തിരുവനന്തപുരം: കൊറോണയ്‌ക്കെതിരെ ഒറ്റക്കെട്ടായി പൊരുതുകയാണ് കേരളം. ലോക്ക് ഡൗണില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങളെല്ലാം പാലിച്ച് വീടുകളില്‍ കഴിയുകയാണ് ജനങ്ങള്‍. മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച് കൊറോണയെ ഒരുപരിധി വരെ തടഞ്ഞ കേരളം ലോകത്തിന് തന്നെ മാതൃകയായി മാറിയിരുന്നു.
കൊറോണ കാരണം ഇപ്പോള്‍ കേരളം വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ജോലിയും കൂലിയുമില്ലാതെ ലോക്ക് ഡൗണില്‍ കഴിയുമ്പോള്‍ പോലും ജനങ്ങള്‍ മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഏറ്റെടുത്ത് സംഭാവനകള്‍ എത്തിച്ചുകൊണ്ടിരിക്കുകയാണ്.
ദിവസേന നിരവധി പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നത്. ഇവരുടെ പേരുകള്‍ മുഖ്യമന്ത്രി വൈകുന്നേരത്തെ പത്രസമ്മേളനത്തില്‍ പറയുകയും ചെയ്യുന്നുണ്ട്. കേരളത്തെ തളരാന്‍ അനുവദിക്കില്ലെന്ന വാശിയില്‍ തന്നെയാണ് കേരളീയര്‍.
ഈ ദുരിതകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നവരെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് എം സ്വരാജ്. മാനവരാശിയാകെ ദുരന്തമുഖത്ത് നില്‍ക്കുമ്പോഴാണ് ഓരോരുത്തരും എത്രമാത്രം മനുഷ്യത്വമുള്ളവരാണെന്നു തെളിയുന്നതെന്ന് എം സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചു.
മനുഷ്യ വിരുദ്ധതയുടെ വിവാദങ്ങള്‍ക്കു ചെവി കൊടുക്കാതെ മനുഷ്യ സ്‌നേഹികളെല്ലാം നാടിനെ രക്ഷിയ്ക്കാനായി ഒരുമിച്ചു കൈ കോര്‍ക്കുകയാണെന്നും നാലുവയസുകാരി മുതല്‍ തൊണ്ണൂറ്റിമൂന്നുകാരന്‍ വരെയാണ് ഈ അതിജീവന പോരാട്ടത്തില്‍ മനുഷ്യസ്‌നേഹത്തിന്റെ കാവലാളുകളാവുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
മനുഷ്യസ്‌നേഹത്തിന്റെ കണ്ണികള്‍ മുറിയുന്നില്ല ….
മാനവരാശിയാകെ ദുരന്തമുഖത്ത് നില്‍ക്കുമ്പോഴാണ് ഓരോരുത്തരും എത്രമാത്രം മനുഷ്യത്വമുള്ളവരാണെന്നു തെളിയുന്നത്. മനുഷ്യ വിരുദ്ധതയുടെ വിവാദങ്ങള്‍ക്കു ചെവി കൊടുക്കാതെ മനുഷ്യ സ്‌നേഹികളെല്ലാം നാടിനെ രക്ഷിയ്ക്കാനായി ഒരുമിച്ചു കൈ കോര്‍ക്കുകയാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഇന്നലെയും ഇന്നുമായി എന്റെ കയ്യിലേല്‍പിച്ച സംഭാവനയുടെ വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു.
സി ഐ എസ് എഫില്‍ നിന്നും വിരമിച്ച ഉദയംപേരൂരിലെ ശ്രീ.വി ആര്‍. സുരേന്ദ്രനും കൊച്ചി നേവല്‍ ബേസില്‍ നിന്നും വിരമിച്ച ഭാര്യ വിജയകുമാരിയും ചേര്‍ന്ന് രണ്ട് മാസത്തെ പെന്‍ഷന്‍ തുകയായ 1,00,000 രൂപ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കി.
പട്ടികജാതി ക്ഷേമ വകുപ്പില്‍ നിന്നും വിരമിച്ച പനങ്ങാട് തൈപ്പറമ്പില്‍ ശ്രീ.പി കെ.രാജനും ഭാര്യയും ചേര്‍ന്ന് പെന്‍ഷനായ 34,874 രൂപ സംഭാവന നല്‍കി.
പനങ്ങാട് മരോട്ടിയ്ക്കല്‍ മാലതി പീതാംബരന്‍ തന്റെ വാര്‍ദ്ധക്യകാല പെന്‍ഷനില്‍ നിന്നും 5,005 രൂപ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കി.
എറണാകുളം സെന്റ്. തെരേസാസ് എല്‍ പി സ്‌കൂളില്‍ മൂന്നാം ക്ലാസില്‍ പഠിയ്ക്കുന്ന വെണ്ണലയിലെ കാളിമന്ദിറിലെ രാജേഷിന്റെ മകള്‍ ടി ആര്‍.ശ്രേയ വിഷുക്കൈനീട്ടമായി കിട്ടിയ 1000 രൂപ സംഭാവന നല്‍കി. മുന്‍ വര്‍ഷങ്ങളിലെ പ്രളയ ദുരന്ത സമയത്തും ഈ മിടുക്കി ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്തിട്ടുണ്ട്.
വെണ്ണലയിലെ തൈത്തറ കുടുംബ യൂണിറ്റ് 10,000 രൂപ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കി.
പനങ്ങാട് മുച്ചങ്ങത്ത് ശ്രീ. അജയനും ഭാര്യ ശ്രീമതി അജിതയും ചേര്‍ന്ന് മകളുടെ വിവാഹാവശ്യത്തിനായി കരുതി വെച്ച 1,00,000 രൂപ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കി.
പനങ്ങാട് മുച്ചങ്ങത്ത് കുടുംബത്തിലെ കുട്ടികളായ അനന്തു , ആര്യ ,അഞ്ജലി , അനന്തിക , അവന്തിക എന്നിവരുടെ വിഷുക്കൈനീട്ടമായ 1240 രൂപ സംഭാവന നല്‍കി.
പൂണിത്തുറ ജവഹര്‍ റോഡിലെ കോരങ്ങത്തില്‍പാടം വീട്ടിലെ പതിനൊന്നാം ക്ലാസില്‍ പഠിയ്ക്കുന്ന കെ.ആര്‍ ശ്രുതി വിദ്യാഭ്യാസ അവാര്‍ഡായി ലഭിച്ച 5,000 രൂപ സംഭാവന നല്‍കി.
കൊച്ചിന്‍ പോര്‍ട്ടില്‍ നിന്നും വിരമിച്ച തൃപ്പൂണിത്തുറ തെക്കുംഭാഗം
നീലാമുറിയിലെ ശ്രീ. എന്‍ എന്‍. ശശിധരന്‍ തന്റെ പെന്‍ഷനില്‍ നിന്നും 50,000 രൂപ സംഭാവന നല്‍കി.
തൃപ്പൂണിത്തുറ മാടമ്പില്‍ ശ്രീ. അനിലിന്റെയും അല്‍കയുടെയും മകള്‍ നാലു വയസുകാരി അനിക അനിലിന്റെ പിറന്നാളിന് അമ്മൂമ്മ സമ്മാനിച്ച 10,000 രൂപ സംഭാവന നല്‍കി.
പൂണിത്തുറ ജവഹര്‍ റോഡില്‍ മഞ്ജിമയിലെ 93 വയസുള്ള ശ്രീ.എം.പി ഗോപാലന്‍ എന്ന പിഷാരടി മാഷ് പെന്‍ഷന്‍ വിഹിതത്തില്‍ നിന്ന് 11,111 രൂപ സംഭാവന നല്‍കി.
എരൂര്‍ ഇല്ലിയ്ക്കപ്പടിയിലെ മരയ്ക്കാം വീട്ടില്‍ ശ്രീ . എം സി . ജോണിന്റെ മക്കളായ ഏഴാം ക്ലാസുകാരി ഈവയും പത്താ ക്ലാസില്‍ പഠിക്കുന്ന റിയാനും ചേര്‍ന്ന് തങ്ങളുടെ സമ്പാദ്യ കുടുക്കയിലെ 5,600 രൂപ സംഭാവന നല്‍കി.
എരൂര്‍ ഇല്ലത്തുപറമ്പില്‍ ശ്രീ.സുധീഷിന്റെ മകന്‍ ആദിത്യന്‍ സുധീഷ് ഭിന്നശേഷിക്കാര്‍ക്കുള്ള സാമൂഹ്യക്ഷേമ വകുപ്പിന്റെ രണ്ട് മാസത്തെ പെന്‍ഷനായ 2,200 രൂപ സംഭാവന നല്‍കി .
തൃപ്പൂണിത്തുറ തെക്കുംഭാഗം കാങ്കാത്തുപറമ്പിലെ ശ്രീ. ജയകുമാറിന്റെ മകള്‍ ഉദയംപേരൂര്‍ പ്രഭാത് പബ്ലിക് സ്‌കൂളില്‍ ആറാം ക്ലാസില്‍ പഠിയ്ക്കുന്ന ദേവിക ജയകുമാര്‍ തന്റെ സമ്പാദ്യ കുടുക്കയിലെ 3,031 രൂപ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കി.
തൃപ്പൂണിത്തുറ തെക്കുംഭാഗത്ത് താമസിയ്ക്കുന്ന ചെന്നൈ സ്വദേശിനി ശ്രീമതി രമാദേവി 1000 രൂപ സംഭാവന നല്‍കി.
ഉദയംപേരൂര്‍ SNDPHSSല്‍ നിന്നും വിരമിച്ച ഉദയംപേരൂര്‍ സുജിത്ത് ഭവനിലെ ശ്രീമതി പി.എസ് അമ്മിണി ടീച്ചര്‍ പെന്‍ഷനില്‍ നിന്നും 20,000 രൂപ സംഭാവന നല്‍കി.
ഉദയംപേരൂര്‍ SNDPHSS ല്‍ നിന്നും വിരമിച്ച ഉദയംപേരൂര്‍ കല്ലറയില്‍ വീട്ടില്‍ ശ്രീ.എം കെ. പ്രഭാകരന്‍ പെന്‍ഷനില്‍ നിന്നും 20,000 രൂപ സംഭാവന നല്‍കി.
ഉദയംപേരൂര്‍ SNDPHSSല്‍ നിന്നും വിരമിച്ച ഉദയംപേരൂര്‍ പൊന്നാന്തിയില്‍ ശ്രീ.ടി.ആര്‍ മണി പെന്‍ഷനില്‍ നിന്നും 25,000 രൂപ സംഭാവന നല്‍കി.
നാലുവയസുകാരി മുതല്‍ തൊണ്ണൂറ്റിമൂന്നുകാരന്‍ വരെയാണ് ഈ അതിജീവന പോരാട്ടത്തില്‍ മനുഷ്യസ്‌നേഹത്തിന്റെ കാവലാളുകളാവുന്നത്.
സമര്‍പ്പിത മനസുകളുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ വഴി മാറാത്ത ദുരന്തങ്ങളില്ല .
എം. സ്വരാജ്.
Discussion about this post