കോഴിക്കോട്: എലിപ്പനി ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചയാള്‍ ചികിത്സ കിട്ടാതെ മരിച്ചുവെന്ന പരാതിയുമായി ബന്ധുക്കള്‍. കോഴിക്കോട് പെരുവയല്‍ സ്വദേശി കണ്ണന്‍ചോത്ത് മീത്തല്‍ സുനില്‍കുമാറിന്റെ മരണത്തിലാണ് ബന്ധുക്കള്‍ സംശയം ആരോപിച്ച് രംഗത്തെത്തിയത്.
എലിപ്പനിയുടെ ലക്ഷണങ്ങളുമായി ഈ മാസം 22നാണ് സുനില്‍കുമാറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉടന്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നിന്നും രോഗിക്ക് ആവശ്യമായ ചികിത്സ കിട്ടിയില്ലെന്നും മരണ വിവരം മറച്ചുവെച്ചു എന്നുമാണ് ബന്ധുക്കളുടെ പരാതി.
രോഗിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ ബന്ധുക്കളുടേത് ഉള്‍പ്പടെ അഞ്ച് പേരുടെ ഫോണ്‍ നമ്പര്‍ വാങ്ങിയ ശേഷം ഭാര്യ നിഷയെ വീട്ടിലേക്കയച്ചു. പിന്നീട് സുനില്‍ കുമാറിന്റെ രോഗവിവരങ്ങളറിയാന്‍ നിഷ പലതവണ ഡോക്ടര്‍മാരെ ബന്ധപ്പെട്ടെങ്കിലും കൃത്യമായ വിവരങ്ങള്‍ ലഭിച്ചില്ലെന്ന് പരാതിയില്‍ പറയുന്നു.
അതിനിടെ 24ാം തീയതി സുനില്‍കുമാറിനെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയതായി പെരുവയല്‍ പഞ്ചായത്ത് ഓഫീസില്‍ വിവരം ലഭിച്ചതിനെ തുടര്‍ന്ന് 25ന് പഞ്ചായത്ത് അംഗങ്ങള്‍ ആശുപത്രിയില്‍ എത്തി അന്വേഷിച്ചപ്പോഴാണ് സുനില്‍ കുമാറിന്റെ മരണവിവരം അറിയുന്നത്.
സുനില്‍ കുമാര്‍ 24ന് രാത്രി എട്ട് മണിയോടെ മരിച്ചതായാണ് ആശുപത്രിയില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്.
സുനില്‍കുമാറിന്റെ മരണത്തില്‍ സംശയമുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടപ്പോള്‍ എച്ച്1എന്‍1 പരിശോധന നടത്തി ഫലം ലഭിക്കാതെ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കഴിയില്ലെന്നായിരുന്നു ആശുപത്രി അധികൃതരില്‍ നിന്നും ലഭിച്ച മറുപടി.
കൊറോണ പരിശോധനാ ഫലം ലഭിക്കാതെ മൃതദേഹം വിട്ടുനല്‍കാന്‍ കഴിയില്ലെന്നും അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ കളക്ടറുടെ അനുമതിയോടെ മൃതദേഹം ഏറ്റ് വാങ്ങി സംസ്‌കരിക്കുകയായിരുന്നു. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് പ്രതികരിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായിട്ടില്ല.