തിരുവനന്തപുരം: ലോകം പോലും അഭിനന്ദിച്ച കൊവിഡ് പ്രതിരോധത്തിലെ കേരളാ മാതൃകയ്ക്ക് അഭിനന്ദനവുമായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും(ഐസിഎംആർ) രംഗത്ത്. കൊവിഡ് പ്രതിരോധം, പരിശോധന, ചികിത്സ എന്നിവയിൽ കേരളം രാജ്യത്തിനു മാതൃകയാണെന്ന് ഐസിഎംആർ വക്താവും പകർച്ചവ്യാധി സമ്പർക്ക രോഗവിഭാഗം മേധാവിയുമായ ഡോ. രാമൻ ഗംഗാഖേദ്കർ പറഞ്ഞു. ആരോഗ്യവകുപ്പിന്റെ വീഡിയോ കോൺഫറൻസിൽ സംസാരിക്കവെയാണ് അദ്ദേഹം അഭിനന്ദനം നേരിട്ട് അറിയിച്ചത്.
5 ദിവസത്തിനിടെ 7203 കൊവിഡ് പരിശോധനകളാണ് കേരളം നടത്തിയത്. പ്രതിദിന കണക്കുകൾ ശരാശരി 1440 ആണ്. പരിശോധനകളിൽ ആദ്യം മുന്നിലായിരുന്ന കേരളം പിന്നീട് എണ്ണം കുറച്ചിരുന്നു. പ്രതിദിനം ശരാശരി 420 പരിശോധന മാത്രമാണു നടന്നിരുന്നത്. വിമർശനങ്ങൾ ഉയർന്നതോടെ മുഖ്യമന്ത്രി ഇടപെട്ട് പരിശോധനകളുടെ എണ്ണം വർധിപ്പിക്കാൻ നിർദേശം നൽകുകയും ചെയ്തിരുന്നു.
നേരത്തെ, പരിശോധനാ കിറ്റുകളുടെ കുറവാണ് ടെസ്റ്റുകൾ കുറയ്ക്കാൻ കാരണമായത്. എന്നാൽ, രോഗവ്യാപനം തിരിച്ചറിയാൻ കൂടുതൽ ടെസ്റ്റുകൾ നടത്തണമെന്ന് സർക്കാർ നിയോഗിച്ച വിദഗ്ധസമിതി ഉൾപ്പെടെ നിർദേശം നൽകിയതോടെ ഇപ്പോൾ പഴയതിലും മൂന്നിരട്ടി വരെ പരിശോധനകളാണ് നടക്കുന്നത്.
സംസ്ഥാനത്ത് പരിശോധനകളുടെ എണ്ണത്തെച്ചൊല്ലിയുള്ള ആശങ്കകൾ അസ്ഥാനത്താണെന്ന് ഐസിഎംഎർ അറിയിച്ചു. ആന്റിബോഡി (റാപിഡ്) ടെസ്റ്റിങ് കിറ്റുകൾ വഴി കുറഞ്ഞ സമയത്തിനുള്ളിൽ കൊവിഡ് സ്ഥിരീകരിക്കാമെന്നത് തെറ്റായ ധാരണയാണ്. ആന്റിബോഡി ടെസ്റ്റുകളുടെ ഗവേഷണം പുരോഗമിക്കുന്നതേയുള്ളൂ. ഈ ഘട്ടത്തിൽ സുവ്യക്തമായ പരിശോധനാഫലം ലഭിക്കുന്നത് സ്രവ പരിശോധനയിലൂടെയാണ്. ടെസ്റ്റുകളുടെ എണ്ണത്തിൽ ഭീതി പരത്തരുതെന്നും ഡോ. രാമൻ ഗംഗാഖേദ്കർ പറഞ്ഞു.
കേരളത്തിൽ 35,660 കൊവിഡ് ടെസ്റ്റാണ് നടത്തിയതെന്ന് സംസ്ഥാന ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ ഖൊബ്രഗഡെ അറിയിച്ചിരിക്കുന്നത്. വ്യത്യസ്ത ഫലങ്ങൾ വരുന്നുവെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കൊവിഡ് ഉന്നതതലസമിതി ചെയർമാൻ ഡോ. ബി ഇക്ബാൽ വ്യക്തമാക്കി. സംസ്ഥാനത്ത് സ്രവ പരിശോധനയ്ക്കായി 466 പിസിആർ മെഷീൻ സജ്ജമാണെന്ന് കേരള മെഡിക്കൽ സർവീസ് കോർപറേഷൻ ലിമിറ്റഡ് എംഡി ഡോ. നവ്ജ്യോത് ഖോസ പറഞ്ഞു. 65,000 സ്വാബ് ശേഖരണ ഉപകരണങ്ങൾ, 45,000 പിസിആർ ഏജന്റ് കിറ്റ്, 38,000 ആർഎൻഎ എകസ്ട്രാക്ഷൻ കിറ്റ് എന്നിവയുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും 5 ലക്ഷത്തോളം പേർ മടങ്ങിവരുന്ന സാഹചര്യംകൂടി പരിഗണിച്ച് കൂടുതൽ പരിശോധനാ കിറ്റുകളും ആരോഗ്പ്രവർത്തകർക്കുള്ള സുരക്ഷാ കിറ്റികളും ലഭ്യമാക്കാനുള്ള ശ്രമങ്ങൾ സർക്കാർ തുടങ്ങിയിട്ടുണ്ട്.
Discussion about this post