മാനന്തവാടി: പ്രമുഖ വ്യവസായിയും മാനന്തവാടിയിലെ അറയ്ക്കല്‍ പാലസ് ഉടമയുമായ ജോയി അറക്കലിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് ബര്‍ദുബായ് പോലീസ് സ്റ്റേഷന് ഡയറക്ടര്‍ ബ്രി. അബ്ദുല്ല ഖാദിം ബിന്‍ സുറൂര്‍. ദുബായ് ബിസിനസ് ബേയിലെ കെട്ടിടത്തിന്റെ 14 ാം നിലയില്‍ നിന്ന് ചാടി ജോയി ആത്മഹത്യചെയ്തതാണെന്ന് പോലീസ് സ്റ്റേഷന് ഡയറക്ടര്‍ വ്യക്തമാക്കി.
ഏപ്രില്‍ 23നായിരുന്നു ജോയി ആത്മഹത്യ ചെയ്തത്. ഉച്ചയ്ക്ക് 12നു ജോയി തന്റെ ഓഫിസില്‍ നിശ്ചയിച്ചിരുന്ന യോഗത്തിനു തൊട്ടുമുന്‍പായിരുന്നു മരണം. യുഎഇ ആസ്ഥാനമായ ഇന്നോവ ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡിയും പ്രധാന ഓഹരി ഉടമയുമായ ജോയിയുടെ രണ്ട് ലക്ഷം കോടി വിറ്റുവരവുള്ള കമ്പനി, ഓഹരി വിപണിയില്‍ പ്രവേശിക്കാനിരിക്കുകയായിരുന്നു.
ഇതിനിടെയാണ് പുതിയ എണ്ണ വില ശുദ്ധീകരണ കമ്പനിയുടെ പൂര്‍ത്തീകരണത്തില്‍ കാലതാമസം നേരിട്ടത്. മൂന്ന് മാസത്തിനകം തീരുമെന്ന് പ്രതീക്ഷിച്ച പദ്ധതി വൈകിയത് ജോയിയെ മനോവിഷമത്തിലാക്കിയിരുന്നതായാണ് കുടുംബ സുഹൃത്തുക്കളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
പെട്രോള്‍ വിലയിടിവില്‍ ഉണ്ടായ നഷ്ടമാണ് പദ്ധതി പൂര്‍ത്തീകരണം വൈകിപ്പിച്ചത്. യുഎഇയില്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച വ്യവസായിയുടെ പേര് ജോയിയുടെ മരണവുമായി ബന്ധപ്പെട്ടു പ്രചരിക്കുന്നുണ്ട്. എന്നാല്‍ അത് തികച്ചും അടിസ്ഥാന രഹിതമാണെന്നും അദ്ദേഹവുമായി ജോയിക്ക് ഒരു ബന്ധവുമില്ലെന്നും സുഹൃത്തിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വ്യാഴാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് ജോയിയുടെ മൃതദേഹം അറയ്ക്കല്‍ പാലസില്‍ എത്തിച്ചത്. രാവിലെ ഏഴരയോടെ പള്ളിയില്‍ എത്തിച്ച മൃതദേഹം ചടങ്ങുകള്‍ക്ക് ശേഷം എട്ടുമണിയോടെ കുടുംബ കല്ലറയില്‍ സംസ്കരിച്ചു. മാനന്തവാടി മാനന്തവാടി രൂപതയുടെ കത്തീഡ്രല്‍ പള്ളിയായ കണിയാരം സെന്റ് ജോസഫ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയിലാണ് അടക്കം ചെയ്തത്.
Discussion about this post