കൊച്ചി: സാലറി ചാലഞ്ചിന്റെ സര്‍ക്കുലര്‍ കത്തിച്ച് പ്രതിഷേധിച്ച ഒരു കൂട്ടം അധ്യാപകര്‍ക്കെതിരെയാണ് ഇന്ന് സോഷ്യല്‍മീഡിയ വിമര്‍ശനം തൊടുക്കുന്നത്. ഉള്ളതും സ്വരുക്കൂട്ടിയതും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കേരളം ഒരുപോലെ നല്‍കുമ്പോഴാണ് ഒരു കൂട്ടരുടെ ഈ പ്രകടനങ്ങള്‍. ഇപ്പോള്‍ ഈ നടപടിക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് സന്ദീപ് ദാസ്.
ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. സാലറി ചലഞ്ചിന്റെ സര്‍ക്കുലര്‍ കത്തിച്ചു കളഞ്ഞ ശേഷം ഫോട്ടോയ്ക്ക് പോസ്റ്റ് ചെയ്തവര്‍ നടന്‍ മണികണ്ഠനെ കണ്ടു പഠിക്കട്ടെയെന്നാണ് സന്ദീപ് ദാസ് കുറിച്ചിരിക്കുന്നത്. വിവാഹത്തിന് വേണ്ടി മാറ്റിവച്ചിരുന്ന പണം കോവിഡ് പോരാട്ടത്തനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത നടപടിയെ ചൂണ്ടിക്കാണിച്ചാണ് അധ്യാപകര്‍ക്കെതിരെ വിമര്‍ശനം തൊടുത്തിരിക്കുന്നത്.
കഷ്ടപ്പാടുകളിലൂടെ വളര്‍ന്നാണ് മണികണ്ഠന്‍ ഈ നിലയിലെത്തിയത്. അത് അദ്ദേഹം തന്നെ തുറത്തു പറഞ്ഞിട്ടുമുണ്ട്. ഇതെല്ലാം കോര്‍ത്തിണക്കിയാണ് അധ്യാപകര്‍ക്കുള്ള മറുപടിയും നല്‍കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
സാലറി ചലഞ്ചിന്റെ സര്‍ക്കുലര്‍ കത്തിച്ചതിനുശേഷം അഭിമാനപൂര്‍വ്വം ഫോട്ടോയ്ക്ക് പോസ് ചെയ്ത കുറേ അദ്ധ്യാപകരെ സമൂഹമാദ്ധ്യമങ്ങളില്‍ കണ്ടിരുന്നു.കൊറോണ മൂലം നമ്മുടെ നാട് സമാനതകളില്ലാത്ത ദുരിതം അനുഭവിക്കുകയാണ്.രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ നെട്ടോട്ടമോടുന്ന പട്ടിണിപ്പാവങ്ങള്‍ വരെ കിട്ടിയതെല്ലാം നുളളിപ്പെറുക്കി സംഭാവന ചെയ്യുന്ന സമയമാണ്.അപ്പോഴാണ് ചില അദ്ധ്യാപകര്‍ ഇത്തരമൊരു കൊടുംക്രൂരത പ്രവര്‍ത്തിച്ചത് !
അതുപോലുള്ള അദ്ധ്യാപകരൊക്കെ മണികണ്ഠന്‍ എന്ന അഭിനേതാവിന്റെ ശിഷ്യത്വം സ്വീകരിക്കണം.കമ്മട്ടിപ്പാടത്തിലെ ബാലന്‍ ചേട്ടന്റെ വിവാഹം കഴിഞ്ഞിരിക്കുന്നു.കല്യാണത്തിനുവേണ്ടി മാറ്റിവെച്ചിരുന്ന മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെത്തി. ഇതുകേള്‍ക്കുമ്പോള്‍ ചിലരെങ്കിലും ചോദിക്കും-”മണികണ്ഠന്‍ വലിയ സിനിമാനടനല്ലേ?രജനീകാന്തിനൊപ്പം വരെ അഭിനയിച്ചതല്ലേ? അപ്പോള്‍ കുറച്ച് പണം കൊടുക്കുന്നത് അത്ര പ്രയാസമുള്ള കാര്യമാണോ?’ മണികണ്ഠന്റെ വേരുകളെക്കുറിച്ച് ധാരണയില്ലാത്തവര്‍ മാത്രമേ അത്തരമൊരു അഭിപ്രായം പറയുകയുള്ളൂ.
പണ്ട് കൊച്ചിയില്‍ ഒരു പുറമ്പോക്ക് സ്ഥലമുണ്ടായിരുന്നു.അവിടെ ചപ്പുചവറുകളുടെ കൂമ്പാരവും പൊട്ടക്കുളവുമുണ്ടായിരുന്നു.’തീട്ടപ്പറമ്പ് ‘ എന്ന് അറിയപ്പെട്ടിരുന്ന ആ പ്രദേശത്ത് ഒരു ഓലപ്പുരയുണ്ടായിരുന്നു.മണികണ്ഠന്‍ ജനിച്ചതും വളര്‍ന്നതും അവിടെയാണ്.അതുപോലൊരു അടിത്തറയെക്കുറിച്ച് അദ്ദേഹത്തിന് അഭിമാനം മാത്രമേയുള്ളൂ.
മണികണ്ഠന്‍ ചെയ്യാത്ത ജോലികളൊന്നുമില്ല.സ്വര്‍ണ്ണപ്പണി ചെയ്തിട്ടുണ്ട്.മാര്‍ക്കറ്റില്‍ മീന്‍ മുറിച്ചിട്ടുണ്ട്.ഭക്ഷണം കണ്ടാല്‍ നാവില്‍ വെള്ളമൂറുമെന്ന് മണികണ്ഠന്‍ പറയാറുണ്ട്.തൊട്ടാല്‍ പൊള്ളിപ്പോവുന്ന തരം വാക്കുകളാണത്.ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും പൊള്ളല്‍! സിനിമാനടനായി മാറിയിട്ടും മണികണ്ഠന്റെ കഷ്ടപ്പാടുകള്‍ അവസാനിച്ചിരുന്നില്ല.ണ്ടഅദ്ദേഹത്തിന് കൈനിറയെ സിനിമകളൊന്നുമില്ലല്ലോ.പഴയ കാലത്തിന്റെ മുറിവുകള്‍ എളുപ്പം ഉണങ്ങുകയുമില്ല.ഈയടുത്ത് മാത്രമാണ് സ്വന്തമായി ഒരു വീടുവെച്ചത്.അതിനുവേണ്ടി പലരോടും കടം വാങ്ങുകയും ബാങ്ക് ലോണുകള്‍ എടുക്കുകയും ചെയ്തു.
ഒരുപാട് വിയര്‍പ്പൊഴുക്കി പണിതുയര്‍ത്തിയ വീടിന്റെ പൂമുഖത്തിരുന്ന് മണികണ്ഠന്‍ പറഞ്ഞു-”ഞാനിവിടെ നിറയെ പുസ്തകങ്ങള്‍ വാങ്ങിവെച്ചിട്ടുണ്ട്.എന്റെ മക്കള്‍ വളര്‍ന്നുവരുമ്പോള്‍ അവരുടെ കൈയ്യില്‍ കിട്ടുന്നത് പുസ്തകങ്ങളായിരിക്കണം.എനിക്കും ഒരു ബാല്യമുണ്ടായിരുന്നു.പക്ഷേ എന്റെ കുഞ്ഞിക്കൈകളില്‍ കിട്ടിയത് സിഗററ്റും ബീഡിയും ബ്രാണ്ടിക്കുപ്പിയും മാത്രമായിരുന്നു.ആ അവസ്ഥ എന്റെ മക്കള്‍ക്ക് വരരുത്….” ഇതുപോലുള്ള കനല്‍വഴികള്‍ കടന്നാണ് മണികണ്ഠന്‍ ഇവിടംവരെയെത്തിയത്.ഈ ജീവിതാനുഭവങ്ങള്‍ മണികണ്ഠനെ അഭിനയത്തില്‍ സഹായിച്ചിട്ടുണ്ടാവാം.കമ്മട്ടിപ്പാടത്തിലെ ബാലന്‍ ”കൈയ്യടിക്കടാ” എന്ന് അലറിയപ്പോള്‍ നാം അറിയാതെ കൈയ്യടിച്ചുപോയത് അതുകൊണ്ടാണ്.
മനുഷ്യര്‍ക്ക് ഒരു പ്രത്യേകതയുണ്ട്.വന്ന വഴി നാം നിസ്സാരമായി മറക്കും.എന്നാല്‍ മണികണ്ഠന്‍ അങ്ങനെയല്ല.സംസ്ഥാന അവാര്‍ഡിന്റെ തിളക്കത്തില്‍ നില്‍ക്കുന്ന സമയത്തും അദ്ദേഹം മത്സ്യത്തൊഴിലാളിയായിരുന്നു.ഇങ്ങനെയൊക്കെയാണ് ഒരാള്‍ സിനിമയിലും സിനിമയ്ക്കുപുറത്തും ഹീറോ ആകുന്നത്. മുണ്ടുമുറുക്കി ജീവിച്ച കാലത്ത് എത്ര പേര്‍ മണികണ്ഠനെ പരിഹസിച്ചിട്ടുണ്ടാവും? വേണമെങ്കില്‍ സ്വന്തം വിവാഹം മണികണ്ഠന് ആര്‍ഭാടപൂര്‍വ്വം നടത്താമായിരുന്നു.പണ്ട് പുച്ഛിച്ചവരെ ക്ഷണിച്ചുവരുത്തി ഭക്ഷണം നല്‍കാമായിരുന്നു.അവരുടെ മുന്നില്‍ വിജയശ്രീലാളിതനായി നില്‍ക്കാമായിരുന്നു. അങ്ങനെ പകവീട്ടാനുള്ള മോഹം മനുഷ്യസഹജമാണ്.
പക്ഷേ മണികണ്ഠന്‍ ആ രീതിയില്‍ ചിന്തിച്ചില്ല.അദ്ദേഹത്തിന് മനുഷ്യത്വമുണ്ട്.ദിവസവേതനം കൊണ്ട് ജീവിക്കുന്ന മനുഷ്യരോട് ഐക്യപ്പെടേണ്ടതുണ്ട് എന്ന തിരിച്ചറിവ് മണികണ്ഠനുണ്ട്.അതുകൊണ്ടാണ് അദ്ദേഹം നാടിനുവേണ്ടി പണം നല്‍കിയത്.ലളിതമായി വിവാഹം നടത്തിയത് ഒരു വലിയ കാര്യമായി തോന്നുന്നില്ല എന്നും മണികണ്ഠന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഓരോ നാണയത്തുട്ടിന്റെയും വില അറിയാവുന്ന മണികണ്ഠന്‍മാര്‍ വാരിക്കോരി കൊടുക്കുമ്പോഴാണ് ചില പ്രിവിലേജ്ഡ് ആയ അദ്ധ്യാപകര്‍ സര്‍ക്കാര്‍ ഉത്തരവ് കത്തിച്ചത്. ചരിത്രം അവരെ ഒറ്റുകാര്‍ എന്ന് വിശേഷിപ്പിക്കും. ”എന്റെ വിവാഹം നിങ്ങള്‍ ഫെയ്‌സ്ബുക്കിലെങ്കിലും ആഘോഷിക്കണം” എന്ന് മണികണ്ഠന്‍ അഭ്യര്‍ത്ഥിച്ചിരുന്നു.ഞങ്ങള്‍ തീര്‍ച്ചയായും ആഘോഷിക്കും പ്രിയസഹോദരാ…
നിങ്ങളെയല്ലാതെ വേറെ ആരെ ആഘോഷിക്കാനാണ്!?
Discussion about this post