കൊല്ലം: ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയിലും സഹജീവി സ്‌നേഹത്തിലൂടെ മാതൃകയായയാളാണ് കൊല്ലം സ്വദേശി സുബൈദ. തന്റെ വരുമാനമാര്‍ഗമായ പൊന്നോമനയായ ആടിനെ വിറ്റ പണം കോവിഡ് ദുരിതാശ്വാസത്തിന് നല്‍കിയാണ് സുബൈദ മഹാമാതൃകയായത്.
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ ആടിനെ വിറ്റ സുബൈദക്ക് പകരം അഞ്ച് ആടുകളെ നല്‍കിയിരിക്കുകയാണ് ആദാമിന്റെ ചായക്കടയുടെ ഉടമയായ അനീസ്. ആടിനെ വിറ്റ് കിട്ടിയ തുകയില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 5510 രൂപ കൈമാറിയ സുബൈദയുടെ നന്മമനസ്സ് കേരളത്തിന്റെ മുഴവന്‍ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
കലക്ടര്‍ ബി അബ്ദുല്‍നാസറും മുകേഷ് എംഎല്‍എയും ചേര്‍ന്ന് വീട്ടിലെത്തി ആടിനെ കൈമാറി. സുബൈദയുടെ മാതൃക ലോകം മുഴുവന്‍ അഭിനന്ദിക്കുമെന്നും ദുരിതാശ്വാസ നിധിയിലേക്ക് ചെറുതും വലുതുമായ നിരവധി സംഭാവനകള്‍ വരുന്നുണ്ടന്നും കലക്ടര്‍ പറഞ്ഞു
ഹൃദ്രോഗ ബാധിതനായി ഓപ്പറേഷന് വിധേയനായ ഭര്‍ത്താവ് അബ്ദുല്‍ സലാമിനും ഹൃദ്രോഗിയായ സഹോദരനുമൊപ്പമാണ് സുബൈദയുടെ താമസം. മൂന്നു മക്കള്‍ വിവാഹിതരായി മുണ്ടയ്ക്കലില്‍ താമസിക്കുന്നു. ആടിനെ വിറ്റപ്പോള്‍ കിട്ടിയ പന്ത്രണ്ടായിരം രൂപയില്‍ 5000 രൂപ വാടക കുടിശ്ശിക നല്‍കി. 2000 രൂപ വൈദ്യുത ചാര്‍ജ് കുടിശ്ശികയും നല്‍കി.
ദിവസവും മുടങ്ങാതെ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ചാനലില്‍ കാണുന്ന സുബൈദ കുട്ടികള്‍ വിഷുക്കൈനീട്ടം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നത് അറിഞ്ഞതു മുതല്‍ ആലോച്ചിച്ചതാണ് സംഭാവന നല്‍കണമെന്നത്. അങ്ങനെയാണ് സുബൈദ ആ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നത്.