തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കൊവിഡ് പ്രതിരോധങ്ങളെ എങ്ങനെ ദുര്‍ബലപ്പെടുത്താം എന്നാണ് ചിലര്‍ നോക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കൊവിഡ് പ്രതിസന്ധി മറികടക്കുന്നതിന് സര്‍ക്കാര്‍ ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്പളം മാറ്റിവയ്ക്കാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതില്‍ പ്രതികരിക്കുകയായിരുന്നു ധനമന്ത്രി തോമസ് ഐസക്ക്.
ഏതെല്ലാം രീതിയില്‍ സര്‍ക്കാരുമായി നിസ്സഹകരിക്കാം. ഏതെല്ലാം രീതിയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്താം. അതിനൊക്കെ ശ്രമിച്ചു കൊണ്ടിരുക്കുന്ന ഒരു സെറ്റ് ആളുകള്‍ കേരളത്തില്‍ രൂപാന്തരപ്പെട്ടിരിക്കുന്നു എന്നത് അത്യധികം ദൗര്‍ഭാഗ്യകരമായ അവസ്ഥയാണെന്ന് ധനമന്ത്രി പറഞ്ഞു.
ലോകം മുഴുവന്‍ കേരളത്തിന്റെ യോജിപ്പ്, കേരളത്തിന്റെ സോഷ്യല്‍ ക്യാപിറ്റല്‍ എന്നൊക്കെ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ അതിനെയൊക്കെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കുറച്ചുപേര്‍ ഉണ്ടെന്നത് വലിയൊരു തിരിച്ചറിവു തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ കൊണ്ട് ജീവനക്കാരുടെ ശമ്പളം മാറ്റിവെയ്ക്കാന്‍ പറ്റില്ലെങ്കില്‍ ഇനി നിയമപരമായി എന്തു ചെയ്യാന്‍ സാധിക്കുമെന്ന് പരിശോധിക്കും. എന്നാല്‍ വിധിപ്പകര്‍പ്പ് കിട്ടിയതിന് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ സാധിക്കൂ. വിധിപ്പകര്‍പ്പ് വന്നതിനു ശേഷം വിശദമായി പ്രതികരിക്കാമെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്പളം അഞ്ച് മാസം മാറ്റിവെയ്ക്കാനുള്ള സര്‍ക്കാര്‍ ഉത്തരവാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.