കോഴിക്കോട്: ലോക്ക്ഡൗൺ അവശ്യസേവനങ്ങൾക്ക് ബാധകമല്ലെങ്കിലും പലപ്പോഴും ദൂരെ പോയി വാങ്ങിക്കാറുള്ള മരുന്ന് ഉൾപ്പടെയുള്ള സേവനങ്ങൾക്ക് ഇത് തിരിച്ചടിയാകാറുണ്ട്. ഇത്തരത്തിൽ മരുന്ന് മുടങ്ങി ജനങ്ങളാരും കഷ്ടത്തിലാകാതിരിക്കാൻ പോലീസും അഗ്നി രക്ഷാസേനയും കരുതലുമായി രംഗത്തുള്ളതാണ് ആശ്വാസം. ഇതരസംസ്ഥാനത്തുനിന്നും സ്ഥിരമായി മരുന്നെത്തിച്ച് ജീവൻ നിലനിർത്തുന്ന രോഗിക്ക് രക്ഷകരായ അഗ്നിരക്ഷാ സേനയുടെ വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്. കൊയിലാണ്ടിയിൽ നിസ്സഹായതയിലായിപ്പോയ ഊരള്ളൂർ അത്യോട്ടുമീത്തൽ പുഷ്പയ്ക്ക് ജീവൻ രക്ഷാമരുന്ന് എത്തിച്ച് നൽകി രക്ഷകരായിരിക്കുകയാണ് കൊയിലാണ്ടി അഗ്നിരക്ഷാസേന.
കഴിഞ്ഞ കുറച്ചുകാലമായി രോഗബാധിതയായി കഴിയുന്ന പുഷ്പ മുംബൈയിലെ സുമനസ്സുകൾ സൗജന്യമായി എത്തിച്ച് നൽകുന്ന മരുന്നുപയോഗിച്ചായിരുന്നു ജീവൻ നിലനിർത്തി പോന്നത്. ഒരു ലക്ഷം രൂപയോളം വിലവരുന്നതായിരുന്നു മരുന്ന്. മുംബൈയിലെ വി കെയർ ഫൗണ്ടേഷൻ സൗജന്യമായി നൽകി വരികയായിരുന്ന ഈ മരുന്നാണ് ലോക്ക്ഡൗൺ മൂലം ലഭ്യമല്ലാതെ പുഷ്പ ആശങ്കയിലായത്. വിവരമറിഞ്ഞ സിവിൽ ഡിഫെൻസ് വളണ്ടിയർ ശ്രീരാജ് ഇക്കാര്യം ഫയർ സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് നടത്തിയ ഇടപെടലിന്റെ ഭാഗമായാണ് ഇന്ന് രാവിലെ മരുന്ന് പുഷ്പയുടെ വീട്ടിലെത്തിച്ച് നൽകുകയായിരുന്നു.
മുംബൈയിൽ നിന്ന് കാസർകോട്ടേക്ക് വരികയായിരുന്ന സ്നേഹ മാത്യു എന്ന നേഴ്സ് മുഖേന ആംബുലൻസിൽ കൊടുത്തയച്ച മരുന്നാണ് റീജണൽ ഫയർ ഓഫീസർ അബ്ദുൽ റഷീദിന്റെ നിർദേശപ്രകാരം ഫയർ &റെസ്ക്യൂ വാഹനത്തിൽ കാസർകോട് നിന്നും കൊയിലാണ്ടിയിൽ അവരുടെ വീട്ടിൽ എത്തിച്ചു കൊടുത്തത്. കൊയിലാണ്ടി സ്റ്റേഷൻ ഓഫീസർ സിപി ആനന്ദൻ, അസി. സ്റ്റേഷൻ ഓഫീസർ കെ സതീശൻ, ഫയർ &റെസ്ക്യൂ ഓഫീസർമാരായ മനുപ്രസാദ്, മനോജ്, സിവിൽ ഡിഫെൻസ് വളണ്ടിയർമാരായ അഷ്റഫ് കാപ്പാട്, ശ്രീരാജ്, നിഥിൻലാൽ എന്നിവർ പങ്കെടുത്തു.
ദിനംപ്രതി ഇരുപതിലധികം ആളുകൾക്ക് അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ വീടുകളിൽ മരുന്ന് എത്തിച്ചു നൽകുന്നുണ്ട്. മരുന്ന് ആവശ്യമുള്ളവർ 101 എന്ന നമ്പറിൽ വിളിച്ചാൽ വാട്സ്ആപ്പ് നമ്പർ നൽകും. മരുന്നിന്റെ കുറിപ്പടി ആ നമ്പറിലേക്ക് അയച്ചു നൽകണം. തുടർന്ന് മറ്റ് ഫയർ &റെസ്ക്യൂ ഓഫീസുമായി ചേർന്നാണ് തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള സ്ഥലങ്ങളിൽ മരുന്നെത്തിക്കുന്നത്.
Discussion about this post