കോഴിക്കോട്: മകളുടെ എംബിബിഎസ് പഠനത്തിനായി സ്വരുക്കൂട്ടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്കി മാതൃകയായി ഒരു പിതാവ്. കോഴിക്കോട് സ്വദേശിയായ മധുസൂദനനാണ് അഞ്ചു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.
കൊടിനാട്ട് മുക്കില്‍ ഫുഡ് കാറ്ററിംഗ് നടത്തുന്ന മധുസൂദനന്റെ മകള്‍ ലക്ഷ്മിപ്രിയക്ക് മെറിറ്റില്‍ മെഡിസിന് സീറ്റ് ലഭിച്ചിരുന്നു. എന്നാല്‍ മകളുടെ പഠനത്തിനായി സ്വരൂപിച്ച അഞ്ച് ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്കാന് മധുസൂദനന് തീരുമാനിക്കുകയായിരുന്നു. അഞ്ചു ലക്ഷം രൂപയുടെ ചെക്ക് ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി.
മെറിറ്റില്‍ സീറ്റ് ലഭിച്ചതിനാല്‍ കുറച്ച് പണം മാത്രം മതിയാവും. അതുകൊണ്ടുതന്നെ നല്ലൊരു തുക ദുരിതാശ്വാസ നിധിയിലേക്ക് നല്കുന്ന കാര്യം മധുസൂദനന് പറഞ്ഞപ്പോള്‍ ഭാര്യയ്ക്കും മക്കള്‍ക്കും സമ്മതം. ഒളവണ്ണ ചുങ്കം റോഡിലെ എച്ച് എം കേറ്ററിംഗ് സര്‍വീസാണ് മധുസൂദനനന്റെയും കുടുംബത്തിന്റെയും വരുമാനമാര്‍ഗം.
മകള്‍ ലക്ഷ്മിപ്രിയയുടെ ആഗ്രഹപ്രകാരം എംബിബിഎസിന് പഠിപ്പിക്കാമെന്ന് മധുസൂദനന് ഉറപ്പ് നല്‍കിയിരുന്നു. ചിട്ടികളിലും നാട്ടിന്‍പുറത്തെ കുറിക്കമ്പനികളിലും ചേര്‍ന്ന് പണം നിക്ഷേപിച്ചു.
പിതാവ് നടത്തിക്കൊണ്ടിരുന്ന ചായക്കട മധുസൂദനനന്‍ പിന്നീട് ഏറ്റെടുത്ത് നടത്തുകയായിരുന്നു. ഇപ്പോള്‍ കാറ്ററിംഗ് സര്‍വീസ് മാത്രമേയുള്ളു. പുലര്‍ച്ചെ മുതല്‍ രാത്രി വരെ നീളുന്നതാണ് ജോലി. മൂത്തമകന് ബിടെക് വിദ്യാര്‍ഥിയാണ്.
Discussion about this post