കോഴിക്കോട്: പന്തീരങ്കാവ് യുഎപിഎ കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് നിന്നും മൂന്നുപേരെ കൂടി എൻഐഎ കസ്റ്റഡിയിലെടുത്തു. വയനാട് സ്വദേശികളായ എൽദോ വിൽസൺ, വിജിത്ത്, ഓൺലൈൻ മാധ്യമപ്രവർത്തകനായ അഭിലാഷ് എന്നിവരെയാണ് വെള്ളിയാഴ്ച പുലർച്ചെ എൻഐഎ കൊച്ചി യൂണിറ്റ് കസ്റ്റഡിയിലെടുത്തത്. ചെറുകുളത്തൂരിലെ പരിയങ്ങാട് പുതുക്കുളങ്ങര പത്മനാഭൻ എന്ന ആളുടെ തറവാട്ട് വീട്ടിൽ വാടകക്ക് താമസിക്കുകയായിരുന്നു നാല് പേരടങ്ങുന്ന സംഘത്തിലെ മൂന്ന് പേർ.
അഭിലാഷിനെ കോഴിക്കോട് നിന്നാണ് കസ്റ്റഡിയിലെടുത്തത്. പാലക്കാട് സ്വദേശിയായ സജിത്ത് ലോക്ക്ഡൗണിന് മുമ്പ് പാലക്കാട്ടേക്ക് പോയതാണ്. നിരവധി വർഷമായി ഇവരെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ഇവരിൽ നിന്ന് ചില പുസ്തകങ്ങൾ, സിം കാർഡുകൾ, ലാപ്ടോപ് തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ അലന്റെയും താഹയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവിടെ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നേരത്തെ പരിശോധന നടത്തിയിരുന്നു. അതിന് ശേഷമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. എൽദോയും വിജിത്തും സജിത്തും ഒരു വർഷത്തിലധികമായി കല്ലേരി, മുണ്ടക്കൽ, പരിയങ്ങാട് എന്നീ സ്ഥലങ്ങളിലായി വാടകക്ക് താമസിച്ച് വരികയായിരുന്നു. കല്ലേരിയിലെ ഒരു ഇംഗ്ലീഷ് മീഡിയം സ്വകാര്യ സ്കൂളിലെ അധ്യാപകരായാണ് ഇവർ ഇവിടെയെത്തുന്നത്. മൊഡ്യൂൾ എന്ന പേരിൽ ഇവർ ഒരു ട്യൂഷൻ സെന്റർ പരിയങ്ങാട്ടിന്മേൽ തുടങ്ങിയിരുന്നു. ലോക്ക്ഡൗൺ സമയത്ത് ഇവിടെ മാവോയിസ്റ്റ് ബന്ധമുള്ള പലരും ഇവിടെ വന്ന് പോയതായി സംശയമുണ്ട്.
തുടർന്നാണ് പന്തീരങ്കാവ് കേസുമായി ഇവർക്ക് ബന്ധമുണ്ടെന്ന സംശയത്തിൽ ഇവരെ എൻഐഎ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
Discussion about this post