തിരുവനന്തപുരം: പ്രവാസികളെ സ്വീകരിക്കാന്‍ കേരളം പൂര്‍ണ സജ്ജമാണെന്ന് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഇതിനായി വിപുലമായ സൗകര്യങ്ങള്‍ ഒരുക്കി കഴിഞ്ഞൂവെന്നും മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നാട്ടിലേക്കെത്താന്‍ ഇതുവരെ റജിസ്റ്റര്‍ ചെയ്തത് 150 രാജ്യങ്ങളില്‍ നിന്ന് 2,76,000 പേരാണ്. മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ളവരാണ് ഏറ്റവും കൂടുതല്‍ വരാനുള്ളത്. ഇവരെ സ്വീകരിക്കാനുള്ള നടപടിക്രമങ്ങള്‍ക്കായി പ്രത്യേക സമിതിയെ നിയോഗിക്കുകയും അവരുമായി യോഗം ചേര്‍ന്ന് ചര്‍ച്ച നടത്തുകയും ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വിമാനം പുറപ്പെടുന്നതിന് മുമ്പെ തന്നെ യാത്രക്കാരുടെ വിവരങ്ങള്‍ നല്കാന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തോടും വിദേശമന്ത്രാലയത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെ ഓരോ വിമാനത്താവളത്തിലും കളക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക സമിതിയെ നിയോഗിക്കും. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, പോലീസ്, ആരോഗ്യ വിഭാഗം എന്നിവരുടെ പ്രതിനിധികള്‍ സമിതിയില്‍ ഉണ്ടാവും.
രോഗലക്ഷണമുള്ളവരെ വിമാനത്താവളത്തിന് സമീപം തന്നെ നിരീക്ഷണത്തിലാക്കുമെന്നും അല്ലാത്തവരെ വീടുകളില്‍ നിരീക്ഷണത്തിലാക്കുമെന്നും മുഖ്യന്ത്രി പറഞ്ഞു.
വീടുകളില്‍ പോവുന്നവരെ വിമാനത്താവളം മുതല്‍ വീട് വരെ പോലീസ് നിരീക്ഷിക്കും. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് കൃത്യമായ വൈദ്യപരിശോധന ഉറപ്പാക്കും. ഇതിന് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് മേല്‍നോട്ട സമിതിയുണ്ടാവും. ആരോഗ്യ പ്രവര്‍ത്തകര്‍ ഇവരുമായി നിരന്തരം ബന്ധപ്പെട്ട് കാര്യങ്ങള്‍ അന്വേഷിക്കും. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ പറ്റാത്തവരെ സര്‍ക്കാരിന്റെ നിരീക്ഷണ കേന്ദ്രത്തിലാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
നിരീക്ഷണത്തില്‍ തുടരുന്നവര്‍ എല്ലാ ദിവസവും ആരോഗ്യ പ്രവര്‍ത്തകരുമായി മൊബൈല്‍ ഫോണിലൂടെയോ സമൂഹ മാധ്യമങ്ങള്‍ വഴിയോ ആരോഗ്യ സ്ഥിതി വ്യക്തമാക്കണം. അങ്ങനെ ലഭിക്കുന്നില്ലെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലെത്തി കാര്യങ്ങള്‍ അന്വേഷിക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇവരുടെ ലഗേജുകള്‍ കൃത്യമായി വീടുകളില്‍ എത്തിക്കുക സര്‍ക്കാരായിരിക്കും. നിരീക്ഷണ കാലാവധി ഉറപ്പാക്കാനും സഹായം നല്‍കാനും വാര്‍ഡ് തല സമിതികളും ഉണ്ടാവും.
ഓരോ വിമാനത്താവളത്തിലും പ്രവാസികളെ താമസിപ്പിക്കാന്‍ നിരീക്ഷണകേന്ദ്രങ്ങളും ആശുപത്രികളും സജ്ജമാണ്. ഇവയുടെ മേല്‍നോട്ടങ്ങള്‍ക്കായി ഡിഐജിമാര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. നോര്‍ക്കയ്ക്കായിരിക്കും ഇവരെ തിരിച്ചെത്തിക്കാനുള്ള മറ്റ് നടപടികളുടെ ചുമതല.
Discussion about this post