കൊച്ചി: അവസാന രോഗിയും കോവിഡ് നെഗറ്റീവ് ആയതോടെ എറണാകുളം ജില്ലയ്ക്കിത് ആശ്വാസ നിമിഷമാണ്. കലൂര്‍ സ്വദേശിയായ വിഷ്ണു (23)വാണ് ഇന്ന് രോഗം ഭേദമായി ആശുപത്രിവിട്ടത്.
രോഗമുക്തനായി ഇറങ്ങിയ വിഷ്ണു ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറെ ഫോണില്‍ വിളിച്ച് നന്ദിയറിയിച്ചു. തനിക്ക് നല്കിയ പരിചരണത്തിന് വളരെയധികം നന്ദിയുണ്ടെന്ന് വിഷ്ണു മന്ത്രിയോട് പറഞ്ഞു.
മാര്‍ച്ച് 22ന് യുഎഇയില്‍ നിന്നും മടങ്ങിയെത്തിയ വിഷ്ണുവിനെ ചുമ ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങളോടെയാണ് ഏപ്രില്‍ നാലിന് എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പരിശോധനയില്‍ കോവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡില്‍ വിദ്ഗ്ധ ചികിത്സയില്‍ ആയിരുന്ന വിഷ്ണുവിനെ തുടര്‍ച്ചയായി സാമ്പിളുകള്‍ നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. ചികിത്സയില്‍ ഉടനീളം ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമായിരുന്നു. അദ്ദേഹത്തിന്റെ 15, 16 സാമ്പിളുകളുടെ പരിശോധന ഫലങ്ങള്‍ നെഗറ്റീവ് ആയത്.
വിഷ്ണുവിന്റെ ചികിത്സ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യുവിന്റെ നേതൃത്വത്തില്‍ നോഡല്‍ ഓഫീസര്‍ ഡോ. ഫത്തഹുദ്ധീന്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. പീറ്റര്‍ പി വാഴയില്‍, ആര്.എം.ഒ ഡോ. ഗണേഷ് മോഹന്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഡോക്ടര്‍ ഗീതാ നായര്‍, ഡോ. ജേക്കബ് കെ ജേക്കബ്, ഡോ. റെനിമോള്‍, ഡോ. വിധുകുമാര്‍, ഡോ. മനോജ് ആന്റണി, നഴ്സിംഗ് സൂപ്രണ്ട് ശ്രീമതി. സാന്റ്റി അഗസ്റ്റിന് എന്നിവരടങ്ങുന്ന മെഡിക്കല്‍ സംഘത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു.
Discussion about this post