കോഴിക്കോട്: മുക്കത്ത് ബൈക്ക് മോഷ്ടാക്കൾ പോലീസിനെ കണ്ട് ഭയന്ന് രക്ഷപ്പെടാനായി ഇരുവഞ്ഞിപ്പുഴയിലേക്ക് ചാടിയെങ്കിലും നീന്തി കയറിയത് പോലീസിന് മുന്നിലേക്ക്. കഴിഞ്ഞദിവസമാണ് സംഭവം. പ്രായപൂർത്തിയാകാത്ത ചെറുപ്പക്കാരാണ് പിടിയിലായത്. ഇവർ അന്തർ ജില്ലാ ബൈക്ക് മോഷ്ടാക്കളാണെന്ന് മുക്കം പോലീസ് അറിയിച്ചു. പ്രതികളെ വിശദമായി ചോദ്യം ചെയ്തതിൽനിന്നു ജില്ലയുടെ അകത്തും പുറത്തുമായി നിരവധി ബൈക്കുകൾ മോഷണം നടത്തിയതായി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
മുക്കം ചേന്നമംഗല്ലൂരിൽനിന്നു മോഷണം പോയെന്ന് പരാതി ലഭിച്ച സ്‌പ്ലെൻഡർ ബൈക്ക് ഒരു പ്രതിയുടെ കല്ലുരുട്ടിയിലുള്ള വീട്ടിൽനിന്നു പോലീസ് കണ്ടെടുത്തു. ഈ ബൈക്ക് മോഷണത്തിൽ ഇയാൾക്ക് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുകയാണ്. ഇതുകൂടാതെ വയനാട്ടിൽനിന്ന് മറ്റൊരു സ്‌കൂട്ടറും താമരശ്ശേരി പുതുപ്പാടിയിൽനിന്ന് ഒരു പൾസർ ബൈക്കും മോഷ്ടിച്ചതായി പ്രതികൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. മോഷ്ടിച്ച ബൈക്കുകൾക്ക് വ്യാജനമ്പർ ഘടിപ്പിച്ചു ഉപയോഗിക്കലായിരുന്നു പ്രതികളുടെ രീതി.
അതേസമയം, പ്രതികൾ പ്രായപൂർത്തിയാകാത്തവർ ആണെന്നും ഇവർ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതു വീട്ടുകാരുടെ ഭാഗത്തു നിന്നുള്ള വീഴ്ചയാണെന്നും മുക്കം പോലീസ് പറഞ്ഞു. മുക്കത്തും പരിസരങ്ങളിലും മോഷണം പോയ ബൈക്കുകളുടെ പട്ടിക തയാറാക്കി അതിൽ പ്രതികൾക്ക് പങ്കുണ്ടോയെന്നു അന്വേഷിക്കുകയാണ് പോലീസ്. പിടിച്ചെടുത്ത ബൈക്കുകളുടെ യഥാർത്ഥ ഉടമസ്ഥരെ കണ്ടെത്തുന്നതിനായി ശ്രമം തുടങ്ങിയിട്ടുണ്ടെന്നു മുക്കം ഇൻസ്‌പെക്ടർ അറിയിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു ഹെൽമെറ്റും മാസ്‌കും ധരിക്കാതെ ലോക്ക്ഡൗൺ ലംഘിച്ച് കറങ്ങി നടക്കുന്നതിനിടെ രണ്ട് യുവാക്കൾ പോലീസിന്റെ മുന്നിൽപെട്ടത്. പോലീസിനെ കണ്ട് ഭയന്ന മട്ടിൽ ഇരുവരും കടന്നുകളയാൻ ശ്രമിച്ചത് പോലീസിൽ സംശയമുണ്ടാക്കി. മുക്കം പാലത്തിന് അപ്പുറത്തായി നടക്കുന്ന മറ്റൊരു പരിശോധനയും ശ്രദ്ധയിൽപ്പെട്ടതോടെ വണ്ടി തിരിക്കാൻ ശ്രമിക്കുന്നതിനിടെ പുറകെയെത്തിയ എസ്‌ഐയുടെ വാഹനം ഇവർക്ക് കുറുകെയിട്ടതോടെയാണ് പ്രതികൾ ഇരുവഞ്ഞിപ്പുഴയിൽ ചാടിയത്. എന്നാൽ നീന്തി കരയ്‌ക്കെത്തുമ്പോഴേക്കും അവിടെ കാത്തിരുന്ന മറ്റൊരു പോലീസ് സംഘം നാട്ടുകാരുടെ സഹായത്തോടെ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ മൂന്ന് പേരാണ് പിടിയിലായിട്ടുള്ളത്.
മുക്കം ഇൻസ്‌പെക്ടർ ബികെ സിജുവിന്റെ നേതൃത്വത്തിൽ മുക്കം എസ്‌ഐ ഷാജിദ് കെ, എസ്‌ഐ ജലീൽ, സീനിയർ സിവിൽ പോലീസ് ഓഫീസർ ലിനേഷ്, സിവിൽ പോലീസ് ഓഫീസർമാരായ ഷെഫീഖ് നീലിയാനിക്കൽ, സുഭാഷ്, നാസർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
Discussion about this post