ഇടുക്കി: വിനോദ സഞ്ചാരമേഖലയില്‍ വേണ്ടത്ര ശുചിമുറികളില്ലാതെ സഞ്ചാരികള്‍ വീര്‍പ്പുമുട്ടുമ്പോള്‍ അധികൃതരുടെ അനാസ്ഥമൂലം നിരവധി ഇ-ടോയിലറ്റുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍. ദിവസവും നൂറുകണക്കിന് വിനോദസഞ്ചാരികള്‍ എത്തുന്ന മൂന്നാറില്‍ ശുചിമുറികളുടെ അഭാവം വലയ്ക്കുമ്പോഴാണ് ഉപയോഗരഹിതമായി നിരവധി ഇ-ടോയിലറ്റുകള്‍ പഴയ മൂന്നാറിലെ ഹൈ ആള്‍റ്റിറ്റിയൂഡ് സ്പോര്‍ട്സ് ട്രെയിനിംഗ് സെന്ററില്‍ വെറുതെ കിടക്കുന്നത്. കുറിഞ്ഞി സീസണില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ഉപയോഗിക്കുവാനായി എത്തിച്ച ടോയിലറ്റുകളാണ് സീസണ് കഴിഞ്ഞപ്പോള്‍ ഉപയോഗിക്കാതെ നശിക്കുന്നത്.
മൂന്നാര്‍ ടൗണില്‍ മാര്‍ക്കറ്റിന്റെ പ്രവേശന ഭാഗത്തുള്ള ഒരു ടോയിലറ്റ് മാത്രമാണ് ഇപ്പോള്‍ പൊതുജനങ്ങളും സഞ്ചാരികളും ഉപയോഗിച്ചു വരുന്നത്. തദ്ദേശഭരണകൂടത്തിന്റെ കീഴില്‍ മറ്റ് രണ്ടു ടോയിലറ്റുകള്‍ കൂടിയുണ്ടെങ്കിലും ഉദ്യോഗസ്ഥരുടെ അനാസ്ഥാ മൂലം ഇത് പ്രവര്‍ത്തിപ്പിക്കാനായിട്ടില്ല. പെരിയവാര പാലത്തിന് സമീപമുള്ള ഒരു ടോയിലറ്റിന്റെ പണി പൂര്‍ത്തിയായിട്ട് വര്‍ഷങ്ങളായെങ്കിലും വെള്ളമെത്തിക്കാനാകാത്തതിനെ തുടര്‍ന്ന് ഇതുവരെയും അത് തുറന്നിട്ടില്ല.
മറ്റൊരു ടോയിലറ്റിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും പണി പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് ഈ ടോയിലറ്റും നോക്കുകുത്തിയായ അവസ്ഥയിലാണ്. എന്നാല്‍ കുറിഞ്ഞി സീസണില്‍ മൂന്നാറിലെത്തിച്ച നിരവധി ടോയ്ലറ്റുകള് സീസണ് കഴിഞ്ഞ ശേഷവും വേണ്ട വിധത്തില്‍ കൈകാര്യം ചെയ്യാത്തതിനാലാണ് ഉപയോഗശൂന്യമായി നശിക്കുന്നത്. ഇവ കൃത്യമായി ഉപയോഗിക്കാന്‍ അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
മൂന്നാറില്‍ കുറുഞ്ഞി സീസണ് കഴിഞ്ഞിട്ടും ഇ-ടോയ്ലറ്റുകള് ഇവിടെ നിന്ന് മാറ്റാനോ, അവ പൊതു ജനങ്ങള്‍ക്ക് ഉപയോഗപ്രദമായ രീതിയില്‍ പ്രയോജനപ്പെടുത്താനോ ബന്ധപ്പെട്ടവര്‍ ഇതുവരെ തയ്യാറായിട്ടില്ല. ഉപയോഗിക്കാതെ നശിക്കുന്ന ഇ ടോയ്ലറ്റുകള് വിനോദസഞ്ചാരികള്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങളിലോ ടൗണിന്റെ പരിസരങ്ങളിലോ പ്രയോജനപ്പെടുത്താവുന്ന വിധത്തില്‍ ഉപയോഗിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Discussion about this post