തൊടുപുഴ: കൊവിഡ് 19 വൈറസിന്റെ പശ്ചാത്തലത്തില്‍ ഇടുക്കിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജില്ലാ ഭരണകൂടം. അതിര്‍ത്തി മേഖലകളില്‍ പോലീസിന്റെയും വനംവകുപ്പിന്റെയും നേതൃത്വത്തില്‍ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. കടവരിയില്‍ വനത്തിലൂടെ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച അഞ്ച് പേരെ വനംവകുപ്പ് പിടികൂടി തിരിച്ച് അയച്ചു. അതേസമയം തേനിയില്‍ കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം കൂടുന്നത് അധികൃതരില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
അതിര്‍ത്തി മേഖലയില്‍ നിരീക്ഷണത്തിനായി വനംവകുപ്പ് മുപ്പതോളം വാച്ചര്‍മാരെയാണ് നിയോഗിച്ചിരിക്കുന്നത്. വനത്തില്‍ പോലീസിന് എത്തിപ്പെടാന്‍ സാധിക്കാത്ത മേഖലകളില്‍ ടെന്റ് കെട്ടി താമസിച്ചാണ് വാച്ചര്‍മാരുടെ നിരീക്ഷണം. തമിഴ്നാട്ടിലേക്കുള്ള പ്രധാന പാതകള്‍ അടച്ചത് കൊണ്ട് തന്നെ വനത്തിലൂടെ അതിര്‍ത്തി കടക്കാന്‍ ആളുകള്‍ ഇപ്പോഴും ശ്രമിക്കുന്നുണ്ട്. ഇത്തരത്തില്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചവരെ വനംവകുപ്പ് പിടികൂടി തിരിച്ചയച്ചു. വട്ടവടയില്‍ നിന്ന് തമിഴ്നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ചവരെയാണ് വനംവകുപ്പ് പിടികൂടി തിരിച്ചയച്ചത്.
അതിര്‍ത്തി മേഖലകളിലും വനപാതകളിലും പോലീസ് ഡ്രോണ്‍ ഉപയോഗിച്ചും നിരീക്ഷണം നടത്തുന്നുണ്ട്.ജില്ലയിലെ പ്രത്യേക നിരീക്ഷണത്തിന് നിയോഗിച്ച ദക്ഷിണ മേഖല ഐജി ഹര്‍ഷത അട്ടല്ലൂരി അതിര്‍ത്തി മേഖലകളില്‍ നേരിട്ടെത്തി കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്. നിലവില്‍ ഇടുക്കിയില്‍ പതിമൂന്ന് പേരാണ് വൈറസ് ബാധമൂലം ചികിത്സയിലുള്ളത്. ഇവരില്‍ പത്ത് പേരുടെയും പുതുതായി വന്ന പരിശോധന ഫലങ്ങള്‍ നെഗറ്റീവാണ്. അടുത്ത ഫലം കൂടി നെഗറ്റീവായാല്‍ ഇവര്‍ക്ക് ആശുപത്രി വിടാം എന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.
Discussion about this post