മലപ്പുറം: കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ പ്രഖ്യാപിച്ച ലോക്ക് ഡൗണിനിടെ നിർദേശങ്ങളെല്ലാം പാലിച്ച് ലളിതമായ ചടങ്ങിൽ വിവാഹിതയായി ഈ സബ് കളക്ടർ. പെരിന്തൽമണ്ണ സബ് കളക്ടർ കെഎസ് അഞ്ജുവാണ് കൊവിഡ് കാലത്ത് ആളും ആരവങ്ങളുമില്ലാതെ വിവാഹിതയായത്.
സബ്കലക്ടറുടെ കൊട്ടേക്കാട് ആനപ്പാറ മേലേപ്പുരയിലെ വീട്ടിലായിരുന്നു വിവാഹം. പാലക്കാട് കുന്നത്തൂർമേട് സ്വദേശിയും അഹല്യ ആശുപത്രിയിൽ ഓഫ്താൽമോളജിസ്റ്റുമായ ഡോ. ജെ നവറോഷ് ആണ് വരൻ. അടുത്ത ബന്ധുക്കൾ മാത്രം ചടങ്ങിൽ പങ്കെടുത്തു. നേരത്തെ നടത്താനിരുന്ന വിവാഹം ലോക്ക്ഡൗണിനെ തുടർന്ന് മാറ്റിവെച്ചതായിരുന്നു.
അതേസമയം, കൊവിഡ് കാലത്തെ തിരക്കേറിയ ഔദ്യോഗിക കൃത്യനിർവഹണങ്ങൾക്ക് അവധി നൽകില്ലെന്ന് ഉറപ്പിച്ച് പറയുകയാണ് ഈ സബ് കളക്ടർ. ഉടൻ തന്നെ അഞ്ജു ഡ്യൂട്ടിയിൽ പ്രവേശിക്കും. കോഴിക്കോട് സബ് കളക്ടറായും സേവനമനുഷ്ഠിച്ചിട്ടുള്ള കെഎസ് അഞ്ജു 2017 കേഡർ ഐഎഎസ് ഉദ്യോഗസ്ഥയാണ്.