തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ സമൂഹവ്യാപനം കണ്ടെത്താനായി പരിശോധനകള്‍ വ്യാപിപ്പിക്കും. ഇതിനായി ഒരുലക്ഷം റാപ്പിഡ് ആന്റിബോഡി ടെസ്റ്റ്കിറ്റുകള്‍ എച്ച്.എല്‍.എല്‍. വഴി വാങ്ങും. ആരോഗ്യപ്രവര്‍ത്തകരടക്കം പത്തോളംപേര്‍ക്ക് രോഗം പടര്‍ന്നത് എവിടെനിന്നെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല.
മെഡിക്കല്‍ സര്‍വീസസ് കോര്പ്പറേഷന് വിളിച്ച ടെന്‍ഡറില്‍ എച്ച്.എല്‍.എല്‍. യോഗ്യത നേടി. കിറ്റിന്റെ ഗുണനിലവാരപരിശോധന തിരുവനന്തപുരം പബ്ലിക് ഹെല്‍ത്ത് ലാബില്‍ തുടങ്ങി. നടപടികളെല്ലാം പൂര്‍ത്തിയായാല്‍ ഒരാഴ്ചയ്ക്കകം ഒരുലക്ഷം കിറ്റുകള്‍ എച്ച്.എല്‍.എല്‍. കൈമാറും. ഇതോടൊപ്പം ഒരു അമേരിക്കന്‍ കമ്പനിയില്‍നിന്ന് ഒരുലക്ഷം കിറ്റുകള്‍ വാങ്ങാനും നീക്കം നടക്കുന്നുണ്ട്. ഒരാഴ്ചയ്ക്കകം ഇതും ലഭിച്ചേക്കുമെന്നാണ് വിവരം.
മുന്‍ഗണനാവിഭാഗം ഒന്ന് -ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവര്‍ക്കായി 25,000 കിറ്റുകള്‍ കൈമാറും. ഇതില്‍ കൊറോണ രോഗികളെ കൈകാര്യംചെയ്ത ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് 10,000 കിറ്റുകള്‍. മറ്റുള്ള ജീവനക്കാര്‍ക്കായി 15,000 കിറ്റുകളാണ് നീക്കിവെക്കുക. പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ അഞ്ചും സാമൂഹികാരോഗ്യകേന്ദ്രങ്ങളില്‍ 10 കിറ്റും താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികള്‍ക്ക് 20 കിറ്റുകളും വീതം കൈമാറും.
മുന്‍ഗണനാവിഭാഗം രണ്ട് -ഡ്യൂട്ടിയിലുള്ള പോലീസുകാര്‍, ഫീല്‍ഡ് ലെവല്‍ ആരോഗ്യ പ്രവര്‍ത്തകര്‍, തദ്ദേശസ്ഥാപനങ്ങളില്‍നിന്ന് വിന്യസിച്ചിട്ടുള്ളവര്‍, അങ്കണവാടി പ്രവര്‍ത്തകര്‍. 20,000 കിറ്റുകള്‍ ഇവര്‍ക്കാണ്. ഓരോ ജില്ലയിലും പോലീസുകാര്‍ക്ക് 500 കിറ്റുകള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 500 കിറ്റുകള്‍, തദ്ദേശ സ്ഥാപനങ്ങളിനിന്നുള്ളവര്ക്ക് 500 കിറ്റുകള്‍, അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് 300 കിറ്റുകള്‍ എന്നിങ്ങനെ ഉപയോഗിക്കും.
ഓരോ ജില്ലയ്ക്കും 1800 കിറ്റുകളെങ്കിലും നല്‍കാനാണ് ആലോചിക്കുന്നത്. റേഷന്‍കടയില്‍ ജോലിചെയ്യുന്നവര്‍, ഭക്ഷ്യസാധനങ്ങള്‍ വിതരണംചെയ്യുന്നവര്‍, സാമൂഹിക അടുക്കളയുടെ നടത്തിപ്പുകാര്‍ എന്നിവര്‍ക്കായി 5000 കിറ്റുകള്‍ നീക്കിവെക്കും. 350 കിറ്റുകളാണ് ഓരോ ജില്ലയ്ക്കും നല്‍കുക. മുന്‍ഗണനാവിഭാഗം മൂന്ന് -വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് 25,000 കിറ്റുകള്‍, മുന്‍ഗണനാവിഭാഗം നാല് -അറുപതിനുമുകളില്‍ പ്രായമുള്ളവര്‍ക്ക് 20,000 കിറ്റുകള്‍ എന്നിവ നല്‍കും. സാമൂഹികനീതി വകുപ്പ് ഡയറക്ടറാണ് ഇതിനുള്ള പട്ടിക തയ്യാറാക്കുക.
റാന്‍ഡം പരിശോധനയില്‍ 3056 സാമ്പിളുകള്‍ ശേഖരിച്ചു. ആരോഗ്യവകുപ്പ് പുറത്തിറക്കിയ റാപ്പിഡ് ടെസ്റ്റിനുള്ള മാര്ഗരേഖയനുസരച്ചാണ് സാമ്പിളുകള്‍ ശേഖരിച്ചത്. അതിന്റെ ഫലം വന്നുകൊണ്ടിരിക്കുകയാണ്. അതേസമയം, സംസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകരടക്കം പത്തോളംപേര്‍ക്ക് രോഗം പടര്‍ന്നത് എവിടെനിന്നെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. ഇത്തരം ഉറവിടമറിയാത്ത രോഗികളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്.
Discussion about this post