കൊച്ചി : അതിഥി തൊഴിലാളികളുടെ മടക്കത്തില്‍ വീണ്ടും പ്രതിസന്ധി. അതിഥി തൊഴിലാളികള്‍ക്കായി ഇന്ന് സംസ്ഥാനത്തു നിന്നും പുറപ്പെടേണ്ട മൂന്ന് ട്രെയിനുകള്‍ റദ്ദാക്കി. ആലപ്പുഴ, തിരൂര്‍,കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നും പുറപ്പെടേണ്ട ട്രെയിനുകളാണ് റദ്ദാക്കിയത്.
അതിഥി തൊഴിലാളികളുമായി ബിഹാറിലേക്കായിരുന്നു ട്രെയിനുകള്‍ പുറപ്പെടേണ്ടിയിരുന്നത്. ബിഹാര്‍ സര്‍ക്കാറിന്റെ അനുമതി ലഭിക്കാത്തതിനാലാണ് അനുമതി റദ്ദാക്കിയത് എന്നാണ് വിശദീകരണം. ഇന്ന് വൈകുന്നേരത്തോടുകൂടി പുറപ്പെടാനിരുന്ന ട്രെയിനാണ് റദ്ദാക്കിയത്.
ഇതോടെ നാട്ടിലേക്ക് മടങ്ങാമെന്ന് പ്രതീക്ഷയോടെ കാത്തിരുന്ന അതിഥി തൊഴിലാളികള്‍ പ്രതിസന്ധിയിലായി. കേരളത്തില്‍ നിന്നും 1150 അതിഥി തൊഴിലാളികളെയും വഹിച്ച് പോയ ട്രെയിന്‍ കഴിഞ്ഞദിവസം ഭുവന്വേശ്വറിലെത്തിയിരുന്നു. ഞായറാഴ്ച രാവിലെയാണ് ഗഞ്ചാം ജില്ലയിലെ ജഗന്നാഥ്പുര് റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്.
പ്രാഥമിക പരിശോധനയ്ക്ക് ശേഷം 26 പ്രത്യേകം ബസുകളിലും കാറിലുമായി തൊഴിലാളികളെ അവരവരുടെ ജില്ലകളിലേക്ക് എത്തിക്കുകയും ചെയ്തു. അതിഥി തൊഴിലാളികളുമായി ആദ്യ ട്രെയിന്‍ എത്തിയതിന് ശേഷം ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് കേരളത്തിനും മുഖ്യമന്ത്രി പിണറായി വിജയനും നന്ദി പറയുകയും ചെയ്തിരുന്നു. ട്വിറ്ററിലൂടെയാണ് അദ്ദേഹം നന്ദി അറിയിച്ചത്.
Discussion about this post