കണ്ണൂര്‍: കോവിഡ് ഭീതിയ്ക്കിടയിലും കണ്ണൂരില്‍ നിന്നും വീണ്ടും പ്രതീക്ഷയുടെ വാര്‍ത്ത. കോവിഡ് രോഗമുക്തി നേടിയ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്കി. കണ്ണൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളജിലാണ് യുവതി പ്രസവശസ്ത്രക്രിയക്ക് വിധേയമായത്. കോവിഡ് രോഗമുക്തി നേടിയശേഷം കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രസവശസ്ത്രക്രിയക്ക് വിധേയമാകുന്ന രണ്ടാമത്തെ യുവതി ആണിത്.
ഉച്ചക്ക് 11.50 നാണ് ശസ്ത്രക്രിയയിലൂടെ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇവരെ രാവിലെ 11 മണിയോടെ പ്രത്യേക സുരക്ഷാക്രമീകരണങ്ങളോടെ ഓപ്പറേഷന് തീയേറ്ററിലേക്ക് മാറ്റിയിരുന്നു. ഗൈനക്കോളജി വിഭാഗം മേധാവി ഡോ. അജിത്തിന്റെ നേതൃത്തില്‍ ഡോ. ബീന ജോര്‍ജ്, അനസ്തേഷ്യ വിഭാഗത്തിലെ ഡോ സുരി, നേഴ്സിങ് ജീവനക്കാരായ ഷില്ലി, ലിസി, അനസ്തേഷ്യ ടെക്നിഷ്യന്‍ ശരണ്‍ എന്നിവരാണ് സിസേറിയന് ടീമില്‍ ഉണ്ടായിരുന്നത്. പീഡിയാട്രിക് വിഭാഗം മേധാവി ഡോ. മുഹമദിന്റെ നിര്‍ദ്ദേശപ്രകാരം കുഞ്ഞിനെ പിന്നീട് പ്രത്യേകം സജ്ജീകരിച്ച ഐ സിയൂവിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖം പ്രാപിച്ചു വരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
കഴിഞ്ഞ ഏപ്രില്‍ 17ന് ആണ് കോവിഡ് പോസിറ്റീവ് ആയ ചെറുവാഞ്ചേരി സ്വദേശിനിയെ കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഏപ്രില്‍ 27ന് അയച്ച ഇവരുടെ സാമ്പിള്‍ ഫലവും നെഗറ്റീവ് ആണെന്ന് കണ്ടെത്തിയിരുന്നു. ആശുപത്രിയിലെ ഡോക്ടര്‍മാരും മറ്റു ജീവനക്കാരും അമ്മയ്ക്കും നവജാത ശിശുവിനും ആശംസകള്‍ നേര്‍ന്നു.
കഴിഞ്ഞ ഏപ്രില്‍ 11ന് കാസര്‍കോട് സ്വദേശിയായ യുവതി കോവിഡ് രോഗമുക്തി നേടിയ ശേഷം കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ ആണ്‍കുട്ടിക്ക് ജന്മം നല്‍കിയിരുന്നു.
കേരളത്തിലെ കോവിഡ് രോഗമുക്തി നേടിയ രണ്ടുപേരുടെ പ്രസവവും കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജിലെ സ്ത്രീരോഗ വിഭാഗത്തിന്റെ മികച്ച നിലവാരം ആണ് കാണിക്കുന്നത് എന്ന് പ്രിന്‍സിപ്പല്‍ ഡോ. എന്‍ റോയ്, ആശുപത്രി സൂപ്രണ്ട് ഡോ. കെ സൂദീപ് എന്നിവര്‍ അഭിപ്രായപ്പെട്ടു.
Discussion about this post