വയനാട്: വയനാട്ടില്‍ കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ജില്ലയില്‍ ലോക്ക് ഡൗണ്‍ മോഡല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനൊരുങ്ങി ജില്ലാ ഭരണകൂടം. തിരുനെല്ലി പഞ്ചായത്തില്‍ ഉള്ളവര്‍ക്കാണ് കുരങ്ങുപനി ബാധിച്ചിരിക്കുന്നത്. ഈ മേഖലകളില്‍ സ്‌പെഷ്യല്‍ ആക്ഷന്‍ പ്ലാന്‍ നടപ്പാക്കാനാണ് അധികൃതര്‍ ഒരുങ്ങുന്നത്.
ഈവര്‍ഷം തിരുനെല്ലി പഞ്ചായത്തിലെ 28 പേര്‍ക്കാണ് കുരങ്ങുപനി ബാധിച്ചത്. രോഗം ബാധിച്ച എല്ലാവരും ആദിവാസികളാണ്. നാല് പേരാണ് മരിച്ചത്. ഒരാള്‍ ചികിത്സയില്‍ തുടരുകയാണ്. ഇതുകൂടാതെ 12 പേര്‍ക്കുകൂടി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലും പലരും വിറക്, തേന്‍ എന്നിവ ശേഖരിക്കുന്നതിനും മീന്‍ പിടിക്കുന്നതിനുമായി കാടിനകത്തേക്ക് പോകുന്നുണ്ട്. ഇത്തരത്തില്‍ പോയവര്‍ക്കാണ് രോഗം കൂടുതലായും ബാധിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഈ മേഖലകളില്‍ താമസിക്കുന്ന ആളുകളെ ഒരുതരത്തിലും കാടിനുള്ളിലേക്ക് കടക്കാന്‍ അനുവദിക്കാതെ ലോക്ഡൗണ്‍ മോഡല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് ജില്ലാ ഭരണകൂടം. പ്രദേശത്തെ വീടുകളില്‍ ഭക്ഷ്യ ധാന്യങ്ങള്‍ നേരിട്ടെത്തിച്ചു നല്‍കുമെന്നും കാടിനോട് ചേര്‍ന്ന മേഖലകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്നാണ് അധികൃതര്‍ പറഞ്ഞത്. വനാതിര്‍ത്തികളില്‍ പോലീസിനെയും വിന്യസിക്കും.