ഒമാന്‍: ലോകം കണ്ട മഹാമാരിയായ കൊവിഡ് 19 പ്രതിരോധത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കി ഒന്‍പതുവയസുകാരി നൂറയും. തന്റെ കുടുക്കയില്‍ സൂക്ഷിച്ച നാണയ തുട്ടുകളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസത്തിന് ഒമാനിലെ ഒമ്പത് വയസുകാരിയായ മലയാളി പെണ്‍കുട്ടി നൂറ നല്‍കിയത്.
ഒമാനിലെ ഇബ്രിയില്‍ താമസിക്കുന്ന കൊല്ലം കരുനാഗപ്പള്ളി വവ്വക്കാവ് സ്വദേശി നിസാര്‍ കുയിലിന്റെയും സീനത്തിന്റെയും മകളാണ് നൂറ. ഇന്ത്യന്‍ സ്‌കൂള്‍ ഇബ്രിയിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ഏറെക്കാലമായി സൂക്ഷിച്ച വെച്ച നാണയ തുട്ടുകളാണ് നൂറ മറ്റുള്ളവരുടെ കണ്ണീരൊപ്പാനായി കൈമാറിയത്. എല്‍കെജിയില്‍ പഠിക്കുമ്പോള്‍ സ്‌കൂള്‍ അധികൃതരുടെ നിര്‍ദ്ദേശം അനുസരിച്ചാണ് നൂറ കുടുക്കയില്‍ പണം നിക്ഷേപിച്ച് തുടങ്ങിയത്. പാവങ്ങളെ സഹായിക്കാന്‍ തുടങ്ങിയ ആ സംരഭം സ്‌കൂള്‍ നിര്‍ത്തിയെങ്കിലും നൂറ അത് നിര്‍ത്താന്‍ തയ്യാറായില്ല.
ഇത് മൂന്നാം തവണയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസത്തിലേയ്ക്ക് നൂറ സംഭാവന ചെയ്യുന്നത്. ഇത്തവണ 15499 രൂപ ദുരിതാശ്വാസത്തിലേക്ക് നല്‍കാന്‍ കൈരളി അല്‍ ദാഹിറ ഏരിയ സെക്രട്ടറിയായ ഇക്ബാലിനെ കൈമാറി. നൂറയുടെ പിതാവ് നിസാര്‍ കൈരളി സെന്റെര്‍ യൂണിറ്റ് വൈസ് പ്രസിഡന്‍് കൂടിയാണ്. കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിന്‍ ലോക്ഡൗണില്‍ പ്രയാസമനുഭവിക്കുന്നവര്‍ക്ക് ഭഷണവും മരുന്നും എത്തിക്കുന്ന പ്രവര്‍ത്തനവും കൈരളിയുടെ നേതൃത്വത്തില്‍ ഒമാനിലാകമാനം നടക്കുന്നുണ്ട്
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നിരവധി കുഞ്ഞുങ്ങളാണ് തങ്ങളുടെ കുഞ്ഞു സമ്പാദ്യം ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറുന്നത്. പ്രമുഖ വ്യവസായികളും മറ്റും തുകകള്‍ നല്‍കുമ്പോഴും അതില്‍ തിളങ്ങുന്നത് ഈ പൊന്നോമനകളുടെ കുഞ്ഞു സമ്പാദ്യങ്ങളാണ് എന്നതില്‍ സംശയമില്ല.