തിരുവനന്തപുരം: പ്രതിപക്ഷനേതാവിനെ പരിഹസിച്ച് ധനമന്ത്രി തോമസ് ഐസക് രംഗത്ത്. ശബരിമലയിലെ കോടതി വിധിയുടെ പകര്‍പ്പ് പോലും ലഭിക്കുന്നതിന് മുമ്പേ ചാടിയിറങ്ങി പുറപ്പെട്ട മുഖ്യമന്ത്രി ടൈറ്റാനിക്കിന്റെ കാര്യം ഓര്‍ക്കുന്നത് നല്ലതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് തോമസ് ഐസകിന്റെ പ്രതികരണം
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗാന്ധിജിയുടെ സമുദ്രയാത്ര വിലക്കാന്‍ യോഗം ചേര്‍ന്നവരുടെ പിന്‍ഗാമിയാണെന്ന് അതേസമയം ആ വിലക്ക് മറികടന്ന് സമുദ്രയാത്ര നടത്താന്‍ തീരുമാനിച്ച ഗാന്ധിജിയുടെ നിലപാടിനൊപ്പമാണ് ഇടതുപക്ഷ സര്‍ക്കാര്‍ എന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തോമസ് ഐസകിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം…
വിശ്വാസസംരക്ഷണമെന്ന മഞ്ഞുകട്ടയില്‍ ഇടിച്ചു സവര്‍ണരാഷ്ട്രീയത്തില്‍ മുങ്ങിത്താണുകൊണ്ടിരിക്കുകയാണ് തന്റെ കപ്പല്‍ എന്ന് രമേശ് ചെന്നിത്തല മനസിലാക്കി വരുമ്പോഴും കേരളത്തിലെ കോണ്‍ഗ്രസ് വല്ലാത്ത പതനത്തില്‍ പെട്ടുകഴിഞ്ഞിരിക്കും. ഫേസ് ബുക്ക് കുറിപ്പില്‍ പ്രതിപക്ഷ നേതാവ് ഉപയോഗിച്ച ടൈറ്റാനിക്കിന്റെ ഉപമ അറം പറ്റുന്നതാണ്. നവോത്ഥാനരാഷ്ട്രീയം ഇത്ര ആഴത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടും, സ്ത്രീയ്ക്ക് ആര്‍ത്തവാശുദ്ധിയുണ്ടെന്ന പ്രാകൃതവിശ്വാസത്തിന്റെ ചുഴിയില്‍ ഇപ്പോഴും കിടന്നു കറങ്ങുകയാണ് കേരളത്തിന്റെ പ്രതിപക്ഷ നേതാവ്.
മുഖ്യമന്ത്രിയെ അദ്ദേഹം ടൈറ്റാനിക്കിന്റെ ചരിത്രം ഓര്‍മ്മിപ്പിക്കുന്നു. രമേശ് ചെന്നിത്തലയോട് ചോദിക്കട്ടെ; ടൈറ്റാനിക് മുങ്ങുമ്പോള്‍ സമുദ്രയാത്ര സംബന്ധിച്ചു നിലനിന്ന സവര്‍ണ വിശ്വാസമെന്തായിരുന്നു? സമുദ്രയാത്ര നടത്തിയാല്‍ ജാതിഭ്രഷ്ട് നിലനിന്ന കാലമാണ് അദ്ദേഹം മറക്കുന്നത്. ആ വിലക്കുകള്‍ ഇന്നെവിടെ?
ജാത്യാചാരം മറികടന്ന് ലണ്ടന്‍ യാത്രയ്‌ക്കൊരുങ്ങിയ ഗാന്ധിജിയോട് അദ്ദേഹത്തിന്റെ സമുദായത്തിന്റെ പ്രതികരണവും നമ്മുടെ പ്രതിപക്ഷ നേതാവ് പഠിക്കണം. ഗാന്ധിയുടെ സമുദ്രയാത്ര വിലക്കാന്‍ സമുദായ നേതൃത്വം നടത്തിയ ശ്രമങ്ങള്‍ അദ്ദേഹം തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ആചാരവും വിശ്വാസവും മറികടന്ന് ലണ്ടനില്‍ പോകാനായിരുന്നു ഗാന്ധിജിയുടെ തീരുമാനം.
ഗാന്ധിജിയുടെ സമുദ്രയാത്ര വിലക്കാന്‍ യോഗം ചേര്‍ന്നവരുടെ പിന്‍ഗാമിയാണ് നിര്‍ഭാഗ്യവശാല്‍ രമേശ് ചെന്നിത്തല. ആ വിലക്ക് മറികടന്ന് സമുദ്രയാത്ര നടത്താന്‍ തീരുമാനിച്ച ഗാന്ധിജിയുടെ നിലപാടിനൊപ്പമാണ് ഇടതുപക്ഷ സര്‍ക്കാര്‍.
വൈക്കം സത്യഗ്രഹത്തിന്റെ കാര്യമൊക്കെ രമേശ് ചെന്നിത്തല ഓര്‍മ്മിപ്പിക്കുന്നുണ്ട്. ആ സമരത്തിന് നേതൃത്വം നല്‍കിയ പഴയ കെപിസിസി നേതൃത്വത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളേണ്ടത് പ്രതിപക്ഷ നേതാവ് അടക്കമുള്ള ഇന്നത്തെ കോണ്‍ഗ്രസ് നേതാക്കളാണ്. അവര്‍ണരെന്ന് മുദ്രയടിക്കപ്പെട്ടവര്‍ക്ക് പൊതുവഴി നിഷിദ്ധമാക്കിയത് അന്നത്തെ ആചാരമായിരുന്നു. അവരെ കണ്ടാലും തൊട്ടാലും തീണ്ടലുണ്ടാകുമെന്ന് വിലക്ക് ഏര്‍പ്പെടുത്തിയവര്‍ വിശ്വസിച്ചിരുന്നു. ആ ആചാരത്തിനും വിശ്വാസത്തിനും എതിരായിരുന്നു വൈക്കം സത്യഗ്രഹം.
അവര്‍ണര്‍ പൊതുവഴി ഉപയോഗിച്ചപ്പോഴും ക്ഷേത്രപ്രവേശനം നടത്തിയപ്പോഴും വികാരം കൊണ്ടവരും ഹൃദയവേദന അനുഭവിച്ചവരുമുണ്ട്. ചരിത്രപുസ്തകങ്ങള്‍ വായിച്ചാല്‍ അവരെ രമേശ് ചെന്നിത്തലയ്ക്കു പരിചയപ്പെടാവുന്നതാണ്. നമ്മുടെ പ്രതിപക്ഷ നേതാവ് അക്കാലത്താണ് ജീവിച്ചിരുന്നതെങ്കില്‍ എന്തു നിലപാടായിരിക്കും എടുക്കുക.
ആലോചിക്കേണ്ട വിഷയമാണത്.