തൃശ്ശൂര്‍: പോലീസിനു നേരം കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ഗുണ്ടാതലവന്‍ രക്ഷപ്പെട്ടു. ഒപ്പമുണ്ടായിരുന്ന നാല് പേരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. മനക്കൊടി വെളിയന്നൂര്‍ പള്ളിമാക്കല്‍ രോഹിത് കുമാര്‍ (22), പുരടക്കല്‍ ജിതിന് (20), കിഴക്കൂട്ട് നിതിന്‍രാഗ് (24), മുളയം ചവറാംപാടം ചുങ്കത്ത് മിഥുന്(22) എന്നിവരാണ് അറസ്റ്റിലായത്.
നഗരമധ്യത്തില്‍ യുവാവിന് നേര്‍ക്ക് വടിവാള്‍ വീശി പഴ്സും പണവും ബൈക്കും കവരാന്‍ ശ്രമിച്ച കേസിലാണ് ഗുണ്ടാസംഘത്തിനെ പൂട്ടാന്‍ പോലീസ് ഇറങ്ങിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഗുണ്ടാ സംഘത്തിന്റെ വീട് പോലീസ് വളഞ്ഞത്. റോഡരികില്‍ ഫോണ്‍ വിളിച്ചുകൊണ്ടു നിന്ന എളവള്ളി സ്വദേശി രോഹിതിന് നേര്‍ക്കായിരുന്നു അക്രമം. പ്രകോപനമൊന്നും കൂടാതെ യുവാവിന് നേര്‍ക്ക് വടിവാള്‍ വീശി പാഞ്ഞടുത്ത സംഘം ബൈക്കിന്റെ താക്കോലും പഴ്സും പണവും പിടിച്ചു വാങ്ങി.
വിവേകിന്റെ നേതൃത്വത്തിലായിരുന്നു അക്രമം. സംഭവ ശേഷം പ്രതികള്‍ കടന്നുകളഞ്ഞുവെങ്കിലും പോലീസ് ഇവരുടെ ഒളിത്താവളം കണ്ടെത്തി വളയുകയായിരുന്നു. ബലപ്രയോഗത്തിലൂടെ നാല് കൂട്ടാളികളെയും കീഴടക്കാന്‍ കഴിഞ്ഞുവെങ്കിലും വിവേക് തോക്കു ചൂണ്ടി. യഥാര്‍ത്ഥ തോക്കാണെന്ന് കരുതി പോലീസ് സംയമനം പാലിച്ച തക്കത്തില്‍ ഇയാള്‍ ഓടി രക്ഷപെടുകയായിരുന്നു.
Discussion about this post