തൃശ്ശൂര്‍; കൊവിഡ് പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്പളം അഞ്ച് മാസം മാറ്റിവെയ്ക്കാനുള്ള ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. പ്രതിപക്ഷ സര്‍വ്വീസ് സംഘടനകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്. ഈ നടപടികളോട് പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എസ് സുദീപ്.
സാലറി മാറ്റിവയ്ക്കാനുള്ള ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തെങ്കിലും തന്റെ ഒരു മാസത്തെ ശമ്പളം നാടിനു വേണ്ടി നല്‍കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എസ് സുദീപ്. വീട് വാടക, വൈദ്യുതി, വെള്ളം, പത്രം തുടങ്ങി കണ്ണടയുടെ രൂപ വരെ നല്‍കുന്നത് സര്‍ക്കാരാണ്. അതിനാല്‍ ഒരു മാസത്തെ ശമ്പളമെങ്കിലും നാടിനു നല്‍കേണ്ടത് എന്റെ ചുമതലയാണ്, അത് നിറവേറ്റുക തന്നെ ചെയ്യും എന്നാണ് പതിനെട്ടു വര്‍ഷമായി വിചാരണ കോടതി ജഡ്ജിയായി ജോലി ചെയ്യുന്ന എസ് സുദീപ് പറയുന്നത്.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഹൈക്കോടതി ജസ്റ്റിസുമാരെയും ചീഫ് ജസ്റ്റിസിനെയും ശമ്പളം പിടിക്കുന്നവരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രജിസ്ട്രാര്‍ ജനറല്‍ സര്‍ക്കാരിന് കത്തയച്ച സാഹചര്യത്തിലാണ് എസ് സുദീപിന്റെ കുറിപ്പിന് പ്രാധാന്യം ഏറുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്:
ഒരു മാസത്തെ ശമ്പളമെങ്കിലും നാടിനു നല്‍കേണ്ടത് എന്റെ ചുമതലയാണ്, അത് നിറവേറ്റുക തന്നെ ചെയ്യും.
വിചാരണ കോടതി ജഡ്ജിയായി ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് പതിനെട്ടു വര്‍ഷമായി.
മാസശമ്പളം: ?1,43,000
മറ്റ് ആനുകൂല്യങ്ങള്‍:
– വീട്ടു വാടക കിട്ടും. ?20,000 പ്രതിമാസ വാടകയുള്ള വീടെടുക്കാം. മെട്രോ നഗരങ്ങളില്‍ അതിലധികം വാടകയുള്ള വീടെടുക്കാം. (ജില്ലാ ജഡ്ജിമാര്‍ക്ക് ?30,000 ആണെന്നു തോന്നുന്നു ഇതര സ്ഥലങ്ങളിലും വാടക.)
– കേന്ദ്ര സര്‍ക്കാര്‍ ഡിഎ ആണ്. അത് എല്ലാ വര്‍ഷവും കൃത്യമായി ജനുവരി ഒന്ന്, ജൂലൈ ഒന്ന് തീയതികളില്‍ വര്‍ദ്ധിപ്പിക്കും.
– ഔദ്യോഗിക വാഹനം അല്ലെങ്കില്‍ പ്രതിമാസം 50 ലിറ്റര്‍ പെട്രോള്‍/ഡീസല്‍ തുക.
– വീട്ടിലെ വൈദ്യുതി, വെള്ളം എന്നിവയുടെ പകുതി സര്‍ക്കാര്‍ തരും.
– രണ്ടു പത്രങ്ങള്‍, ഒരു ആനുകാലികം എന്നിവയുടെ തുക.
– മൂന്നു വര്‍ഷത്തിലൊരിക്കല്‍ ?6,000 റോബ് അലവന്‍സ്.
– നാലു വര്‍ഷത്തിലൊരിക്കല്‍ ഇന്ത്യയിലെവിടെയും കുടുംബസമേതം വിനോദയാത്ര പോകാന്‍ വിമാന ടിക്കറ്റ് കൂടാതെ പത്തു ദിവസത്തെ കാഷ്വല്‍ ലീവ് സറണ്ടര്‍ തുകയും.
– രണ്ടു വര്‍ഷത്തിലൊരിക്കല്‍ ഏണ്‍ഡ് ലീവ് സറണ്ടര്‍ വഴി ഒരു മാസത്തെ അധിക ശമ്പളം.
– കണ്ണടയുടെ ഫ്രെയിമിന് ?5,000. ലെന്‍സിന്റെ തുകയ്ക്ക് പരിധിയില്ല.
– ഏത് ആശുപത്രിയില്‍ ചികിത്സിച്ചാലും ജഡ്ജിക്കും കുടുംബത്തിനും മെഡിക്കല്‍ റീ-ഇംബേഴ്‌സ്‌മെന്റ്. റിട്ടയര്‍ ചെയ്ത ശേഷവും ജഡ്ജിക്ക് ടി ആനുകൂല്യം.
(പേ റിവിഷന്‍ നടപ്പിലായിട്ടില്ല, 2016 ജനുവരി ഒന്നു മുതല്‍ പിന്‍കാല പ്രാബല്യത്തോടെ നടപ്പിലാകേണ്ടതാണ്)
ഇതില്‍ മെഡിക്കല്‍, കണ്ണട, വിനോദയാത്ര ആനുകൂല്യങ്ങളില്‍ പത്തു പൈസ പോലും ഈയുള്ളവന്‍ നാളിതുവരെ കൈപ്പറ്റിയിട്ടുമില്ല.
ഒരു മാസത്തെ ശമ്പളമെങ്കിലും നാടിനു നൽകേണ്ടത് എന്റെ ചുമതലയാണ്, അത് നിറവേറ്റുക തന്നെ ചെയ്യും.വിചാരണ കോടതി ജഡ്ജിയായി ജോലി…
Posted by S Sudeep on Tuesday, April 28, 2020
Discussion about this post