കൊച്ചി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ജഡ്ജിമാരുടെ ശമ്പളം പിടിക്കരുതെന്ന് ആവശ്യപ്പെട്ട് സർക്കാരിന് കത്തയച്ച് ഹൈക്കോടതി. ഏപ്രിൽ മുതൽ അഞ്ചു മാസം സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് ആറു ദിവസത്തെ ശമ്പളം പിടിക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് കത്തയച്ചിരിക്കുന്നത്.
ശമ്പളം പിടിക്കുന്നതിൽനിന്ന് ചീഫ് ജസ്റ്റിസിനെയും മറ്റു ജഡ്ജിമാരെയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതി രജിസ്ട്രാർ ജനറൽ തിങ്കളാഴ്ച ധനകാര്യ സെക്രട്ടറിയ്ക്ക് കത്തയച്ചിരിക്കുന്നത്. ജഡ്ജിമാർക്ക് ഭരണഘടനാപരമായ അവകാശങ്ങളുണ്ടെന്നും അതിനാൽ ഇവരുടെ ശമ്പളം പിടിക്കരുതെന്നുമാണ് കത്തിൽ പറയുന്നത്. അതേസമയം, ഹൈക്കോടതിയിലെ മറ്റു ജീവനക്കാരുടെ ശമ്പളം സംബന്ധിച്ച് കത്തിൽ പരാമർശമില്ല.
നേരത്തേ, ശമ്പളം പിടിക്കാനുള്ള സർക്കാർ ഉത്തരവിനെതിരേ സർവീസ് സംഘടനകൾ ഹൈക്കോടതിയെ സമീപിക്കുകയും ചൊവ്വാഴ്ച സർക്കാർ ഉത്തരവ് കോടതി താൽക്കാലികമായി സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, ഓർഡിനൻസിലൂടെ ശമ്പളം പിടിക്കാനാണ് സർക്കാർ നീക്കം നടത്തിയിരിക്കുന്നത്. ഇതിനിടെയാണ് ഹൈക്കോടതിയുടെ കത്ത് പുറത്തുവന്നിരിക്കുന്നത്.
Discussion about this post