എന്തൊക്കെപ്പറഞ്ഞാലും ഞങ്ങടെ അച്ഛനല്ലേ, ഉപേക്ഷിക്കാനാവില്ല; ഇത് മദ്യലഹരിയില്‍ നഷ്ടപ്പെട്ട അച്ഛനെ തിരികെ ലഭിച്ചതില്‍ വിങ്ങിപ്പൊട്ടി മകന്‍, മാതാപിതാക്കളെ നടതള്ളുന്നവര്‍ക്ക് ഇത് മാതൃക

മലപ്പുറം: നോക്കാനും പരിചരിക്കാനുമുള്ള ബുദ്ധിമുട്ടില്‍ മാതാപിതാക്കളെ വൃദ്ധസദനത്തില്‍ തള്ളുകയും അമ്പലങ്ങളിലും പള്ളികളിലും തുടങ്ങിയ ആരാധനാലയങ്ങളില്‍ നട തള്ളുന്നതും പതിവ് കാഴ്ചയാണ്. എന്നാല്‍ ഇവര്‍ക്കെല്ലാം മാതൃകയാവുന്ന കാഴ്ചയാണ് ഇപ്പോള്‍ വാര്‍ത്തയില്‍ ഇടംപിടിക്കുന്നത്. മദ്യലഹരിയില്‍ സര്‍വ്വതും നശിപ്പിച്ച് ഒടുവില്‍ എല്ലാം ഉപേക്ഷിച്ച് പോയ പിതാവിനെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് മകന്‍. വനിതാ ശിശുവികസന വകുപ്പ് കൗണ്‍സിലറും ഒഎസ്ഡബ്ല്യുസി അംഗവുമായ ദീപ ദിവാകരന്‍ ആണ് ഇക്കാര്യം അറിയിച്ചത്.

റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയായിരുന്നു അദ്ദേഹം. ലഭിക്കുന്ന വരുമാനം അത്രയും കുടിക്കും. നേരം വെളുക്കുമ്പോള്‍ തുടങ്ങും കൈവിറ. പിന്നെ ബോധംകെട്ട് വീഴും വരെയാണ് മദ്യപാനം. ലഹരി അമിതമായി തലയ്ക്ക് പിടിച്ചപ്പോള്‍ നഷ്ടപ്പെട്ട് സ്വന്തം കുടുംബത്തെയായിരുന്നു. എല്ലാവരെയും ഉപേക്ഷിച്ച് ലഹരിക്ക് പിന്നാലെ ഇറങ്ങി. എല്ലാം ബോധ്യപ്പെട്ട് ജീവിതത്തിലേയ്ക്ക് തിരിച്ചു നോക്കിയപ്പോഴേയ്ക്കും ഒറ്റപ്പെട്ടു പോയിരുന്നു. ‘ഇനിയൊന്നും പറഞ്ഞിട്ട് ഒരു കാര്യോംല്ലല്ലോ ന്റെ മോളേ…ഇനിയൊന്നും തിരിച്ച് കിട്ടില്ലല്ലോ?’ ഇതായിരുന്നു ദീപയോടുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍.

ദു:ഖവും പശ്ചാത്താപവുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകളില്‍ നിറഞ്ഞത്.’ അച്ഛന് ഭാര്യയേയും മക്കളേയും കാണാനാഗ്രഹമുണ്ടോ? അവരോടൊപ്പം ജീവിക്കാനാഗ്രഹമുണ്ടോ?’ ഈ ചോദ്യം കേട്ടതോടെ ഒരു തേങ്ങല്‍ ആണ് ഉണ്ടായത്. ഉടനെ ആശ പ്രവര്‍ത്തകയുടെ സഹായത്തോടെ മകന്റെ ഫോണ്‍ നമ്പര്‍ തേടിപ്പിടിച്ചു. ദീപ എല്ലാ കാര്യങ്ങളും മകനോട് വിശദമായി സംസാരിക്കുകയും ചെയ്തു.

‘അച്ഛനെ നോക്കാനാവോ? എന്ന ചോദ്യത്തില്‍ അങ്ങേതലയ്ക്കലില്‍ നിന്ന് ഒരു പൊട്ടിക്കരച്ചില്‍ ആണുണ്ടായത്. ‘എന്തൊക്കെപ്പറഞ്ഞാലും ഞങ്ങടെ അച്ഛനല്ലേ മാഡം? ഞങ്ങള്‍ക്ക് മറക്കാന്‍ പറ്റുമോ, ഉപേക്ഷിക്കാന്‍ പറ്റില്ലല്ലോ..’ ആ വാക്കുകളില്‍ ജന്മം തന്ന ആളോടുള്ള സ്‌നേഹവും ആദരവുമായിരുന്നു. ഉടന്‍ തന്നെ കാര്യങ്ങള്‍ക്ക് തീരുമാനം ആവുകയും ചെയ്തു. അദ്ദേഹത്തിന് ഭാര്യയേയും മകനേയും പേരക്കിടാങ്ങളേയും ലഭിച്ചു. ഒരു ഭാഗത്ത് കൊവിഡ് മരണനൃത്തമാടുമ്പോഴും ലോക്ഡൗണ്‍ ചില പുന:സമാഗമങ്ങള്‍ക്ക് സാക്ഷിയാവുന്നുണ്ട്, ചില ജീവിതങ്ങള്‍ തളിരിടുന്നുണ്ട്, അതിജീവനം സാധ്യമാക്കുന്നുണ്ടെന്ന് ദീപ പറയുന്നു.

Exit mobile version