കൊച്ചി; കൊറോണയ്‌ക്കെതിരെ സംസ്ഥാനം ഒന്നടങ്കം ഒറ്റക്കെട്ടായി പൊരുതുകയാണ്. കൈയ്യിലുള്ള നാണങ്ങള്‍വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി കുരുന്നുകളടക്കം പോരാട്ടത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. അതിനിടെ സാലറി ചാലഞ്ചുമായി ബന്ധപ്പെട്ട വിവാദങ്ങളും മറുഭാഗത്ത് കൊഴുക്കുകയാണ്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്ന് ആറ് ദിവസത്തെ ശമ്പളം അഞ്ച് തവണയായി പിടിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ ചില അധ്യാപക സംഘടനകള്‍ സര്‍ക്കുലര്‍ കത്തിച്ച് പ്രതിഷേധിച്ചു. ഇത് വന്‍വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അതേസമയം പ്രളയകലാത്തിന് സമാനമായ രീതിയില്‍ എല്ലാ വിവാദങ്ങളേയും തള്ളി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ ഒഴുകുകയാണെന്ന് പറയുകയാണ് എം സ്വരാജ് എംഎല്‍എ.
ഫേസ്ബുക്ക് പേജിലൂടെയാണ് എം സ്വരാജ് എംഎല്‍എ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞദിവസം വിവാഹിതനായ നടന്‍ മണികഠ്ണന്‍ ഉള്‍പ്പെടെ സംഭാവന നല്‍കിയവരെ കുറിച്ച് എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു. ദുരിതാശ്വാസ നിധിയിലേയ്ക്ക് ഈ സംഭവാനകള്‍ നല്‍കിയവരാരും കോടീശ്വരന്മാരല്ലെന്നും എംഎല്‍എ ചൂണ്ടിക്കാട്ടി.
അവര്‍ സാധാരണക്കാരാണ്. പാവപ്പെട്ടവരാണ്. നാടിന്റെയും സഹജാതരുടെയും സങ്കടം കണ്ടപ്പോള്‍ വ്യക്തിപരമായ ദു:ഖങ്ങള്‍ മാറ്റി വെച്ച് മറ്റുള്ളവര്‍ക്കു വേണ്ടി ഉള്ളതെല്ലാമെടുത്ത് തന്നവരാണ്. ക്ഷേമപെന്‍ഷന്‍ ദുരിതാശ്വാസ നിധിയിലേയ്ക്കു നല്‍കുന്ന അമ്മൂമ്മമാരും അപ്പൂപ്പന്‍മാരും വിഷുക്കൈനീട്ടവുമായി ഓടിയെത്തുന്ന കുഞ്ഞുങ്ങളുമുള്ള ഈ നാടെങ്ങനെയാണ് തോല്‍ക്കുയെന്നും നമ്മളൊരുമിച്ച് അതിജീവിയ്ക്കുമെന്നും എം സ്വരാജ് എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു.
എം സ്വരാജ് എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
നമ്മള്‍ അതിജീവിയ്ക്കും ….
ലോകമാകെ മനുഷ്യരൊന്നായി പൊരുതുകയാണ് . മഹാമാരിയെ ചെറുക്കാന്‍ ഓരോരുത്തരും അവരവര്‍ക്കാവും വിധം പ്രയത്‌നിയ്‌ക്കേണ്ട സമയമാണിത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കഴിയാവുന്ന സംഭാവനകള്‍ നല്‍കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന ഹൃദയം കൊണ്ടാണ് കേരളം കേട്ടത്.
‘കമ്മട്ടിപ്പാട ‘ ത്തിലൂടെ ചലച്ചിത്രാസ്വാദകരുടെ മനംകവര്‍ന്ന ചലച്ചിത്ര താരം ശ്രീ മണികണ്ഠന്റെ വിവാഹമായിരുന്നു ഇന്ന്.
ആഘോഷങ്ങളെല്ലാം ഒഴിവാക്കിയാണ് വിവാഹം നടത്തിയത്. വിവാഹ ചിലവുകള്‍ക്കായി കരുതി വെച്ച തുകയില്‍ നിന്നും 50,000 രൂപ വിവാഹ വേദിയില്‍ വെച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നവദമ്പതികള്‍ സംഭാവന നല്‍കി. തൃപ്പൂണിത്തുറക്കാരനായ മണികണ്ഠനും നവവധുവും നമ്മുടെ നാടിനാകെ അഭിമാനമായി മാറിയിരിയ്ക്കുന്നു.
പ്രളയകാലത്ത് ഏഴു പവനോളം തൂക്കമുള്ള സ്വര്‍ണമാല ദുരിതാശ്വാസ നിധിയിലേയ്ക്ക്
സംഭാവന ചെയ്ത മരടിലെ
ശ്രീമതി ജൂബിലിയുടെ ഭര്‍തൃമാതാവ് 83 വയസുള്ള ശ്രീമതി വള്ളി കുമാരന്‍ ഇന്നു കാലത്ത് അവരുടെ സ്വര്‍ണാഭരണങ്ങള്‍ ദുരിതാശ്വാസ നിധിയിലേയ്ക്ക് തരികയുണ്ടായി. മൂന്നു പവന്‍ തൂക്കമുള്ള രണ്ടു വളയും മോതിരവുമാണ് സന്തോഷത്തോടെ ആ അമ്മ നല്‍കിയത്. പ്രളയകാലത്ത് തന്റെ വാര്‍ദ്ധക്യകാല പെന്‍ഷനും ഇതുപോലെയവര്‍ സംഭാവന ചെയ്തിരുന്നു.
മണികണ്ഠന്റെ വിവാഹ വേദിയില്‍ നിന്നും സംഭാവന കൈപ്പറ്റിയ ശേഷം മടങ്ങുമ്പോഴാണ് പരിചയമില്ലാത്ത നമ്പറില്‍ നിന്നും ഒരു ഫോണ്‍ കോള്‍ വന്നത്. മരട് സ്വദേശിയായ ശ്രീ.രഞ്ജിത്താണ് വിളിയ്ക്കുന്നത്. മഹാരാജാസ് കോളേജില്‍ അധ്യാപകനായിരുന്ന പ്രൊഫ: കെ.കെ.ദിവാകരന്റെ മകനാണദ്ദേഹം. സര്‍വീസില്‍ നിന്നും വിരമിച്ച ശേഷം പിതാവിന്റെ പേരില്‍ ഒരു ഫൗണ്ടേഷന്‍ രൂപീകരിച്ച് പ്രവര്‍ത്തിയ്ക്കുകയാണ്. കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്ന അദ്ദേഹത്തിന് ലോക്ക്ഡൗണിന് മുമ്പ് ഫീസിനത്തില്‍ ലഭിച്ച 10,100 രൂപ സംഭാവന നല്‍കാന്‍ താല്‍പര്യമുണ്ടെന്ന് പറയാനാണ് വിളിച്ചത്. അദ്ദേഹത്തിന്റെ വീട്ടിലെത്തി ചെക്ക് സ്വീകരിച്ചു.
നേരെ പോയത് പൂത്തോട്ടയിലേയ്ക്കാണ് അവിടെ കര്‍ഷകനും കര്‍ഷക സംഘം നേതാവുമായ സ. എം.പി നാരായണ ദാസ് തന്റെ കൃഷിയിടത്തിലെ തെങ്ങുകളില്‍ നിന്നും ഇത്തവണ ലഭിച്ച ആദായം ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കി. 12,500 തേങ്ങയാണ് അദ്ദേഹം നല്‍കിയത്. ബഹു . കൃഷി വകുപ്പു മന്ത്രി സ. വി എസ്. സുനില്‍കുമാറും , സി പി ഐ (എം) ജില്ലാ സെക്രട്ടറി സ. സി എന്‍.മോഹനനും ചേര്‍ന്നാണ് നാളികേരം ഏറ്റുവാങ്ങിയത്.
മരട് സ്വദേശികളായ ദമ്പതികള്‍ ഐ.ജി ശിവജിയും ടി.പി സലോമിയും ഇരുവരുടെയും ഒരു മാസത്തെ പെന്‍ഷന്‍ തുകയായ 46,943 രൂപയാണ് ദുരിതാശ്വാസ നിധിയിലേയ്ക്കു നല്‍കിയത്. ഇന്നു രാവിലെ ചെക്കുകള്‍ കൈമാറി.
വൈറ്റില പൊന്നുരുന്നിയിലെ കാട്ടുനിലത്ത് ഷിന്‍സി സുരേന്ദ്രന്‍ തന്റെ ജന്മദിനാഘോഷം വേണ്ടെന്നു വെച്ച് ആഘോഷത്തിന്നായി കരുതിയിരുന്ന 10001 രൂപ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കി .
നെട്ടൂരിലെ 86 വയസുള്ള ഭിന്നശേഷിക്കാരിയായ സരസ്വതി ബ്രാഹ്മണിയമ്മ തന്റെ രണ്ടു മാസത്തെ വികലാംഗ പെന്‍ഷനാണ് ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് സന്തോഷത്തോടെ നല്‍കിയത്.
നെട്ടൂരില്‍ തന്നെയുള്ള കെ.പി ഷണ്‍മുഖനും തന്റെ രണ്ടു മാസത്തെ വാര്‍ദ്ധക്യകാല പെന്‍ഷന്‍ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് നല്‍കി. ലോട്ടറി കച്ചവടം നടത്തി ഉപജീവനം നടത്തുന്നയാളാണ് ഷണ്‍മുഖന്‍ . ലോക്ക് ഡൗണായതിനാല്‍ ലോട്ടറി കച്ചവടം നിലച്ചിരിയ്ക്കുമ്പോഴും തന്റെ വാര്‍ദ്ധക്യകാല പെന്‍ഷന്‍ നാടിനു വേണ്ടി നല്‍കാന്‍ സ്വമേധയാ അദ്ദേഹം മുന്നോട്ടു വരികയായിരുന്നു.
നെട്ടൂരിലെ താമരക്കുളത്ത് ശ്രീമതി .കെ .ടി.രാധ തന്റെ വാര്‍ദ്ധക്യകാല പെന്‍ഷന്‍ കുടിശിക സഹിതം സര്‍ക്കാര്‍ അനുവദിച്ചത് പൂര്‍ണമായി ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കി. 8,500 രൂപയാണ് സംഭാവനയായി നല്‍കിയത്.
എരൂര്‍ അമേപ്പുറത്ത് വീട്ടില്‍ തിബിന്‍ കുമാറിന്റെ മക്കളായ സ്വാതിയും ശ്രുതിയും തങ്ങള്‍ക്ക് കിട്ടിയ വിഷുക്കൈനീട്ടവും സമ്പാദ്യക്കുടുക്കയിലെ പണവും പടക്കം പൊട്ടിയ്ക്കാന്‍ മാറ്റി വെച്ച തുകയും ചേര്‍ത്ത് 5,010 രൂപ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കി.
ഉദയംപേരൂരിലെ നെട്ടാനക്കുഴിയില്‍ ഘോഷ് കുമാറിന്റെ മക്കളായ മീനാക്ഷിയും മാളവികയും തങ്ങള്‍ക്ക് വിഷുക്കൈനീട്ടമായി കിട്ടിയ 2400 രൂപയും അമ്മൂമ്മ കനകമ്മയുടെ വാര്‍ദ്ധക്യകാല പെന്‍ഷനും ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കി.
പനങ്ങാട് ചേപ്പനത്ത് സി പി ഐ (എം) ലോക്കല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്റെ മകള്‍ നിളയ്ക്ക് വിഷുക്കൈനീട്ടമായി ലഭിച്ച 1180 രൂപ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കി.
എരൂരിലെ അയല്‍ക്കാരായ കൊച്ചു കൂട്ടുകാര്‍ കാര്‍ത്തിക D/o ജയേഷ്,
നിരഞ്ജന ബൈജു D/o ബൈജു ,
അനന്തു രാജീവന്‍ s/o രാജീവന്‍ ,
ജിറോഷ് എം എക്‌സ് s/o സേവ്യര്‍ ,
മാധവ് പ്രകാശ് s/o സന്തോഷ് ,
ക്രിസ്റ്റി സേവ്യര്‍ s/o സേവ്യര്‍ എന്നിവര്‍ തങ്ങളുടെ വിഷുക്കൈനീട്ടമായി 730 രൂപ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കി.
തിരുവാങ്കുളം സ്വദേശി മധു മാധവന്റെ മകള്‍ നക്ഷത്ര മധുവിന് വിഷുക്കൈനീട്ടമായി ലഭിച്ച 1000 രൂപ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറി.
പെന്‍ഷനേഴ്‌സ് യൂണിയന്‍ ഭാരവാഹി കൂടിയായ തൃപ്പൂണിത്തുറയിലെ ശ്രീ.രാമചന്ദ്രന്‍ നായര്‍ പെന്‍ഷനില്‍ നിന്നും 15,000 രൂപയാണ് ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കിയത്. എല്ലാ പെന്‍ഷന്‍കാരും ആവുംവിധം ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കണമെന്ന് അദ്ദേഹം സുഹൃത്തുക്കളോട് അഭ്യര്‍ത്ഥിയ്ക്കുന്നു.
അഭിഭാഷകനായ നെട്ടൂരിലെ ടി.ആര്‍. ഹരികൃഷ്ണന്‍ 5000 രൂപ സംഭാവന നല്‍കി.
സഹോദരി ടി.ആര്‍ ലക്ഷ്മിയുടെ ഉടമസ്ഥതയിലുള്ള കമല്‍ റസ്റ്റ് ഹൗസ് പൂര്‍ണമായും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് താമസിയ്ക്കാന്‍ സൗജന്യമായി വിട്ടു നല്‍കാനുള്ള സമ്മതപത്രവും നല്‍കി.
എരൂര്‍ കണിയാമ്പുഴയ്ക്കടുത്ത് താമസിയ്ക്കുന്ന പെന്‍ഷന്‍കാരനായ പാലപ്പറമ്പില്‍ അനിയപ്പന്‍ 15,000 രൂപ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് സന്തോഷത്തോടെ കൈമാറി.
ഷിപ്പ് യാര്‍ഡിലെ ഫയര്‍ വാച്ച്മാനായ നെട്ടൂര്‍ വെളിപറമ്പില്‍ വി.കെ സുരേഷ് 5000 രൂപ ദുരിതാശ്വാസ നിധിയിലേയ്ക്ക് സന്തോഷപൂര്‍വം കൈമാറി.
ബാലസംഘം തൃപ്പൂണിത്തുറ ഏരിയാ കമ്മിറ്റിയിലെ കൂട്ടുകാര്‍ 25000 രൂപ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കി.
തൃപ്പൂണിത്തുറ പീപ്പിള്‍സ് അര്‍ബന്‍ ബാങ്കിന്റെയും ജീവനക്കാരുടെയും സംഭാവനയായി 30 ,90 ,502 രൂപ ബാങ്ക് ചെയര്‍മാന്‍ സ. സി.എന്‍ സുന്ദരന്‍ കൈമാറി.
ഈ കുറിപ്പ് എഴുതിക്കൊണ്ടിരിയ്ക്കുമ്പോഴാണ് ഉദയംപേരൂര്‍ എസ്എന്‍ഡിപി ഹയര്‍ സെക്കന്റെറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീ ഇ.ജി ബാബുവിന്റെ ഫോണ്‍ കോള്‍ വന്നത് .
അധ്യാപകന്‍ എന്ന നിലയില്‍ ഈ മാസത്തെ ശമ്പളം കൈപ്പറ്റുന്നത് ജോലി ചെയ്യാതെയാണെന്നും ജോലി ചെയ്യാതെ ശമ്പളം വാങ്ങുന്നത് ശരിയല്ലെന്നും
ആ തുക പൂര്‍ണമായും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ഫണ്ടിലേയ്ക്കു നല്‍കാന്‍ ഉദ്ദേശിയ്ക്കുന്നുവെന്നുമാണ് ബാബു മാഷ് പറഞ്ഞത്. അദ്ദേഹത്തോടൊപ്പം ഭാര്യയും ഹൈസ്‌ക്കൂള്‍ വിഭാഗം അധ്യാപികയുമായ ശ്രീമതി എന്‍ എസ് അജിതയും ഈ മാസത്തെ ശമ്പളം പൂര്‍ണമായും നാടിനു വേണ്ടി നല്‍കുകയാണ്. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി എന്‍.സി .ബീനയും തന്റെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കാന്‍ തീരുമാനിച്ചു . നാളെ കാലത്ത് മൂന്നു പേരില്‍ നിന്നും ദുരിതാശ്വാസ നിധിയിലേയ്ക്ക് അവരുടെ ഒരു മാസത്തെ ശമ്പളം ഏറ്റുവാങ്ങും.
മാതൃകകള്‍ തീര്‍ക്കുന്ന അധ്യാപകരുടെ കാലം കഴിഞ്ഞെന്ന വിമര്‍ശനങ്ങള്‍ക്കിടയിലാണ് ബാബു മാഷും ബീന ടീച്ചറും അജിത ടീച്ചറും ശരിയായ അധ്യാപകമാതൃക സൃഷ്ടിയ്ക്കുന്നത്.
ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള
സംഭാവന ജനപ്രതിനിധി എന്ന നിലയില്‍ എന്റെ കയ്യിലേല്‍പിച്ചവരുടെ വിവരമാണ് മുകളില്‍ കൊടുത്തത്. തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലെ നല്ലവരായ നൂറുകണക്കിനാളുകള്‍ ബാങ്ക് വഴിയും മറ്റും ദുരിതാശ്വാസ നിധിയിലേയ്ക്ക് അകമഴിഞ്ഞ സംഭാവനകള്‍ ഇതിനോടകം നല്‍കിയിട്ടുണ്ട്. പലരും ആ വിവരങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. നാം നമ്മുടെ കടമ നിര്‍വഹിയ്ക്കുകയാണ്.
മുകളില്‍ പേരു പറഞ്ഞവരാരും കോടീശ്വരന്മാരല്ല. സാധാരണക്കാരാണ്. പാവപ്പെട്ടവരാണ്. നാടിന്റെയും സഹജാതരുടെയും സങ്കടം കണ്ടപ്പോള്‍ വ്യക്തിപരമായ ദു:ഖങ്ങള്‍ മാറ്റി വെച്ച് മറ്റുള്ളവര്‍ക്കു വേണ്ടി ഉള്ളതെല്ലാമെടുത്ത് തന്നവരാണ് …
ക്ഷേമപെന്‍ഷന്‍ ദുരിതാശ്വാസ നിധിയിലേയ്ക്കു നല്‍കുന്ന അമ്മൂമ്മമാരും അപ്പൂപ്പന്‍മാരും വിഷുക്കൈനീട്ടവുമായി ഓടിയെത്തുന്ന കുഞ്ഞുങ്ങളുമുള്ള ഈ നാടെങ്ങനെയാണ് തോല്‍ക്കുക ?
ഇല്ല , നമ്മള്‍ തോല്‍ക്കില്ല .
നമ്മളൊരുമിച്ച് അതിജീവിയ്ക്കും.
എം. സ്വരാജ് .
Discussion about this post