ലോക്ക് ഡൗണ്‍ ലംഘിച്ച് രഹസ്യമായി പാതിരാത്രിയില്‍ പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തി, അഭിഭാഷകനെ കൈയ്യോടെ പിടികൂടി അവിടെ തന്നെ നിരീക്ഷണത്തിലാക്കി

കൊല്ലം; ലോക്ക് ഡൗണ്‍ ലംഘിച്ച് രഹസ്യമായി വനിത സുഹൃത്തിന്റെ വീട്ടിലെത്തിയ അഭിഭാഷകനെ കൈയ്യോടെ പിടികൂടി അവിടെ തന്നെ നിരീക്ഷണത്തിലാക്കി. അഭിഭാഷകനെതിരെ ലോക്ക് ഡൗണ്‍ ലംഘനത്തിന് കേസെടുത്ത പോലീസ് കാറും കസ്റ്റഡിയിലെടുത്തു.

തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ സെക്രട്ടറിയായ ക്രിമിനല്‍ അഭിഭാഷകനായ വള്ളക്കടവ് ജി മുരളീധരന് എതിരെയാണ് ലോക്ക്ഡൗണ്‍ ലംഘനത്തിന് കൊല്ലം ചാത്തന്നൂര്‍ പോലീസ് കേസെടുത്തത്. നിരോധനാജ്ഞയും ട്രിപ്പില്‍ ലോക്ക്ഡൗണുമുള്ള ചാത്തന്നൂരിലേക്കാണ് പെണ്‍ സുഹൃത്തിനെ കാണാന്‍ അഭിഭാഷകന്‍ എത്തിയത്.

തിരുവനന്തപുരം രജിസ്‌ട്രേഷനിലുള്ള കാറ് പ്രദേശത്തെ ഒരു വീട്ടില്‍ രാത്രിയില്‍ പതിവായി വന്നു പോകുന്നത് നാട്ടുകാര്‍ ശ്രദ്ധിച്ചിരുന്നു. തുടര്‍ന്ന് സംഭവം ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. കളക്ടര്‍ ചാത്തന്നൂര്‍ പോലീസിനെയും ആരോഗ്യവകുപ്പിനെയും വിവരം അറിയിച്ചു.

വീട്ടിലെത്തിയ പോലീസും ആരോഗ്യവകുപ്പ് അധികൃതരും അഭിഭാഷകനെ കൈയ്യോടെ പിടികൂടി. അഭിഭാഷകനോട് വനിതാ സുഹൃത്തിന്റെ വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദേശിക്കുകയും ചെയ്തു. ബന്ധുവീടാണെന്നും കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ചാത്തന്നൂരില്‍ എത്തിയതെന്നുമാണ് അഭിഭാഷകന്‍ പോലീസിനോട് പറഞ്ഞത്.

ലോക്ഡൗണ്‍ നിയന്ത്രണം ലംഘിച്ചതിനു കേസെടുത്ത പോലീസ് കാറും കസ്റ്റഡിയിലെടുത്തു. അതിനിടെ വനിതാ സുഹൃത്തിന്റെ വീട്ടില്‍ നിന്നു അഭിഭാഷകന്‍ മുങ്ങിയെന്ന വാര്‍ത്ത പ്രചരിച്ചു. ചാത്തന്നൂര്‍ എസ്‌ഐയുടെ നേതൃത്വത്തില്‍ പോലീസ് വീട് പരിശോധിച്ച് അഭിഭാഷകന്‍ അവിടെ തന്നെ ഉണ്ടെന്ന് ഉറപ്പാക്കി. കേസ് സംബന്ധമായ ആവശ്യത്തിന് കൊല്ലത്തേക്ക് പോകുന്നു എന്നു പറഞ്ഞാണ് ഇയാള്‍ ജില്ലാ അതിര്‍ത്തി കടന്നതെന്നാണ് സൂചന.

Exit mobile version