തിരുവനന്തപുരം: അമ്മയുടെ നനുത്ത മണമുള്ള നാണയത്തുട്ടുകള്‍ കോവിഡ് വിരുദ്ധ പോരാട്ടത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്.
രണ്ടു കുഞ്ഞുപെട്ടികളിലായിരുന്നു നാണയത്തുട്ടുകളും നോട്ടുകളും അടങ്ങുന്ന പാര്‍വതിയമ്മയുടെ സമ്പാദ്യം. മരണശേഷം അമ്മയുടെ ഫോട്ടോക്കരികില്‍ ആ പെട്ടി കടന്നപ്പള്ളി കാത്തുവെച്ചു. പെട്ടി താന്‍ തുറന്ന് നോക്കിയില്ലെന്നും അമ്മയുടെ സമ്പാദ്യം അതുപോലെ കൈമാറുകയാണ് ചെയ്തെതന്നും മന്ത്രി പറഞ്ഞു.
ചൊവ്വാഴ്ച കണ്ണൂരിലെ വീട്ടില്‍ നിന്ന് മന്ത്രിസഭായോഗത്തിനായി തിരുവനന്തപുരത്തേക്ക് തിരിക്കുമ്പോള്‍ ആ രണ്ടു പെട്ടിയും എടുത്ത് കാറില്‍വെച്ചു. മന്ത്രിസഭായോഗം കഴിഞ്ഞ് പെട്ടികള്‍ അദ്ദേഹം മുഖ്യമന്ത്രിയ്ക്ക് നേരിട്ട് കൈമാറി.
അതിലെത്ര തുകയുണ്ടെന്ന് മന്ത്രിക്കും നിശ്ചയമില്ല. നിധി പോലെ കരുതിയ ആ പെട്ടികള്‍ ഇത്രയും നന്മയുള്ള കാര്യത്തിനായി ഉപയോഗപ്പെട്ടെയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
രണ്ട് വര്‍ഷം മുന്‍പാണ് പാര്‍വതിയമ്മ വിടവാങ്ങിയത്.
Discussion about this post