മലപ്പുറം: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ വൈരാഗ്യത്തില്‍ പെണ്‍കുട്ടിയെ നിരന്തരമായി ആക്രമിച്ച കേസിലെ പ്രതി പോലീസ് കസ്റ്റഡിയില്‍. കോക്കൂര്‍ സ്വദേശി ജുനൈദ് ആണ് പിടിയിലായത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ജുനൈദ് പെണ്‍കുട്ടിയോട് നിരന്തരം പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഇതെല്ലാം നിരസിച്ചു. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ ജുനൈദ് തന്നെ ശാരീരികമായും മാനസികമായും ആക്രമിക്കുന്നുവെന്ന് കാണിച്ച് പെണ്‍കുട്ടി നേരത്തെ പോലീസില്‍ പരാതി നല്കിയിരുന്നു.
ഈ കേസില്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ജാമ്യത്തിലിറങ്ങിയതോടെ വീണ്ടും ഉപദ്രവം തുടര്‍ന്നു. ഇയാളുടെ ഉപദ്രവം സഹിക്കവയ്യാതെ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നെന്നും പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിക്ക് വരുന്ന വിവാഹാലോചനകള്‍ മുടക്കുന്നതായും രക്ഷിതാക്കള്‍ പറയുന്നു.
കഴിഞ്ഞ ദിവസം ഇയാള്‍ വീട്ടിലെത്തി പെണ്‍കുട്ടിയുടെ കഴുത്തില്‍ കത്തിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും കുടുംബം പോലീസിന് പരാതി നല്കി. ഇതോടെയാണ് വീണ്ടും ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടിയെ പ്രായപൂര്‍ത്തിയാവുന്നതിന് മുന്‍പേ ഉപദ്രവിച്ചതിന്റെ പേരില്‍ ഇയാള്‍ക്കെതിരെ പോക്‌സോ കേസും ചുമത്തിയിട്ടുണ്ട്.