തൃശ്ശൂർ: കേരളത്തിന് തന്നെ അഭിമാനമായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്‌സ് ഷീബ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു ലക്ഷം രൂപ സംഭാവന നൽകിയാണ് ഈ നഴ്‌സ് മാതൃകയായിരിക്കുന്നത്.
തൃശൂർ ഗവ. മെഡിക്കൽ കോളജാശുപത്രിയിലെ സ്റ്റാഫ് നഴ്‌സും നെല്ലായി പോങ്കോത്ര തെക്കുംപുറം ആൻഡ്രൂസിന്റെ ഭാര്യയുമാണ് ഷീബ. മന്ത്രി വിഎസ് സുനിൽ കുമാറിനെ നേരിട്ട് കണ്ടാണ് നഴ്‌സ് ഷീബ രണ്ടു ലക്ഷം രൂപ സംഭാവന ചെയ്തത്.
ചെക്ക് മന്ത്രി വിഎസ് സുനിൽകുമാറിന് കൈമാറി. ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ബാക്കി ഒരു ലക്ഷം ജീവൻ രക്ഷാ ഉപകരണങ്ങൾ വാങ്ങാനുള്ള ഫണ്ട് എന്ന രീതിയിലുമാണ് സംഭാവന നൽകിയതെന്ന് ഷീബ പ്രതികരിച്ചു. മെഡിക്കൽ കോളേജിലെ കൊവിഡ് ഡ്യൂട്ടി നഴ്‌സ് കൂടിയാണ് ഷീബ.