കോഴിക്കോട്: ലോക്ക്ഡൗൺ കാലത്ത് ദിവസവും ജോലി സ്ഥലത്തേക്ക് സൈക്കിളിലെത്തി അമ്പരപ്പിക്കുകയാണ് കോഴിക്കോട് ജില്ലയിലെ ഈ പോലീസ് ഉദ്യോഗസ്ഥൻ. 85 കിലോമീറ്റർ ദൂരം സൈക്കിൾ ചവിട്ടി ജോലിക്കെത്തുന്ന ഇദ്ദേഹത്തെ വിസ്മയത്തോടെ മാത്രമെ സഹപ്രവർത്തകർക്കും നോക്കാനാകുന്നുള്ളൂ. തലശ്ശേരി കായലോട് നിന്നാണ് 85 കിലോമീറ്റർ സൈക്കിൾ ചവിട്ടി കോഴിക്കോട് എത്തുന്നത്. ജോലി കഴിഞ്ഞ് അതേ സൈക്കിളിൽ ഈ ദൂരമത്രയും സൈക്കിൾ ചവിട്ടി തന്നെ മടക്കവും.
കോഴിക്കോട് പോലീസ് കൺട്രോൾ റൂമിലെ എസ്‌ഐ കെദിനേഷാണ് ലോക്ക്ഡൗൺ കാലത്ത് 170 കിലോമീറ്റർ ദൂരം സൈക്കിൾ ചവിട്ടി ജോലി ചെയ്യുന്നത്.
തലശ്ശേരി കായലോട് സ്വദേശി ദിനേഷിന് വിരമിക്കാൻ ഇനി ഒരുവർഷം മാത്രമാണുള്ളത്. അമ്പത്തിയഞ്ചുകാരനായ ദിനേഷ് രാവിലെ ആറിന് തലശ്ശേരി കായലോട് നിന്ന് സൈക്കിളിൽ പുറപ്പെടും. പത്ത് മണിയോടെ കോഴിക്കോട്ടെത്തും. ലോക്ക്ഡൗൺ കാലത്ത് വീട്ടിൽ നിന്ന് ഓഫീസിലേക്കും തിരിച്ചും 170 കിലോമീറ്റർ സൈക്കിളിൽ സവാരി.
ദേശീയപാതയിലൂടെ യുവാക്കളെ വെല്ലും മെയ് വഴക്കത്തോടെയുള്ള സൈക്കിൾ സവാരി ഒരു നിത്യകാഴ്ചയാണ് ഇപ്പോൾ. കൊവിഡ് വ്യാപനത്തെ തുടർന്ന് ട്രെയിൻ സർവീസ് നിലച്ചതോടെയാണ് യാത്ര സൈക്കിളിലാക്കിയതെന്ന് എസ്‌ഐ ദിനേഷ് പറയുന്നു. പാലക്കാട് ആരോഗ്യവകുപ്പിൽ ജോലിയുണ്ടായിരുന്ന സമയത്ത് കോയമ്പത്തൂരിൽ നിന്ന് പാലക്കാട്ടേക്ക് സൈക്കിളിൽ സഞ്ചരിച്ചതാണ് ആദ്യ ദീർഘദൂരയാത്ര.
പിന്നീട് സൈക്കിൾസവാരി ജീവിതത്തിന്റെ ഭാഗമായി. ട്രെയിൻ സർവീസ് തുടങ്ങുന്നത് വരെ സൈക്കിൾ സവാരി തുടരാനാണ് ദിനേഷിന്റെ തീരുമാനം.
Discussion about this post