പത്തനംതിട്ട: ശബരിമലയില്‍ കാണിക്ക ഇടരുതെന്ന ബിജെപി പ്രചരണത്തിന് എതിരെ തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ രംഗത്ത്. ശബരിമലയെ തകര്‍ത്ത് സ്വകാര്യ ക്ഷേത്രങ്ങളെ പ്രമോട്ട് ചെയ്യാനുള്ള ശ്രമമാണിതെന്നും, ആര് വിചാരിച്ചാലും ദേവസ്വം ബോര്‍ഡിനെ തകര്‍ക്കാന്‍ കഴിയില്ലെന്നും പത്മകുമാര്‍ പറഞ്ഞു.
കാണിക്ക നല്‍കാതെ തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ തകര്‍ക്കാമെന്ന് ആരും കരുതേണ്ട. ദേവസ്വം ബോര്‍ഡിലെ ജീവനക്കാരെയും പെന്‍ഷന്‍കാരെയും ദ്രോഹിക്കുന്ന നടപടിയില്‍ നിന്നും ഇത്തരക്കാര്‍ പിന്മാറണം. ശബരിമലയ്ക്കായി വാദിക്കുന്നവര്‍ തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ചെറിയ ക്ഷേത്രങ്ങളെ തിരിഞ്ഞുപോലും നോക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ദേവസ്വം ബോര്‍ഡില്‍ ആരും കാണിക്ക ഇടരുതെന്നും, കാണിക്ക ഇടാതിരിക്കാന്‍ ബിജെപി ഭക്തരോട് ആഹ്വാനം ചെയ്തിട്ടുണ്ടെന്നും ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.