തിരുവനന്തപുരം: ഒരുവര്‍ഷമായി സര്‍വീസില്‍നിന്നു വിട്ടുനില്‍ക്കുന്ന രാജുനാരായണസ്വാമി ഐഎഎസിന് പത്തുദിവസത്തിനകം വിശദീകരണം നല്‍കണമെന്ന നിര്‍ദേശവുമായി സംസ്ഥാന സര്‍ക്കാരിന്റെ കത്ത്. ജോലിയില്‍നിന്നു രാജിവച്ചെന്നു കണക്കാക്കാതിരിക്കാനും സര്‍വീസില്‍ തിരികെയെത്താന്‍ അവസാന അവസരം പ്രയോജനപ്പെടുത്തണമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
രാജുനാരായണസ്വാമി ഒരു വര്‍ഷവും 10 ദിവസവും കഴിഞ്ഞിട്ടും തിരികെ ജോലിയില്‍ കയറിയിട്ടില്ല. അഖിലേന്ത്യാ സര്‍വീസ്നിയമത്തിലെ അവധിചട്ടം 7(2)(എ) അനുസരിച്ച് അനധികൃതമായി ഒരു വര്‍ഷത്തിലേറെ ജോലിക്കെത്തിയില്ലെങ്കില്‍ ആ ഉദ്യോഗസ്ഥന് രാജിവെച്ചതായി കണക്കാക്കാം.
ഈ സാഹചര്യത്തിലാണ് വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ രാജുനാരായണസ്വാമിക്ക് കത്തയച്ചത്. ഈ കാലയളവില്‍ എവിടെയായിരുന്നുവെന്നത് വ്യക്തമാക്കണമെന്നും ഇതുവരെയുണ്ടായ വീഴ്ചകള്‍ക്കെല്ലാം വിശദീകരണം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
ജനങ്ങള്‍ക്ക് ലഭിക്കേണ്ട ഒരു നേട്ടവും താങ്കളുടെ സേവനങ്ങളില്‍നിന്ന് ഉണ്ടായിട്ടില്ല. സര്‍ക്കാരുകള്‍ ജനങ്ങളെ സേവിക്കാന്‍ നല്കിയ അവസരങ്ങളെല്ലാം താങ്കള്‍ പാഴാക്കി. എങ്ങനെയാണ് താങ്കള്‍ ഇത്തരമൊരു തലത്തിലേക്ക് വന്നതെന്ന് ആത്മപരിശോധനയും അവലോകനവും നടത്തേണ്ട സമയമാണെന്ന് കത്തില്‍ ഓര്‍മിപ്പിക്കുന്നു.
Discussion about this post