കൊച്ചി: കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ഇടുക്കി, കോട്ടയം ജില്ലാ അതിര്‍ത്തികള്‍ പൂര്‍ണ്ണമായും അടച്ചതായി എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ്. വൈറസ് ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ഇരുജില്ലകളെയും റെഡ് സോണായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇത്തരത്തിലൊരു നടപടി സ്വീകരിച്ചിരിക്കുന്നത്
എറണാകുളത്തിന് പുറമെ ആലപ്പുഴ, പത്തനംതിട്ട ജില്ലകളും അതിര്‍ത്തികള്‍ അടച്ചു. അത്യാവശ്യ സര്‍വീസുകള്‍ക്ക് മാത്രമേ ഇനി ഈ ജില്ലകളില്‍ പ്രവേശനാനുമതി ഉള്ളൂ. അടിയന്തര ഘട്ടത്തില്‍ മാത്രമേ ജില്ലവിട്ടുള്ള യാത്രയും അനുവദിക്കുകയുള്ളൂ. അതേസമയം സര്‍വീസ് നടത്തുന്നവരെ പോലീസിന് പുറമെ ആരോഗ്യ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച ശേഷം മാത്രമേ കടത്തിവിടുകയുള്ളൂ.
ഇടുക്കി ജില്ലയില്‍ ഇന്ന് പുതുതായി മൂന്ന് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. തൊടുപുഴ നഗരസഭാ കൗണ്‍സിലറും ജില്ലാ ആശുപത്രിയിലെ നഴ്‌സും ഉള്‍പ്പെടെ മൂന്ന് പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. അതേസമയം ജില്ലയിലെ സ്ഥിതി അതീവ ഗുരുതരമെന്നാണ് ഉന്നതതല യോഗത്തിന് ശേഷം മന്ത്രി എംഎം മണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. കോട്ടയത്ത് വൈറസ് ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ പത്തനംതിട്ട ജില്ല കോട്ടയം, കൊല്ലം അതിര്‍ത്തികള്‍ പൂര്‍ണമായി അടച്ചിട്ടിരിക്കുകയാണ്.