തിരൂര്‍: മലപ്പുറം ജില്ലയില്‍നിന്നും അതിഥി തൊഴിലാളികളുടെ ആദ്യ സംഘവും സ്വന്തം നാട്ടിലേക്ക് യാത്രയായി. ബിഹാറില്‍ നിന്നുള്ള 1,140 അതിഥി തൊഴിലാളികളുമായി തിരൂരില്‍ നിന്നുള്ള പ്രത്യേക തീവണ്ടി രാത്രി ഒന്‍പത് മണിയോടെ ധാനപൂരിലേയ്ക്ക് യാത്ര തിരിച്ചു.
ആരോഗ്യ ജാഗ്രത പൂര്‍ണ്ണമായും ഉറപ്പാക്കിയാണ് അതിഥി തൊഴിലാളികളെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ യാത്രയാക്കിയത്. ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്, ജില്ലാ പോലീസ് മേധാവി യു അബ്ദുള്‍ കരീം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന തുടങ്ങിയവര്‍ അതിഥി തൊഴിലാളികളെ യാത്രയാക്കാന്‍ തിരൂരിലെത്തിയിരുന്നു.
ജില്ലയിലെ 11 കേന്ദ്രങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് ബിഹാറിലേയ്ക്കുള്ള പ്രത്യേക തീവണ്ടിയില്‍ യാത്രയാവാനെത്തിയത്. പരപ്പനങ്ങാടി, താനൂര്‍, തിരൂര്‍, കോട്ടക്കല്‍, കല്‍പകഞ്ചേരി, കാടാമ്പുഴ, കുറ്റിപ്പുറം, വളാഞ്ചേരി, ചങ്ങരംകുളം, പൊന്നാനി, പെരുമ്പടപ്പ് എന്നിവിടങ്ങളില്‍ നിന്ന് അതിഥി തൊഴിലാളികളെ പ്രത്യേകം ഏര്‍പ്പെടുത്തിയ കെഎസ്ആര്‍ടിസി ബസുകളില്‍ സാമൂഹ്യ അകലം ഉറപ്പാക്കി തിരൂര്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തിച്ചു. 20 ബസുകളാണ് ഇതിനായി ഉപയോഗിച്ചത്. ഓരോ ബസുകളിലും 30 പേരെ വീതമാണ് എത്തിച്ചത്.
സ്റ്റേഷനു മുന്നില്‍ ഇവരെ ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കി. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാരുള്‍പ്പെടുന്ന അഞ്ച് സംഘങ്ങളാണ് പരിശോധനകള്‍ പൂര്‍ത്തിയാക്കിയത്. ആരോഗ്യ സ്ഥിതി സംബന്ധിച്ചുള്ള പരിശോധനാ റിപ്പോര്‍ട്ടും തൊഴിലാളികള്‍ക്ക് നല്‍കി. തുടര്‍ന്ന് ടിക്കറ്റെടുത്ത് പ്ലാറ്റ് ഫോമിലെത്തിയ തൊഴിലാളികള്‍ക്ക് ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ ഭക്ഷണവും വിതരണം ചെയ്തു.
പ്രത്യേക തീവണ്ടിയില്‍ സാമൂഹ്യ അകലം ഉറപ്പാക്കിയായിരുന്നു യാത്ര. ഒരു കംപാര്‍ട്ട്മെന്റില്‍ 42 പേര്‍ വീതമാണ് കയറിയത്. ഓരോ കംപാര്‍ട്ട്മെന്റിലും തൊഴിലാളികളില്‍ ഒരാളെ മറ്റ് യാത്രക്കാരുടെ മേല്‍നോട്ട ചുമതല ഏല്‍പ്പിക്കുകയും ഇവര്‍ക്ക് യാത്രയിലുടനീളം റെയില്‍വെ പോലീസുമായി ബന്ധപ്പെടാനുള്ള സൗകര്യമൊരുക്കുകയും ചെയ്തിരുന്നു.
സ്വന്തം നാടുകളിലേക്ക് മടങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ച അതിഥി തൊഴിലാളികളുടെ പട്ടിക പോലീസിന്റെ നേതൃത്വത്തില്‍ നേരത്തെ തയ്യാറാക്കിയിരുന്നു. ഇതനുസരിച്ചാണ് തൊഴിലാളികള്‍ക്ക് യാത്രാ അനുമതി നല്‍കിയത്. മറ്റ് സംസ്ഥാനങ്ങളിലേയ്ക്കും തൊഴിലാളികളെ അയയ്ക്കാന്‍ അനുമതി ലഭിക്കുന്ന മുറയ്ക്ക് പ്രത്യേക തീവണ്ടികളില്‍ യാത്രാ സൗകര്യമൊരുക്കുമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. മറ്റ് മാര്‍ഗ്ഗങ്ങളിലൂടെ പോകാനുള്ള ശ്രമം അനുവദിക്കില്ല. സ്വന്തം നാടുകളിലേക്ക് മടങ്ങാന്‍ തൊഴിലാളികള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
Discussion about this post