കാസർകോട്: ലോക്ക് ഡൗൺ കാലത്ത് മദ്യം ലഭ്യമാക്കാമെന്ന് വാഗ്ദാനം നൽകി നിരവധി പേരെ പറ്റിച്ച് ഫേസ്ബുക്ക് പേജ്. ഓൺലൈൻ ബുക്കിങ് നടത്തിയാൽ കേരളത്തിലെവിടെയും മദ്യം ലഭ്യമാക്കുമെന്ന് വാഗ്ദാനം ചെയ്താണ് ചിലർ തട്ടിപ്പ് നടത്തുന്നതെന്ന് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ബെവ്കോ സെൽഫ് സർവീസ് എന്ന പേരിലെ ഫേസ്ബുക്ക് പേജിലൂടെയാണ് മദ്യത്തിന്റെ ഹോം ഡെലിവറി വാഗ്ദാനം ചെയ്യുന്നത്. ഈ പേജിൽ മദ്യകുപ്പികളുടെ ചിത്രങ്ങളും ബന്ധപ്പെടേണ്ട നമ്പറും നൽകിയാണ് ഇക്കൂട്ടരുടെ തട്ടിപ്പ്. മദ്യത്തിന്റെ വിലയും ഡെലിവെറി ചാർജ്ജായ 100 രൂപയുമാണ് മുൻകൂർ പണമായി അടയ്ക്കേണ്ടത്. പണമടച്ചതിനു ശേഷം അരമണിക്കൂറിനുള്ളിൽ മദ്യം വീട്ടിലെത്തിക്കുമെന്നാണ് വാഗ്ദാനം.
അതേസമയം, ഇക്കാര്യം വിശ്വസിച്ച് പണം അടച്ചതിനു ശേഷം തിരിച്ച് വിളിക്കുമ്പോൾ ഫോൺ എടുക്കാത്തതിനാലാണ് പറ്റിക്കപ്പെട്ടെന്ന് പലരും തിരിച്ചറിഞ്ഞിരിക്കുന്നത്. ഇത്തരത്തിൽ നിരവധി പേരാണ് വാഗ്ദാനത്തിൽ വിശ്വസിച്ച് പണം നഷ്ടപ്പെടുത്തിയതെന്ന് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
Discussion about this post