ലോക്ക്ഡൗണില്‍ ഭക്ഷണവും താമസവും ഇല്ലാതായി; യുവാവ് പാലക്കാട് നിന്നും നടന്ന് തിരുവനന്തപുരത്തെി

തിരുവനന്തപുരം: ലോക്ക് ഡൗണില്‍ പാലക്കാട് നിന്നും നടന്ന് തിരുവനന്തപുരത്തെത്തി യുവാവ്. തമിഴ്‌നാട് സ്വദേശിയായ മാരിയാണ് നടന്നെത്തിയത്. ഇയാളെ പോലീസ് ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കി.

പാപ്പനംകോട് പരിശോധനക്കിടയാണ് പോലീസിന് മുന്നില്‍ യുവാവ് പെട്ടത്. സംശയം തോന്നിയ പോലീസ് ചോദ്യം ചെയ്തപ്പോള്‍ പാലക്കാട് നിന്നും നടന്നെത്തിയതെന്ന് മാരി സമ്മതിച്ചു. വിശന്നുതളര്‍ന്ന ഇയാള്‍ക്ക് പോലീസ് ഭക്ഷണവും വെള്ളവും നല്‍കി.

റെയില്‍വേ പാളം വനം, പുഴകളുടെ തീരം എന്നിവ വഴിയായിരുന്നു യാത്ര. പാലക്കാട് കൂലി പണിയായിരുന്നെന്നും ലോക്ഡൗണായതോടെ താമസവും ഭക്ഷണവും ഇല്ലാതായെന്നും യുവാവ് പറഞ്ഞു.

പാലക്കാട് അതിര്‍ത്തി വഴി തമിഴ്‌നാട്ടിലേക്ക് പോകാന്‍ പല തവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെയാണ് തെക്കന്‍ കേരളത്തിലേക്ക് നടന്നത്. തമിഴ്‌നാട്ടിലേക്ക് പോയാല്‍ കൃഷി പണി ലഭിക്കുമെന്നും യുവാവ് പോലീസിനോട് പറഞ്ഞു. ശേഷം ഇയാളെ തിരുവനന്തപുരം ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കി.

Exit mobile version