വീട്ടുമുറ്റത്ത് വ്യത്യസ്തമായൊരു കല്ല്യാണ പന്തല്‍ ഒരുക്കി കട്ടപ്പന പാറക്കടവ് സ്വദേശി ആഗസ്തി. മകന്റെ കല്ല്യാണത്തിനാണ് വീട്ടുമുറ്റത്ത് പച്ചക്കറി കൃഷി കൊണ്ട് ഗംഭീര പന്തല്‍ ഒരുക്കിയത്. പയറും, പാവലും കൊണ്ട് പ്രകൃതി സൗഹൃദ കല്ല്യാണ പന്തല്‍.
കട്ടപ്പന പറക്കടവ് പാലത്തറ ജിജോയുടെ വിവാഹം മൂന്നു മാസം മുമ്പാണ് ഉറപ്പിച്ചത്. വിവാഹത്തിന് കാലതാമസമുണ്ടെന്ന് അറിഞ്ഞതോടെ ജിജോയുടെ പിതാവ് ആഗസ്തി വ്യത്യസ്തമായ ഒരു കല്യാണ പന്തലിനെ കുറിച്ച് ചിന്തിച്ചു. കൃഷിക്കാരനായ ആഗസ്തി അങ്ങനെയാണ് പച്ചക്കറി പന്തലിനെ കല്യാണ പന്തലാക്കാന്‍ തീരുമാനിച്ചത്. പ്രധാന വഴിയില്‍ നിന്ന് വീട്ടുമുറ്റത്തേക്ക് നൂറടിയോളം ദൂരമുണ്ട്. ഈ വഴിയുടെ ഇരുവശവുമുണ്ടായിരുന്ന കല്ലുകള്‍ നീക്കി വിത്തിട്ടു. രണ്ട് മാസം കഴിഞ്ഞതോടെ പയറും പാവലുമൊക്കെ വിളവെത്തി.
വഴിയുടെ ഇരുവശങ്ങളിലും മുകളിലും മുറ്റം വരെ പയറും പാവലും നിറഞ്ഞു. പ്രളയകാലത്തായിരുന്നു കൃഷിയിറക്കിയത്. പക്ഷേ മഹാപ്രളയത്തിനും ആഗസ്തിയുടെ കര്‍ഷക മനസിനെ ഇളക്കാനായില്ല. ജിജോയും ഭാര്യ ജോഷ്വയും വിവാഹചടങ്ങുകള്‍ക്കു ശേഷം പച്ചപൊതിഞ്ഞ പച്ചക്കറി പന്തലിലൂടെ പുതുജീവിതത്തിലേയ്ക്ക് നടന്നു കയറി. കാര്‍ഷിക സംസ്‌കാരത്തിന്റെ മഹത്വം വിവാഹ ചടങ്ങിന് എത്തിയവരിലേയ്ക്കും പകരാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആഗസ്തിയെന്ന ഈ കര്‍ഷകന്‍.
കടപ്പാട് മനോരമ ന്യൂസ്
Discussion about this post