയില്‍വേക്ക്, ഈ നാട്ടിലെ പട്ടിണി പാവങ്ങള്‍ക്ക് അവരവരുടെ ജന്മ നാട്ടിലേക്ക് മടങ്ങാന്‍ വേണ്ടി റെയില്‍വേ ടിക്കറ്റ് നല്കാന് പണമില്ലെങ്കില്‍ അത് കോണ്‍ഗ്രസ് നല്‍കുമെന്ന പ്രഖ്യാപനം ഓരോ കോണ്‍ഗ്രസുകാരനും ആവേശമാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
മാത്യു കുഴല്‍നാടന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സോണിയ ഗാന്ധി എന്ന നേതാവിനെ ഒരിക്കല്‍ക്കൂടി രാജ്യം തിരിച്ചറിയുകയാണ്.
അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് അവരവരുടെ നാടുകളിലേക്ക് മടങ്ങാന്‍ ട്രെയിന്‍ സംവിധാനം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍, അവരുടെ ടിക്കറ്റ് നിരക്ക് അവരില്‍ നിന്നും ഈടാക്കി നല്കാന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
ഉണ്ടായിരുന്ന വേലയും കൂലിയും, എല്ലാം നഷ്ടപ്പെട്ടു വെറുംകൈയോടെ ജന്മ നാട്ടിലേക്ക് മടങ്ങാന്‍ നില്ക്കുന്നവരില് നിന്നും ടിക്കറ്റ് നിരക്ക് വാങ്ങുന്നത് കടുത്ത അന്യായം ആണെന്നും അനീതി ആണെന്നും, കേന്ദ്ര സര്‍ക്കാരിന് കഴിയില്ലെങ്കില്‍ ഈ പണം കോണ്‍ഗ്രസ് നല്‍കുമെന്നും സോണിയാഗാന്ധി പറഞ്ഞു. തൊഴിലാളികള്‍ രാജ്യത്തിന്റെ നട്ടെല്ല് ആണെന്നും, അവരെ കരുതേണ്ടത് രാജ്യത്തിന്റെ കടമയാണെന്നും സോണിയാഗാന്ധി ഓര്‍മ്മപ്പെടുത്തി..
ട്രംപിനെ സ്വീകരിക്കാന്‍ 100 കോടി മുടക്കിയ കേന്ദ്രസര്‍ക്കാരിന്, പ്രധാനമന്ത്രിയുടെ കൊറോണ ഫണ്ടിലേക്ക് 151 കോടി നല്കിയ റെയില്‍വേക്ക്, ഈ നാട്ടിലെ പട്ടിണി പാവങ്ങള്‍ക്ക് അവരവരുടെ ജന്മ നാട്ടിലേക്ക് മടങ്ങാന്‍ വേണ്ടി റെയില്‍വേ ടിക്കറ്റ് നല്കാന് പണമില്ലെങ്കില്‍ അത് കോണ്‍ഗ്രസ് നല്‍കുമെന്ന പ്രഖ്യാപനം ഓരോ കോണ്‍ഗ്രസുകാരനും ആവേശമാണ്.
ഇതാണ് കരുതല്‍, ഇതാണ് അനുകമ്പ, ഇതാണ് കാരുണ്യം..
അതാണ് സോണിയ ഗാന്ധി..
അഭിമാനമാണ് സോണിയ ഗാന്ധി..
Discussion about this post